നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാര്‍ട്ടിക്കകത്തും ദുഷ്ട ശക്തികള്‍, കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിയമ്പുമായി ലീഗ് സെക്രട്ടറി കെ.എസ്. ഹംസ

  പാര്‍ട്ടിക്കകത്തും ദുഷ്ട ശക്തികള്‍, കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിയമ്പുമായി ലീഗ് സെക്രട്ടറി കെ.എസ്. ഹംസ

  പാര്‍ട്ടി സെക്രട്ടറി കെ.എസ്. ഹംസയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

  കെ.എ. ഹംസ

  കെ.എ. ഹംസ

  • Share this:
  കോഴിക്കോട്: സി.എച്ച്. മുഹമ്മദ് കോയയെ പ്രകീര്‍ത്തിച്ചും പി.കെ. കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി വിമര്‍ശിച്ചും പാര്‍ട്ടി സെക്രട്ടറി കെ.എസ്. ഹംസയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. അധികാരം കാല്‍ക്കീഴിലായിട്ടും ദരിദ്രനായാണ് സി.എച്ച്., മരിച്ചതെന്നും സ്വന്തം വീട് പണയം വെച്ച് ചന്ദ്രികയെ വളര്‍ത്തിയെന്നും ഹംസ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒത്തുതീര്‍പ്പും അഡ്ജസ്റ്റ്‌മെന്റും വശമില്ലാതിരുന്ന നേതാവായിരുന്നു സി.എച്ച്. എന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. അഴിമതിയും കള്ളപ്പണവും അരങ്ങുവാഴുമ്പോള്‍ ഒരു ചൂണ്ട് വിരലിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടോയെന്ന ചോദ്യവും ഹംസ ഉന്നയിക്കുന്നുണ്ട്.

  അകത്തും പുറത്തുമുള്ള ദുഷ്ട രാഷ്ട്രീയ മൂലധന ശക്തികളെ പ്രകമ്പനം കൊള്ളിക്കാന്‍ ഇനി എന്ന് മുഴങ്ങും മറ്റൊരു സി.എച്ചിന്റെ സിംഹ ഗര്‍ജനമെന്ന ചോദ്യം കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടിയുള്ളതാണ്. സഹകരണ ഭരണം അരാജകത്വം സൃഷ്ടിക്കുന്നുവെന്ന ഹംസയുടെ പരാമര്‍ശം എ.ആര്‍. നഗര്‍ സഹകണ ബാങ്കിലെ കള്ളപ്പണ നിക്ഷേപക്കേസിനെക്കൂടി ഉദ്ദേശിച്ചാണ്. എ.ആര്‍. നഗര്‍ കേസില്‍ രക്ഷപ്പെടാന്‍ കുഞ്ഞാലിക്കുട്ടി സര്‍ക്കാറുമായി പല തരത്തിലുള്ള ഒത്തുതീര്‍പ്പുകളും നടത്തുന്നുവെന്ന് പാര്‍ട്ടിയിലെ മറുപക്ഷം ആരോപിക്കുന്നുണ്ട്.

  ലീഗില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന നേതാവാണ് കെ.എസ്. ഹംസ. കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചന്ദ്രിക കള്ളപ്പണ വിഷയവും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിയിലെ അനധികൃത ഇടപെടലും ഹംസ ചോദ്യം ചെയ്തിരുന്നു. സി.പി.എമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും കുഞ്ഞാലിക്കുട്ടി പല ഒത്തുതീര്‍പ്പുകളും നടത്തുന്നുവെന്നാണ് പാര്‍ട്ടിയിലെ വിമത വിഭാഗത്തിന്റെ പ്രധാന ആരോപണം. ഈ ആരോപണത്തിന്റെ തുടര്‍ച്ചയായാണ് സി.എച്ച്. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം നടത്തില്ലെന്ന ഹംസയുടെ ഫേസ്ബുക്ക് പോസ്റ്റ്.

  ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ തിരുത്തല്‍ ശബ്ദമായി നില്‍ക്കുന്ന നേതാവ് കൂടിയാണ് കെ.എസ്. ഹംസ. നാളെ ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ചേരാനാരിക്കെ കൂടിയാണ് സി.എച്ചിനെ ഓര്‍മ്മിച്ച് പാര്‍ട്ടി നേതൃത്വത്തിനെതിരെ സംസ്ഥാന സെക്രട്ടറിയുടെ ചൂണ്ടുവിരല്‍ ഉയരുന്നത്.

  സിംഹ ഗര്‍ജ്ജനത്തിന് കാത്തിരിക്കുകയല്ല സ്വയം ഗര്‍ജ്ജനമായി മാറുകയാണ് വേണ്ടതെന്ന് ഹംസയുടെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ട പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. സി.എച്ച്. പാലൂട്ടിയ ചന്ദ്രിക ഇപ്പോള്‍ കള്ളപ്പണ നിക്ഷേപ കേന്ദ്രമായി മാറിയെന്ന കമന്റും പോസ്റ്റിന് താഴെയുണ്ട്.

  ഹംസയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ വായിക്കാം:

  ഇവിടെ ഇത്തിരി നേരം കൂടി നില്കാന്‍ മനസ്സ് മന്ത്രിക്കുന്നു....,
  ഇവിടെയാണാ 'പ്രചോദനവാഹിനീ തീര്‍ത്ഥം' പള്ളിയുറങ്ങുന്നത്.....,
  അവഗണനയാല്‍, അപകര്‍ഷതാബോധത്താല്‍ ഉള്‍വലിഞ്ഞ സമുദായത്തെ തട്ടിയുണര്‍ത്തി, താജ്മഹലും ചെങ്കോട്ടയും കുത്തബ് മിനാറും കാണിച്ചു കൊടുത്തു.... സി.എച്ച്.!,
  അവരുടെ ചിന്താ മണ്ഡലങ്ങളെ ത്രസിപ്പിക്കാന്‍
  കൊര്‍ദോവയെ ചൂണ്ടിക്കാണിച്ചു...സി എച്ച് ,
  ആ സിംഹഗര്‍ജ്ജനം കേള്‍ക്കെ ...
  'ചത്തകുതിര 'കള്‍ സടകുടഞ്ഞെഴുന്നേറ്റ് കണ്‍ഠീരവ ഗര്‍ജ്ജനം മുഴക്കി......!,
  പഴങ്കഞ്ഞി വെള്ളം പോല്‍ തണുത്തുറഞ്ഞ സിരകളിലൂടെ ചുടുരക്തം പതഞ്ഞൊഴുകി..,
  ഉള്ളിലൊരു വൈദ്യുതാഗാതമേറ്റപോലെ, രോമകൂപങ്ങളെടുത്തു നിന്നു...!.,
  ഇരമ്പി വന്ന കുതൂഹലങ്ങളോടു നേര്‍ക്കുനേര്‍ നിന്ന്, അവകാശങ്ങള്‍ തലനാരിഴ പോലും വിട്ടുകൊടുക്കില്ലെന്ന് ഗര്‍ജ്ജിച്ചു... സി എച്ച്,
  അധികാര സോപാനങ്ങളത്രയും കാല്‍കീഴിലൊതുക്കിയിട്ടും മിസ്‌ക്കീനായി വിട പറഞ്ഞ സൂര്യതേജസ്;..,


  മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായപ്പോള്‍ പോലും, സ്വഭവനം ബാങ്കില്‍ പണയം വെച്ച് ചന്ദ്രിക പത്രത്തെ പാലൂട്ടിയ സി.എച്ച്.....,
  രാഷ്ട്രീയ ബാക്കിപത്രമായി, മടിശീലയുടെ കനം മറച്ചുവെക്കാനില്ലാത്തതിനാല്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം സി എച്ചി നാവശ്യമായില്ല....,
  ആദര്‍ശങ്ങളുടെ ആള്‍രൂപത്തിന്ന് അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്‌സും വശമില്ലായിരുന്നു....,
  അഴിമതിയും കള്ളപ്പണവും അരങ്ങ് വാഴുന്ന, ഒരുതരം 'സഹകരണ ഭരണം' അരാജകത്വം സൃഷ്ടിക്കുമ്പോള്‍
  ഒരു ചൂണ്ട് വിരലിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടോ?..
  അതാണ് സി.എച്ച്!,
  അകത്തും പുറത്തുമുള്ള ദുഷ്ട രാഷ്ട്രീയ- മൂലധനശക്തികളുടെ കോട്ടകൊത്തളങ്ങളെ പ്രകമ്പനം കൊള്ളിക്കാന്‍ ഇനിയെന്ന് മുഴങ്ങും മറ്റൊരു സിംഹഗര്‍ജ്ജനം....?,
  സ്വര്‍ലോക സൗഭാഗ്യങ്ങള്‍ക്കൊണ്ടും അനുഗ്രഹിക്കണെ.. നാഥാ..., ഞങ്ങളുടെ സിഎച്ചിനെ...,
  കെ എസ് ഹംസ
  മുസ്ലിം ലിഗ് സംസ്ഥാന സെക്രട്ടറി.
  Published by:user_57
  First published:
  )}