നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് ഐ.എന്‍.എല്‍ മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

    ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് ഐ.എന്‍.എല്‍ മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

    തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പി.വി അബ്ദുല്‍ വഹാബ് മൂന്ന് ലക്ഷം രൂപ നല്‍കിയെന്നാണ് ഐ.എന്‍.എല്‍ മലപ്പുറം ജില്ലാ സെക്രട്ടറി അസീസ് ആനക്കയം ഓഡിയോ സന്ദേശത്തില്‍ പറയുന്നത്

    പി.വി അബ്ദുല്‍ വഹാബ്

    പി.വി അബ്ദുല്‍ വഹാബ്

    • Share this:
    കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുസ്ലിം ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് പണം നല്‍കിയതായി ഐ.എന്‍.എല്‍ നേതാലിന്റെ ഓഡിയോ സന്ദേശം. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പി.വി അബ്ദുല്‍ വഹാബ് മൂന്ന് ലക്ഷം രൂപ നല്‍കിയെന്നാണ് ഐ.എന്‍.എല്‍ മലപ്പുറം ജില്ലാ സെക്രട്ടറി അസീസ് ആനക്കയം ഓഡിയോ സന്ദേശത്തില്‍ പറയുന്നത്. അതേസമയം സന്ദേശത്തില്‍ പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അസീസ് ആനക്കയത്തെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു.

    ബദ്ധശത്രുവായ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്ലിം ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് പണം നല്‍കിയെന്നാണ് ശബ്ദ സന്ദേശം ഇരു പാര്‍ട്ടികളിലും ചര്‍ച്ചയായിട്ടുണ്ട്. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ മടങ്ങുന്നതിനിടെ ഐ.എന്‍.എല്‍ മലപ്പുറം ജില്ലാ സെക്രട്ടറി അസീസ് ആനക്കയം മറ്റൊരു പാര്‍ട്ടി നേതാവിന് അയച്ചതാണ് ശബ്ദ സന്ദേശം. അഹമ്മദ് ദേവര്‍കോവിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വലിയ ഫണ്ട് സ്വരൂപിച്ചിട്ടുണ്ടെന്നും ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് മൂന്ന് ലക്ഷം തന്നിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.

    കോഴിക്കോട് സൗത്ത് മണ്ഡലത്തിലായിരുന്നു അഹമ്മദ് ദേവര്‍ കോവില്‍ മത്സരിച്ച് ജയിച്ചത്. മുസ്ലിം ലീഗ് വനിത സ്ഥാനാര്‍ത്ഥി അഡ്വ. നൂര്‍ബിന റഷീദ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ലീഗ് സ്ഥാനാര്‍ത്ഥിയുടെ എതിരാളിക്ക് ലീഗ് നേതാവ് പണം നല്‍കിയെന്ന വെളിപ്പെടുത്തല്‍ മുസ്ലിം ലീഗിലും ചര്‍ച്ചയാണ്.

    Also Read-മതനിന്ദയാരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസ്: കൊറോണ കാരണം മാറ്റിവെക്കില്ല, വിചാരണ തുടരാമെന്ന് ഹൈക്കോടതി

    ഐ.എന്‍.എല്ലിനുള്ളിലെ വിഭാഗീയതയെക്കുറിച്ചും ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. സംസ്ഥാന പ്രസിഡണ്ട് എ.പി അബ്ദുല്‍ വഹാബും ചിലരും പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയ നീക്കങ്ങള്‍ നടത്തുകയാണെന്നാണ് ഓഡിയോയിലെ ആരോപണം. ഇതെക്കുറിച്ച് പാര്‍ട്ടിയിലെ എല്ലാവര്‍ക്കും ഇപ്പോള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇത് മറച്ചുവെക്കാനാണ് അബ്ദുല്‍ വഹാബ് അഹമ്മദ് ദേവര്‍ കോവിലിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സജീവമായതെന്നും സന്ദേശത്തില്‍ പറയുന്നു.

    പി.വി അബ്ദുല്‍ വഹാബില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ വിശദീകരിച്ചു. വിഷയത്തില്‍ ശബ്ദ സന്ദേശമയച്ച അസീസ് ആനക്കയം ഉള്‍പ്പെടെ മൂന്ന് പേരെ പുറത്താക്കിയതായി ഐ.എന്‍.എല്‍. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു.\

    Also Read-മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

    അതേസമയം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മുസ്ലിം ലീഗ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. ലീഗ് ബന്ധമുള്ള ചിലര്‍ സംഘടിപ്പിച്ച പരിപാടികളില്‍ മന്ത്രി പങ്കെടുത്തത് പാര്‍ട്ടിയില്‍ ചര്‍ച്ചയാണ്. ഇതിന് പിന്നാലെയാണ് ലീഗ് നേതാവിന്റെ പണം സ്വീകരിച്ചുവെന്ന ഓഡിയോ സന്ദേശം പുറത്തായത്.

    25 വര്‍ഷം എല്‍.ഡി.എഫിനൊപ്പം നിന്ന ഐ.എന്‍.എല്ലിന് ലഭിച്ച മന്ത്രിപദവി ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളും അഴിമതിയാരോപണങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ വെളിപ്പെടുത്തുന്നതും വെല്ലുവിളിയായിരിക്കയാണ്. വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഐ.എന്‍.എല്‍ നേതാക്കളെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തിരുവവന്തപുരത്തേക്ക് വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു.
    Published by:Jayesh Krishnan
    First published: