സംസ്ഥാന ഭാരവാഹികള്‍ ലൈംഗികമായി ആക്ഷേപിച്ചുവെന്ന ഗുരുതര ആരോപണമാണ് എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പെണ്‍ക്കുട്ടികള്‍ ഉയര്‍ത്തിയത്. ഈ വിഷയത്തില്‍ വനിതാ കമ്മീഷനെ സമീപിച്ച വനിതാ നേതാക്കളെ തള്ളി പറയുകയാണ് മുസ്ലിം ലീഗ് നേതൃത്വം. ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്ക ലംഘനമാണെന്ന് പി.എം.എ സലാം ഫെയിസ്ബുക്കില് കുറിച്ചു. ഇരു വിഭാഗങ്ങളെയും വിളിച്ച് ഒരു പകല്‍ മുഴുവന്‍ ചര്‍ച്ച ചെയ്ത വിഷയമാണ്. തുടര്‍ നടപടികള്‍ പാര്‍ട്ടിയുടെ പരിഗണനയിലിരിക്കെ വനിതാ കമ്മീഷനെ സമീപിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് പി.എം.എ സലാം നല്‍കുന്നത്.
പി.എം.എ സലാമിന്റെ ഫെയിസ് ബുക്ക് കുറിപ്പ് ഇങ്ങനെ.....
എം.എസ്.എഫിലും ഹരിതയിലും ഉണ്ടായ ചില അനൈക്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലിരിക്കെ ചില ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനെ സമീപിച്ചതായി വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ സാധിച്ചു. ഇരു സംഘടനാ ഭാരവാഹികളുമായി ഒന്നിലധികം തവണ കോഴിക്കോട് ലീഗ് ഹൗസില്‍ ഒറ്റക്കും കൂട്ടായും ചര്‍ച്ചകള്‍ നടത്തിയതാണ്.എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ത്ത് ഒരു പകല്‍ മുഴുവനും ഈ വിഷയം ചര്‍ച്ച ചെയ്തതുമാണ്. മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ കുട്ടി അഹമ്മദ്കുട്ടി,എം.എസ്.എഫിന്റെ ചുമതലയുളള പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്.
ഹരിത ഭാരവാഹികളുമായി എം.എസ്.എഫ്ദേശീയ ഭാരവാഹികള്‍ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയതാണ്. അതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പാര്‍ട്ടി പരിഗണനയിലിരിക്കെ ഇത്തരം കാര്യങ്ങള്‍ സംഘടനാ പരിധിക്ക് അപ്പുറത്തേക്ക് കൊണ്ട് പോകുന്നതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സംസ്ഥാന വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ലെന്ന മുന്നറിയിപ്പോടെയാണ് ഫെയിസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ആരോപണ വിധേയനായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസും പരാതിക്കാര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നു. ഫെയിസ്ബുക്കിലുടെയാണ് നവാസ് നിലവിലെ വിവാദങ്ങളോട് തന്റെ നിലപാട് വ്യക്തമാക്കിയത്. പരാതിക്ക് കാരണം ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതില്‍ ഉണ്ടായ തര്‍ക്കമാണ്. പരാതിക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. എന്റെ പച്ചമാംസം കൊത്തി വലിക്കാന്‍ ഇനിയും ഞാന്‍ നിന്നുതരാം. പാര്‍ട്ടി എനിക്ക് നല്കിയ രാഷ്ട്രീയ വിദ്യാഭ്യസം സ്ത്രീത്വത്തെ അപമാനിക്കലല്ല. വിഷയത്തില്‍ സംഘടനാപരമായ തീരുമാനം പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ച് കൈ കൊള്ളും. സഞ്ചി പിടുത്തക്കാരുടെ വഞ്ചി പിടിക്കുന്നവര്‍ക്ക് മുന്നില്‍ നിവര്‍ന്ന് തന്നെ നില്‍ക്കുമെന്നും നവാസ് എഫ്.ബി. പോസ്റ്റിലൂടെ വ്യക്തമാകുന്നു.
പി.കെ.നവാസിന്റെ ഫെയിസ് ബുക്കിലെ പൂര്‍ണ്ണ രൂപം ഇങ്ങനെ....
ഹരിതയിലെ ചില സഹപ്രവര്‍ത്തകര്‍ വനിത കമ്മീഷന് എന്നെ സംബന്ധിച്ച് പരാതി നല്‍കിയത് ശ്രദ്ധയില്‍ പെട്ടു.
ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതില്‍ ഉണ്ടായ തര്‍ക്കങ്ങളാണ് ഈ വിഷയങ്ങളുടെ മൂല കാരണം എന്നാണ് മനസ്സിലാക്കുന്നത്.
കൂടുതലായി ഈ വിഷയങ്ങളെ പൊതുമധ്യത്തില്‍ വിശദീകരിക്കാത്തത് പാര്‍ട്ടിയുടെ അച്ചടക്കങ്ങളെ ബഹുമാനിക്കുന്നത് കൊണ്ടാണ്.
ഈ കാണുന്നത് ഏതെങ്കിലും വികാരങ്ങളുടെ പുറത്ത് എടുത്ത് ചാടുന്ന ഒരുകൂട്ടമല്ല.കൃത്യമായ അജണ്ടകളാണ് ഇത്തരം ആളുകളെ നയിക്കുന്നത്.
ശിഖണ്ഡി യുദ്ധം നയിക്കുന്ന നായകര്‍ക്ക് എന്റെ പച്ചമാംസം കൊത്തി വലിക്കാന്‍ ഇനിയും ഞാന്‍ നിന്നുതരാം. പക്ഷെ ഒരു സമൂഹത്തിന്റെ ജിഹ്വയായ മഹത്തായ ഈ പ്രതലത്തില്‍ നിങ്ങള്‍ നില്ക്കുമ്പോള് താഴെ കെട്ടുറപ്പ് നല്കിയ ആ മണ്ണ് മുഴുവന്‍ ഒലിച്ചുപോകാതെ നോക്കണം.
ഈ പാര്‍ട്ടി എനിക്ക് നല്കിയ രാഷ്ട്രീയ വിദ്യാഭ്യസം സ്ത്രീത്വത്തെ അപമാനിക്കലല്ല, സമൂഹത്തില്‍ അവരുടെ ഇടത്തെ ബഹുമാനിക്കാനാണ്. അതിന് പാര്‍ട്ടിയിലെ സെലിബ്രിറ്റികളുടെ ആലയില്‍ ഇരിക്കേണ്ട ഗതികേടൊന്നും എനിക്ക് വന്നിട്ടില്ല.
എന്റെ ജീവിതപരിസരം ഒരു പുസ്തകം കണക്കെ തുറന്നു വെച്ചതാണ്. അതറിയുന്നവരുടെ മനസ്സാക്ഷിക്ക് ഞാന്‍ ബാക്കിയെല്ലാം വിടുന്നു.
ഈ വിഷയത്തില്‍ സംഘടനാപരമായ തീരുമാനം മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് കൈ കൊള്ളും.
പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വെള്ളം ചേര്‍ത്ത് കള്ള വാര്‍ത്ത പ്രചരിപ്പിക്കുന്ന ഒരു സംഘം ഇവിടെയുണ്ടന്നത് പരമമായ സത്യമാണ്. സമീപ സമയങ്ങളിലെ ഈ പാര്‍ട്ടിയുമായി ബന്ധപ്പെട്ട അസത്യ വാര്‍ത്തകള്‍ വായിക്കേണ്ടി വന്ന പ്രിയപ്പെട്ടവര്‍ക്ക് അതു മനസ്സിലാക്കാവുന്നതാണ്.
എനിക്ക് നേരെയുണ്ടായ വിഷയങ്ങളില്‍ നിന്നും ഞാന്‍ മാറി നിന്നിട്ടില്ല. നേതൃത്വം വിളിച്ചു ചേര്‍ത്ത എല്ലാ യോഗങ്ങളിലും സംഘടന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയതും പുള്ളിവിടാതെ നേതാക്കള്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയതുമാണ്.
കൃത്യമായി പാര്‍ട്ടിയുടെ അന്വേഷണത്തിലുള്ള ഈ വിഷയം തീരുമാനം വരുന്നതിന് മുമ്പേ പുതിയ നീക്കങ്ങള്‍ സംഭവിച്ചതിന്റെ അര്‍ത്ഥം ഇവരുടെ പ്രശ്നം നീതിയോ, പരിഹാരമോ, ആദര്‍ശമോ അല്ലാ എന്നതിന്റെ തെളിവാണ്.
ആദര്‍ശത്തെ മുന്‍ നിറുത്തിയ നിയോഗങ്ങളാണ് നയിക്കപ്പെടേണ്ട ഓരൊ മനുഷ്യന്റെയും അടിസ്ഥാനം.
ഹരിത ഈ കാലത്തിന്റെ ധാരാളം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ട msfന്റെ രാഷ്ട്രീയത്തിന് കരുത്ത് പകരേണ്ട വിഭാഗമാണ്. പണി അറിയാത്തവര്‍ ആയുധത്തെ പഴിക്കുന്നത് പോലെ നേതൃത്വം നല്കേണ്ടവര് സംഘടനെയെയും, ആശയങ്ങളെയും പഴിച്ചാല്‍ അതിന്റെ പ്രത്യാഘാതം ചെറുതല്ല.
സഞ്ചി പിടുത്തക്കാരുടെ വഞ്ചി പിടിക്കുന്നവര്‍ക്ക് മുന്നില്‍ നിവര്‍ന്ന് തന്നെ നില്ക്കും.
സത്യം കാലം തെളിയിക്കുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇതോടെ എം.എസ്.എഫിലെ അഭിപ്രായ ഭിന്നത കൂടുതല്‍ മറനീക്കി പുറത്ത് വരുകയാണ്. പാര്‍ട്ടി തള്ളി പറഞ്ഞ സാഹചര്യത്തില്‍ വനിത കമ്മീഷന്റെ നിലപാടിന് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുവാനാണ് പരാതിക്കാരുടെ നീക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: MSF, Muslim league, State Womens Commission