നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Samastha vs Muslim League|'ലീഗുണ്ടായത് കൊണ്ടാണ് ദീന്‍ ഉണ്ടായത്'; സമസ്തക്ക് മുന്നറിയിപ്പുമായി ലീഗ് സെക്രട്ടറി

  Samastha vs Muslim League|'ലീഗുണ്ടായത് കൊണ്ടാണ് ദീന്‍ ഉണ്ടായത്'; സമസ്തക്ക് മുന്നറിയിപ്പുമായി ലീഗ് സെക്രട്ടറി

  'ആദ്യം ലീഗാണോ, സുന്നിയാണോ മുജാഹിദാണോ എന്ന് ചോദിക്കുന്നവരോട്, നിങ്ങള്‍ ഈ കാണുന്ന സ്വാതന്ത്ര്യമെല്ലാം ഭരണഘടനാ പരിരക്ഷ കൊണ്ട് കിട്ടിയതാണ്."

  • Share this:
  കോഴിക്കോട്: വഖഫ് (Waqf )വിഷയത്തില്‍ ലീഗ് തീരുമാനത്തെ തള്ളിയ സമസ്തയെ (Samastha) ചരിത്രം ഓര്‍മ്മിപ്പിച്ച് മുസ്ലിം ലീഗ് (Muslim League) സെക്രട്ടറി ഷാഫി ചാലിയം. ലീഗ് സ്ഥാപക നേതാവ് മുഹമ്മദ് ഇസ്ലമായില്‍ സാഹിബ് ഭരണഘടനാ രൂപീകരണ ചര്‍ച്ചയില്‍ മത സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചതുകൊണ്ടാണ് ദീനീ പ്രബോധനത്തിന് സാധിച്ചതെന്നാണ് ഷാഫി ചാലിയത്തിന്റെ യുട്യൂബ് (Youtube)പ്രസംഗം. ലീഗാണോ സമസ്തയാണോ മുജാഹിദ് ആണോ വലുതെന്ന ചോദ്യം ചോദിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണമെന്ന് ഷാഫി ചാലിയം വ്യക്തമാക്കുന്നു.

  'ആദ്യം ലീഗാണോ, സുന്നിയാണോ മുജാഹിദാണോ എന്ന് ചോദിക്കുന്നവരോട്, നിങ്ങള്‍ ഈ കാണുന്ന സ്വാതന്ത്ര്യമെല്ലാം ഭരണഘടനാ പരിരക്ഷ കൊണ്ട് കിട്ടിയതാണ്. അത് മനസ്സിലാക്കണം. സഭയില്‍ വെച്ച് ചെറിയൊരു പ്രയോഗം, ഇഷ്ടമുള്ള മതം സ്വീകരിക്കാനും വര്‍ജ്ജിക്കുവാനും എന്നുള്ള സ്വാതന്ത്ര്യം എന്ന ഭാഗം വന്നപ്പോള്‍, ഇസ്ലമായീല്‍ സാഹിബ് അവിടെ ഇടപെടുകയാണ്.

  എന്നിട്ട് അത് മാത്രം പോര നെഹ്രുജി, പ്രൊപ്പൊഗേഷന്‍, ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും വേണം, പ്രബോധനം ചെയ്യാനുള്ള സ്വാതന്ത്ര്യം വേണം എന്ന് പറഞ്ഞു. ആ വാക്ക് പറയാന്‍ ഇസ്മായീല്‍ സാഹിബ് വിട്ടുപോയിരുന്നുവെങ്കിലും ലീഗ് വിട്ടുപോയിരുന്നുവെങ്കില്‍ ഈ രാജ്യത്ത് വയള്(മതപ്രഭാഷണം) നടക്കൂല. ഈ രാജ്യത്ത് മദ്രസയുണ്ടാവില്ല. ദീനീപരമായ ഒരു അടയാളവുമുണ്ടാവില്ല. കാരണം പ്രബോധനം ചെയ്യാനുള്ള അവകാശത്തിന് പുറത്താണ് ഇതെല്ലാമുണ്ടായത്. അപ്പോള്‍ മുസ്ലിം ലീഗ് പോരാടി നേടി ഭരണഘടനയില്‍ എത്തിച്ച സംരക്ഷണത്തിന് പുറത്താണ് നിങ്ങള്‍ ദീനുണ്ടാക്കുന്നത്. സുന്നിയുണ്ടാക്കിയത്, മുജാഹിദുണ്ടാക്കിയത്, അറബിക്കോളജുണ്ടാക്കിയത്, നിങ്ങള്‍ മഹാ സമ്മേളനങ്ങള്‍ നടത്തിയത്. ഏതാ വലുതെന്ന് നിങ്ങള്‍ തീരുമാനിക്ക്. മുസ്ലിം ലീഗ് പോരാട്ടം നടത്തി ഇത്തരം അവകാശം നേടിത്തന്നിട്ടില്ലായിരുന്നുവെങ്കില്‍ നിങ്ങളുടെ ഗതിയെന്തായാകുമായിരുന്നുവെന്ന് ചിന്തിക്കാനുള്ള ബുദ്ധിയെങ്കിലും വേണം. അതാ പറയുന്നത് ഇത് നിലനില്‍ക്കണം. ഇതുണ്ടെങ്കിലേ സുന്നിയും മുജാഹിദുമെല്ലമുള്ളൂ'- ഇതാണ് ഷാഫി ചാലിയത്തിന്റെ പ്രസംഗം.

  Also Read-'Waqf സമരത്തിൽ ലീഗിന്റെ ലക്ഷ്യം തട്ടിപ്പുകൾ പുറത്തുവരാതിരിക്കൽ മാത്രം ; മത സംഘടനകൾ ഏറെ വൈകാതെ ലീഗിൽ നിന്നകലും': ടി കെ ഹംസ

  വഖഫ് വിഷയത്തില്‍ പള്ളിയില്‍ പ്രതിഷേധിക്കാനുള്ള ലീഗ് തീരുമാനത്തിന് സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങള്‍ അനുമതി നിഷേധിച്ചതോടെയാണ് പുതിയ വിവാദമുണ്ടായത്. ലീഗ് തീരുമാനങ്ങള്‍ സമസ്തയിലൂടെ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ തീരുമാനിച്ചതോടെ വിമര്‍ശനം ശക്തമായി. സമസ്ത അണികള്‍ ഭൂരിഭാഗവും ലീഗ് രാഷ്ട്രീയ പക്ഷത്തുള്ളവരാണ്.

  Also Read-'പിന്നോക്കവിഭാഗം വിദ്യാർത്ഥികൾക്ക് ഇനി 45 വയസു വരെ എം.ഫിൽ/പി.എച്ച്.ഡി കോഴ്സിന് ആനുകൂല്യം'; മന്ത്രി കെ രാധാകൃഷ്ണൻ

  എന്നാല്‍ ലീഗും സമസ്തയും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ ഈ അണികള്‍ ഏത് പക്ഷത്ത് നില്‍ക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ലീഗാണോ സമസ്തയാണോ വലുതെന്ന ചോദ്യമാണ് ഇപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് മുമ്പിലുള്ളത്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് ലീഗുണ്ടെങ്കിലേ സമസ്തയുണ്ടാകൂവെന്ന പ്രസ്താവനയുമായി ലീഗ് നേതാവ് ഷാഫി ചാലിയം രംഗത്തെത്തിയത്.

  1989ല്‍ ഇതേ ചോദ്യം ഉയര്‍ന്നപ്പോഴാണ് സമസ്തയില്‍ ആദ്യ പിളര്‍പ്പുണ്ടായത്. ലീഗ് പക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനാകില്ലെന്നും നിഷ്പക്ഷ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ ഒരു വിഭംഗം വനിലപാടെടുത്തതോടെയായിരുന്നു അത്. നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്ന് വാദിച്ച എ.പി വിഭാഗം പിന്നീട് മറ്റൊരു സമസ്ത രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.

  പിന്നീട് ലീഗ് അനുകൂല പക്ഷത്ത് നിലയുറപ്പിച്ച സമസ്ത ഇ.കെ വിഭാഗം കുറച്ച് കാലമായി സ്വതന്ത്ര നിലപാട് സ്വീകരിച്ചുവരികയാണ്. സമസ്തയുടെ ഈ നിലപാട് രാഷ്ട്രീയമായി ലീഗിന് തിരിച്ചടിയാണ്. അതിന്റെ ഏറ്റവും ഒടുവിലെ അധ്യായമാണ് വഖഫ് പ്രക്ഷോഭത്തിലുണ്ടായ തിരിച്ചടി. അവസരമൊത്തുവന്നാല്‍ സമസ്തയില്‍ വീണ്ടുമൊരു പിളര്‍പ്പുണ്ടാക്കി ഒരു പക്ഷത്തെ ലീഗിനൊപ്പം നിലനിര്‍ത്താനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് സൂചന.
  Published by:Naseeba TC
  First published: