കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായി ചർച്ച നടന്ന അതേ കാലത്ത് ലീഗ് -ആർഎസ്എസ് ചർച്ച നടന്നെന്നും കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയാണ് ചർച്ചയിൽ പങ്കെടുത്തതെന്നും മുസ്ലിം ലീഗ് മുൻ സെക്രട്ടറി കെ എസ് ഹംസ. മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ജനറൽ കെ എസ് ഹംസ രംഗത്തുവന്നത്.
ലീഗിനെ എൽഡിഎഫിലേക്ക് കൊണ്ടുപോകാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. സോളാർ, ഐസ്ക്രീം പാർലർ വിഷയങ്ങൾ ഉൾപ്പെടെ തുറന്നു പറഞ്ഞിതാനാണ് തന്നെ ലീഗിൽ നിന്നും പുറത്താക്കിയതെന്നും കെ എസ് ഹംസ പറഞ്ഞു. ചന്ദ്രിക പണമിടപാട് കേസിൽ ഇ ഡി യെ കുഞ്ഞാലിക്കുട്ടി സെറ്റിൽ ചെയ്തു. ലീഗിനെ എൽഡിഎഫിലേക്ക് കൊണ്ടുപോകാൻ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത് എ ആർ നഗർ ബാങ്ക് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനാണ്.
വിഷയത്തിൽ നിരന്തരം ആരോപണമുന്നയിച്ച കെ ടി ജലീലുമായി കുഞ്ഞാലികുട്ടി ഒത്തുതീർപ്പുണ്ടാക്കിയതായും കെഎസ് ഹംസ ആരോപിച്ചു. സാദിഖലി തങ്ങൾപോലും കുഞ്ഞാലിക്കുട്ടിയ്ക്ക് വിധേയപ്പെട്ടിരിക്കുന്ന സ്ഥിതിയാണ്.
സോളാർ കേസിൽ പി കെ കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടതിന് തെളിവുണ്ടെന്ന് കെ എസ് ഹംസ ആരോപിച്ചു. സരിതയെ ബഷീറലി തങ്ങളുടെ അടുത്തേക്ക് പറഞ്ഞുവിട്ടത് കുഞ്ഞാലിക്കുട്ടിയാണെന്ന് സോളാർ കമ്മീഷൻ റിപ്പോർട്ടിലെ 116മത്തെ പേജിലുണ്ടെന്നും കെ എസ് ഹംസ ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.