നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Christmas 2021| സാദിഖലി തങ്ങള്‍ ബിഷപ്പ് ഹൗസിലെത്തി, കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ചു

  Christmas 2021| സാദിഖലി തങ്ങള്‍ ബിഷപ്പ് ഹൗസിലെത്തി, കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ചു

  സാദിഖലി തങ്ങളും ലീഗ് നേതാക്കളും ബിഷപ്പ് ഹൗസിലെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ പറഞ്ഞു.

  • Share this:
  കോഴിക്കോട്: മുസ്ലിം ലീഗ് (Muslim league) ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് (sadiqali shihab thangal) തങ്ങള്‍ കോഴിക്കോട് രൂപതാ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കലിനെ കണ്ട് ക്രിസ്മസ് ആശംസകള്‍ കൈമാറി. രാവിലെ പതിനൊന്ന് മണിയോടെ മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിലെത്തിയ (Bishop's House) സാദിഖലി തങ്ങളെയും എം കെ മുനീര്‍ എം എല്‍ എ അടക്കമുള്ള ലീഗ് നേതാക്കളെയും ബിഷപ്പ് സ്വീകരിച്ചു. ക്രിസ്മസ് കേക്ക് മുറിച്ച് ഇരുവരും കൈമാറി. പാണക്കാട് ഹൈദരലി തങ്ങളുടെ ക്രിസ്മസ് ആശംസ സാദിഖലി തങ്ങള്‍ ബിഷപ്പിനെ അറിയിച്ചു.

  മതങ്ങളുടെ ആഘോഷ ചടങ്ങുകള്‍ പരസ്പരം സ്‌നേഹം കൈമാറാനുള്ളതായി മാറണമെന്നും ക്രിസ്മസ് ആശംസകള്‍ കൈമാറാനാണ് ബിഷപ്പ് ഹൗസിലെത്തിയതെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. 'മനുഷ്യര്‍ക്ക് പരസ്പരം കൂടിയിരുന്ന് സൗഹൃദം പങ്കുവെക്കാനുള്ള അവസരം കുറഞ്ഞുവരികയാണ്. പഴയ കാലത്ത് ചായക്കടയിലും ആലിന്‍ ചുവട്ടിലുമെല്ലാം മനുഷ്യര്‍ പരസ്പരം കൂടിയിരിക്കാറുണ്ടായിരുന്നു. നഗരവത്കരണം വര്‍ധിച്ചതോടെ ഇതിനുള്ള അവസരം ഇല്ലാതായി. അതുകൊണ്ടാണ് ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. മത ആഘോഷങ്ങളെല്ലാം മനുഷ്യര്‍ ഒരുമിച്ചിരുന്ന് സ്‌നേഹം പങ്കുവെക്കാനുള്ള അവസരമാക്കി മാറ്റണം. കഴിഞ്ഞ വര്‍ഷം മലപ്പുറത്ത് പള്ളിയിലെത്തി ബിഷപ്പിനെ ക്രിസ്മത് ആശംസ കൈമാറിയിരുന്നു'- സാദിഖലി തങ്ങള്‍ പറഞ്ഞു.

  സാദിഖലി തങ്ങളും ലീഗ് നേതാക്കളും ബിഷപ്പ് ഹൗസിലെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ പറഞ്ഞു.' ക്രിസ്മസ് ദിനം സ്‌നേഹത്തിന്റെ സ്‌ഫോടനം നടക്കുന്ന ദിവസമാണ്. ആഗോളവത്കരണം മോശം കാര്യങ്ങളാണ് ലോകത്ത് പ്രചരിപ്പിച്ചത്. എന്നാല്‍ ക്രിസ്മസ് സ്‌നേഹത്തിന്റെ ആഗോളവത്കരണമാണ് നടത്തുന്നത്. ഈ സ്‌നേഹത്തിന്റെ ഭാഗമായാണ് സാദിഖലി തങ്ങള്‍ ഇവിടെയെത്തിയത്. സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം സന്ദര്‍ശനം വഴിവെക്കും'- ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ അറിയിച്ചു.

  Also Read- 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന ആ തീരം' കേരളത്തില്‍ എവിടെയാണെന്ന് അറിയുമോ? ശ്രദ്ധേയമായ കുറിപ്പ്

  നേരത്തെ ഹാഗിയ സോഫിയ വിവാദമുണ്ടായപ്പോള്‍ ക്രൈസ്തവ സഭയില്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്കും ലീഗ് നേതാക്കള്‍ക്കുമെതിരെ കടുത്ത അതൃപ്തി ഉടലെടുത്തിരുന്നു. ലീഗ് നേതൃത്വം വര്‍ഗ്ഗീയ സ്വഭാവമുള്ള നിലപാടെടുക്കുന്നുവെന്നായിരുന്നു വിമര്‍ശനം. സാദിഖലി തങ്ങള്‍ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയ തുര്‍ക്കി ഭരണകൂടത്തിന്റെ നടപടിയെ പിന്തുണച്ചുകൊണ്ട് ചന്ദ്രികയിലെഴുതിയ ലേഖനമാണ് വിവാദമായിരുന്നത്. ഇതിന് പിന്നാലെയായിരുന്നു കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും മലപ്പുറത്തെ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ച് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തത്. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയോടെ ഇരു സമുദായ നേതാക്കളും തമ്മില്‍ പരസ്യ വിമര്‍ശനത്തിലേക്ക് നീങ്ങിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സാദിഖലി തങ്ങള്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.

  ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കുന്നതിനെതിരെ മതയാഥാസ്ഥിതിക വിഭാഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മറ്റു മത ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് മതവിരുദ്ധമാണെന്നാണ് പ്രചാരണം. ഈ സാഹചര്യത്തില്‍കൂടിയാണ് പാണക്കാട് കുടുംബത്തില്‍പ്പെട്ട സാദിഖലി തങ്ങളുടെ സന്ദര്‍ശനം ശ്രദ്ധേയമാകുന്നത്.
  Published by:Rajesh V
  First published:
  )}