മലപ്പുറം: മുസ്ലിംലീഗ് വൈറസ് ആണെന്ന യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് എതിരെ നിയമനടപടിക്ക് ഒരുങ്ങി മുസ്ലിംലീഗ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നല്കുമെന്ന് ലീഗ് നേതാവ് കെ.പി.എ മജീദ് അറിയിച്ചു. അതേസമയം, മോദി സേനാ പ്രയോഗത്തിന്റെ പേരിൽ യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മിഷൻ താക്കീത് ചെയ്തിരുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് മുസ്ലിംലീഗ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. ജനതാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയെ വർഗ്ഗീയമായി അധിക്ഷേപിക്കുന്നു എന്ന പരാതിയുമായാണ് ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക. സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിന് ശേഷം പിറന്ന പാർട്ടിയാണ് മുസ്ലിംലീഗ് എന്നും വിഭജനത്തിലടക്കം ലീഗിന് പങ്കുണ്ടെന്നും യോഗി ആദിത്യനാഥ് ആരോപിക്കുന്നത് ചരിത്രം അറിയാത്തതുകൊണ്ടാണെന്നും മുസ്ലിംലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗി ആദിത്യനാഥിന്റെ വിമർശനം. മുസ്ലിംലീഗ് വൈറസ് ആണെന്നും കോൺഗ്രസിനെ ആ വൈറസ് ബാധിച്ചിരിക്കുകയാണെന്നുമായിരുന്നു ആദിത്യനാഥിന്റെ ആരോപണം. ഇതിനിടെ മോദി സേനാ പ്രയോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗി ആദിത്യനാഥിനെ താക്കീത് ചെയ്തു. പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഇന്ത്യൻ സേനയെ മോദി സേന എന്ന് വിശേഷിപ്പിച്ച യോഗിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.