നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലീഗ് പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശകര്‍ നിശബ്ദര്‍; വിമത നീക്കങ്ങള്‍ മറികടന്ന് കുഞ്ഞാലിക്കുട്ടി

  ലീഗ് പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശകര്‍ നിശബ്ദര്‍; വിമത നീക്കങ്ങള്‍ മറികടന്ന് കുഞ്ഞാലിക്കുട്ടി

  നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകളടക്കം 12 ഇടങ്ങളില്‍ പരാജയപ്പെട്ട മുസ്ലിം ലീഗില്‍ നേതൃത്വത്തിനെതിരെ ഉയര്‍ന്നത് ശക്തമായ വികാരമായിരുന്നു.

  പി.കെ കുഞ്ഞാലിക്കുട്ടി

  പി.കെ കുഞ്ഞാലിക്കുട്ടി

  • Share this:
  കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളും വിവാദ വിഷയങ്ങളും ചര്‍ച്ച ചെയ്യാതെ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം. ചന്ദ്രിക വിവാദം, ഇ.ഡി അന്വേഷണം,ഹരിത തുടങ്ങിയ വിഷയങ്ങളൊന്നും യോഗത്തില്‍ ചര്‍ച്ചയായില്ല. എതിര്‍ചേരിയിലുള്ളവരെ നേരില്‍ക്കണ്ട് നേതാക്കള്‍ നടത്തിയ അനുനയ നീക്കങ്ങള്‍ യോഗത്തില്‍ വിജയിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന വിമത നീക്കങ്ങള്‍ മറികടക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍.

  നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകളടക്കം 12 ഇടങ്ങളില്‍ പരാജയപ്പെട്ട മുസ്ലിം ലീഗില്‍ നേതൃത്വത്തിനെതിരെ ഉയര്‍ന്നത് ശക്തമായ വികാരമായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ച് മത്സരത്തിനിറങ്ങിയത്. സ്വാര്‍ത്ഥ താല്‍പര്യത്തോടെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പാര്‍ട്ടി സംവിധാനത്തെ ഹൈജാക്ക് ചെയ്യുന്ന ഉന്നതാധികാര സമിതിതി, പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ സുതാര്യതയില്ലായ്മ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ പ്രവര്‍ത്തകര്‍ പരസ്യമായി ഉയര്‍ത്തി. കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടിലാക്കി കെ.എം ഷാജിയുടെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങളുടെ ആദ്യ പ്രതികരണം പാര്‍ട്ടി സെക്രട്ടേറിയേറ്റ് യോഗത്തില്‍ കണ്ടു.

  പിന്നാലെ പാര്‍ട്ടിയെ പിടിച്ചുലച്ച് പാണക്കാട് തങ്ങള്‍ക്ക് വന്ന ഇ.ഡി നോട്ടീസ് പുറത്താവുകയും മുഈനലി തങ്ങളുടെ പരസ്യവിമര്‍ശനവുമുണ്ടായി. തൊട്ടുപിന്നാലെ എം.എസ്.എഫ് പ്രസിഡണ്ടിനെതിരെ പരാതി നല്‍കിയ ഹരിത നേതാക്കളെ പാര്‍ട്ടി കൈകാര്യം ചെയ്ത രീതി വിലയ വിവാദങ്ങള്‍ക്കിടയാക്കി.

  അപകടം തിരിച്ചറിഞ്ഞ് കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും അണിയറയില്‍ നീക്കങ്ങള്‍ നടത്തി. ഇരു നേതാക്കളും കെ.എം ഷാജിയുമായി ചര്‍ച്ച നടത്തിയതോടെ വിമത നീക്കങ്ങളുടെ മുനയൊടിഞ്ഞു. വിമര്‍ശനമുന്നയിക്കാന്‍ സാധ്യതയുള്ളവരെ നേരില്‍ക്കണ്ട് അനുനയിപ്പിച്ചു. അവനാസ നിമിഷവും ഇടഞ്ഞുനിന്ന സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ അഭിപ്രായം പറയേണ്ടെന്ന തീരുമാനം വന്നതോടെ നിശ്ശബ്ദനായി. ഇതോടെ പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനങ്ങളൊന്നുമുയരരുതെന്ന കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം വിജയിച്ചു. സാദിഖലി തങ്ങളുമായി നടത്തിയ ചില നീക്കുപോക്കുകള്‍ക്ക് വിലകൊടുക്കേണ്ടിവരുമെങ്കിലും മുന്നിലുണ്ടായിരുന്ന വിലയ ഭീഷണി ഒഴിവാക്കാന്‍ സാധിച്ചുവെന്നത് കുഞ്ഞാലിക്കുട്ടിയുടെ വിജയമാണ്.

  Also Read-മാധ്യമങ്ങളോട് ആര്, എന്ത് പറയണം, എന്നിനി ലീഗ് നേതൃത്വം തീരുമാനിക്കും; അടിമുടി മാറാൻ ഒരുങ്ങി മുസ്ലിം ലീഗ്

  ഒപ്പം പ്രവര്‍ത്തക സമിതി യോഗത്തിന്റെ തുടക്കത്തില്‍ തന്നെ പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫിന്റെയും കോണ്‍ഗ്രസ്സിലെയും പ്രതിസന്ധിയെക്കുറിച്ച് വിശദീകരിച്ചു. മുസ്ലിം ലീഗിനുള്ളിലും ആഭ്യന്തര തര്‍ക്കങ്ങളുണ്ടായാല്‍ അത് മുന്നണിയെ വീണ്ടും ദുര്‍ബലപ്പെടുത്തുമെന്നും ഈ ചിന്ത എല്ലാവര്‍ക്കും വേണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

  താഴേത്തട്ടിലുള്ള ചര്‍ച്ചകളും പഠന കേന്ദ്രങ്ങളും സോഷ്യല്‍ മീഡിയ സാന്നിധ്യവുമുള്‍പ്പെടെ നിര്‍ദേശിക്കുന്ന ഉപസമിതി റിപ്പോര്‍ട്ടിന് പ്രവര്‍ത്തക സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ കാര്യമായ തിരുത്തല്‍ ആവശ്യപ്പെട്ട പ്രവര്‍ത്തകര്‍ ഈ നിര്‍ദേശങ്ങള്‍ കൊണ്ട് മാത്രം സംതൃപ്തരാകുമോയെന്നാണ് ഉയരുന്ന ചോദ്യം.
  Published by:Jayesh Krishnan
  First published: