HOME » NEWS » Kerala » MUSLIM LEAGUE RULE OUT OPPOSITION LEADER VD SATHEESAN IN MINORITY SCHOLARSHIP ISSUE AR TV

80:20 ന്യൂനപക്ഷ സ്കോളർഷിപ്പ്: വി.ഡി സതീശനെ തള്ളി മുസ്ലിം ലീഗ്; ഒരു മണിക്കൂറിനുള്ളിൽ നിലപാട് തിരുത്തി പ്രതിപക്ഷനേതാവ്

മുസ്ലിം വിഭാഗത്തിന് നഷ്ടം ഒന്നും ഉണ്ടായിട്ടില്ല എന്ന്  വി ഡി സതീശൻ പറഞ്ഞതാണ് വിവാദമായത്. ഇതിനെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ രംഗത്തെത്തി

News18 Malayalam | news18-malayalam
Updated: July 17, 2021, 2:35 PM IST
80:20 ന്യൂനപക്ഷ സ്കോളർഷിപ്പ്: വി.ഡി സതീശനെ തള്ളി മുസ്ലിം ലീഗ്; ഒരു മണിക്കൂറിനുള്ളിൽ നിലപാട് തിരുത്തി പ്രതിപക്ഷനേതാവ്
വി ഡി സതീശൻ
  • Share this:
കോട്ടയം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയം യുഡിഎഫിനുള്ളിൽ  കടുത്ത ഏറ്റുമുട്ടൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് കാരണമായത്. യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗ് സതീശന് എതിരെ രംഗത്ത് വന്നതാണ് മുന്നണിക്കുള്ളിലെ സംഘർഷം  പുറത്തു വരാൻ കാരണമായത്.

ഇന്ന് രാവിലെ കോട്ടയത്ത്  മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ച് വിഡി സതീശൻ പറഞ്ഞത് ഇങ്ങനെ. 'യുഡിഎഫ് നിർദ്ദേശമനുസരിച്ചാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. സർക്കാറിന് ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർവ്വകക്ഷി യോഗത്തിൽ എന്തെങ്കിലും പറയാൻ ഉണ്ടായിരുന്നില്ല. യുഡിഎഫ് ഒറ്റക്കെട്ടായി എല്ലാ അഭിപ്രായങ്ങളും മുന്നോട്ടു വയ്ക്കുകയാണ് ഉണ്ടായത്. നിലവിലെ സ്കോളർഷിപ്പ് നിർത്തലാക്കാൻ പാടില്ല എന്ന പ്രധാനപ്പെട്ട നിർദ്ദേശമാണ് യുഡിഎഫ് സർക്കാരിനു മുന്നിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റു വിഭാഗങ്ങൾക്കും സ്കോളർഷിപ്പ് വേണമെന്ന അഭിപ്രായം സർക്കാരിന് മുന്നിൽ യുഡിഎഫ് വെച്ചു. ഇതു രണ്ടും അംഗീകരിക്കപ്പെട്ടു. ഉത്തരവിൽ പല ന്യൂനതകളും ഉണ്ട്. ഈ ന്യൂനതകൾ പരിഹരിക്കപ്പെടണം. മുസ്ലിംലീഗ് ഉന്നയിച്ച ആവശ്യം യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യും'- സതീശൻ പറഞ്ഞു.

Also Read- 80:20 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരിക്കാനുള്ള തീരുമാനം: സര്‍ക്കാറിനെതിരെ കാന്തപുരവും സമസ്തയും

അതേസമയം മുസ്ലിം വിഭാഗത്തിന് നഷ്ടം ഒന്നും ഉണ്ടായിട്ടില്ല എന്ന്  വി ഡി സതീശൻ പറഞ്ഞതാണ് വിവാദമായത്. ഇതിനെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ രംഗത്തെത്തി. കാര്യങ്ങൾ അറിയാതെയാണ് സതീശൻ പ്രതികരിക്കുന്നത് എന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. സർക്കാർ ഉത്തരവിലൂടെ വലിയ നഷ്ടമാണ് മുസ്ലിം വിഭാഗങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. ഇത് അംഗീകരിക്കാനാകില്ല എന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

മുസ്ലിംലീഗ് കടുത്ത നിലപാട് വ്യക്തമാക്കിയതോടെ വിഡി സതീശൻ വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തി നിലപാട് വിശദീകരിച്ചു. മുസ്ലിംലീഗ് പറഞ്ഞ അഭിപ്രായം  സർക്കാർ പരിഗണിക്കണം എന്ന് തന്നെയാണ്  താനും പറഞ്ഞതെന്ന് വി ഡി സതീശൻ പറഞ്ഞു . മുസ്ലിം സമുദായത്തിന്  സർക്കാർ ഉത്തരവിൽ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നും വി ഡി സതീശൻ തിരുത്തി. മുസ്ലിം സമുദായത്തിന് മാത്രമായി ഉണ്ടായിരുന്ന ഒരു പദ്ധതി നിർത്തലാക്കിയത് നഷ്ടമാണ് എന്ന് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതായി വി ഡി സതീശൻ വിശദീകരിക്കുന്നു. തന്റെ പ്രസ്താവന എന്ത് എന്ന് ഇ ടി മുഹമ്മദ് ബഷീറിന് മനസ്സിലായിട്ടുണ്ടാവില്ല എന്നും വിഡി സതീശൻ പറഞ്ഞു.

മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായി എന്ന  പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന താനുമായി ആലോചിച്ചശേഷം കൂടിയാണ് എടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ഫോണിൽ വിളിച്ച് സംസാരിച്ചതായി വി ഡി സതീശൻ പറഞ്ഞു. ഇത്തരം ആലോചനകൾക്ക് ശേഷമാണ് മുസ്ലിം ലീഗ് പ്രതികരണം നടത്തിയത്. ഇത്തരം ആലോചനകളെ കുറിച്ച് ഇ ടി മുഹമ്മദ് ബഷീർ അറിഞ്ഞിട്ടുണ്ടാവില്ല എന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടുന്നു. കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ   ക്രിസ്ത്യൻ സമുദായങ്ങൾക്ക് സംവരണം കൊണ്ടുവരാനുള്ള ഹൈക്കോടതി നിർദേശത്തെ സ്വാഗതം ചെയ്തിരുന്നു. യുഡിഎഫിൽ പല പാർട്ടികൾക്കും പല അഭിപ്രായമാണുള്ളത് എന്നർത്ഥം. അതുകൊണ്ട് കൂടിയാണ് ആരെയും മുറിവേൽപ്പിക്കാതെ ഉള്ള ഒരു മൃദു പ്രസ്താവനയിലേക്ക് വി ഡി സതീശൻ മാറിയത് എന്നാണ് സൂചന. ഏതായാലും തർക്കങ്ങൾ യു ഡി എഫ് ചർച്ച ചെയ്യുമെന്നാണ് വി ഡി സതീശൻ പറയുന്നത്. യുഡിഎഫിൽ ആകെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി ഇത് മാറുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.
Published by: Anuraj GR
First published: July 17, 2021, 2:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories