• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചു; ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ സ്റ്റാഫിനെ മുസ്ലിം ലീഗ് പുറത്താക്കി

കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചു; ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ സ്റ്റാഫിനെ മുസ്ലിം ലീഗ് പുറത്താക്കി

പേഴ്‌സണല്‍ അസിസ്റ്റന്റ് ലത്തീഫ് രാമനാട്ടുകരക്കെതിരെയാണ് നടപടി. ലത്തീഫിനെ സ്ഥാനത്ത് നിന്ന് നീക്കിയാണ് പാര്‍ട്ടി തീരുമാനം.

പികെ കുഞ്ഞാലിക്കുട്ടി, ലത്തീഫ് രാമനാട്ടുകര

പികെ കുഞ്ഞാലിക്കുട്ടി, ലത്തീഫ് രാമനാട്ടുകര

  • News18
  • Last Updated :
  • Share this:
കോഴിക്കോട്: അമിത് ഷായ്ക്ക് എതിരെ യൂത്ത് ലീഗ് പ്രഖ്യാപിച്ച സമരം വിലക്കിയ പി.കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍റിന് എതിരെ മുസ്ലിം ലീഗ് നടപടി. പേഴ്‌സണല്‍ അസിസ്റ്റന്‍റ് ലത്തീഫ് രാമനാട്ടുകരയ്ക്ക് എതിരെയാണ് നടപടി. ലത്തീഫിനെ സ്ഥാനത്ത് നിന്ന് നീക്കിയാണ് പാര്‍ട്ടി തീരുമാനം. പത്ത് വര്‍ഷത്തോളമായി ഇ.ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ലത്തീഫ്.

സമരം വിലക്കിയ നേതൃത്വത്തിന്‍റെ നടപടിക്കെതിരെ പാർട്ടിയിലും യൂത്ത് ലീഗിലും അതൃപ്തി പുകയുകയാണ്. സോഷ്യൽ മീഡിയയിൽ പാർട്ടി പ്രവർത്തകർ കടുത്ത വിമർശനവുമായിി രംഗത്തുണ്ട്.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ പെരെടുത്ത് പറഞ്ഞാണ് ലത്തീഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം. 'സമരം മാറ്റിയ വിവരം അറിഞ്ഞത് വാര്‍ത്തയില്‍ നിന്നാണെന്ന് പറയുമ്പോള്‍ ഫിറോസ് അനുഭവിച്ച ആത്മനിന്ദ എത്രത്തോളമുണ്ടാകുമെന്ന് ലീഗ് നേതാക്കള്‍ ഊഹിച്ചിട്ടുണ്ടോ? ഒന്നു ഫോണില്‍ വിളിച്ച് ഞങ്ങള്‍ പുതിയൊരു തീരുമാനമെടുത്തിട്ടുണ്ട്, എന്ന് പറയാന്‍ മാത്രം വില, കുഞ്ഞാലിക്കുട്ടിയുടെ കാര്‍ ഡ്രൈവര്‍ക്ക് കൊടുക്കുന്ന പരിഗണനയെങ്കിലും ഫിറോസ് അര്‍ഹിക്കുന്നില്ലേ കൂട്ടരേ...?'- ലത്തീഫ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

പണ്ട് സേട്ടുവിനോട് കാണിച്ചപോലെ ഞങ്ങള്‍ക്കിഷ്ടമുള്ള രാഷ്ട്രീയം നിങ്ങള്‍ പറഞ്ഞാല്‍ മതി. ഞങ്ങളുടെ വരക്കപ്പുറം കടക്കരുതെന്ന ആജ്ഞ നല്‍കി മുനവറലി തങ്ങളെയും ഫിറോസിനെയും അപമാനിക്കേണ്ടിയിരുന്നില്ല. അധികാര രാഷ്ട്രീയത്തിന്‍റെ ലാഭക്കണക്കുകളെക്കാള്‍ പരിഗണിക്കപ്പെടേണ്ടതാണ് മനുഷ്യരുടെ വികാര വിചാരങ്ങളും അന്തസ്സും എന്ന വസ്തുത ലീഗ് നേതാക്കളോട് ആരെങ്കിലും പറഞ്ഞ് കൊടുക്കണം, അവര്‍ പോലും പ്രതീക്ഷിക്കുന്നതിനപ്പുറം പ്രതീക്ഷകളുമായാണ് നിസ്സഹായരായ ഒരു ജനത ആ പാര്‍ട്ടിയെ നോക്കിക്കാണുന്നതെന്ന് അവരെ അറിയിക്കണമെന്നും ലത്തീഫ് വ്യക്തമാക്കുന്നു.

ഇ.ടി മുഹമ്മദ് ബഷീറിന്‍റെ ഡല്‍ഹി കേന്ദ്രമായി നടക്കുന്ന രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ പ്രധാനിയാണ് ലത്തീഫ് രാമനാട്ടുകര. പി.കെ കുഞ്ഞാലിക്കുട്ടിയെയും പി.വി അബ്ദുൾ വഹാബിനെയും നിഷ്പ്രഭമാക്കുന്ന തരത്തില്‍ ദേശീയ തലത്തില്‍ ഇ.ടി നടത്തിയ ഇടപെടലുകളില്‍ ലത്തീഫ് നേരത്തെ തന്നെ പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമായിരുന്നു. യു.എ.പി.എ ബില്‍ വോട്ടെടുപ്പ് സമയത്ത് പാര്‍ലമെന്‍റിൽ എത്താതിരുന്നതിന് പി.വി അബ്ദുല്‍ വഹാബിനെ വിമര്‍ശിച്ച് ലത്തീഫ് ഫേസ്ബുക്ക് പോസ്റ്റിട്ടത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അന്ന് പാര്‍ട്ടി യോഗത്തില്‍ ലത്തീഫിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതിരോധിക്കാൻ എത്തിയിരുന്നു. നേരത്തെ ഐ.എന്‍.എല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന ലത്തീഫ് പിന്നീട് മുസ്ലിം ലീഗില്‍ ചേരുകയായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപംസ്‌കൂളില്‍ പോയ നിങ്ങളുടെ കുട്ടി അടിയുണ്ടാക്കി ചെറിയൊരു മുറിവൊക്കെ പറ്റിച്ച് വീട്ടില്‍ വന്നു കേറി എന്നു കരുതുക. 'അവര് നാല് പേരും കൂടി എന്നെ തല്ലിയതാ....' ണെന്ന് കരഞ്ഞു പറയുന്ന ആ കുട്ടി രണ്ട് ആഘാതങ്ങളുമായാണ് വരിക. ശാരീരികാഘാതവും, മാനസികാഘാതവും. ഇത് രണ്ടിനെയും രക്ഷിതാവ് ഏറ്റെടുക്കണം. 'ആരാടാ എന്‍റെ മോനെ തല്ലിയത്, ഞാന്‍ സ്‌കൂളിലേക്കൊന്ന് വരുന്നുണ്ട്, അവമ്മാരെ അങ്ങനെ വിടാന്‍ പറ്റില്ലല്ലോ... ആഹാ...' എന്നൊരു ഡയലോഗ് കാച്ചി മുറിവിന് വല്ല മരുന്നും വെച്ചു കൊടുത്ത് മോന്‍ പോയി ചായ കുടിക്ക് എന്നു മാത്രം പറഞ്ഞാല്‍ മതി രണ്ടാഘാതങ്ങളും പരിഹരിക്കപ്പെടും, നിങ്ങള്‍ അവന്റെ സ്‌കൂളിലേക്ക് പോകേണ്ട കാര്യമില്ല. അക്കാര്യം രണ്ടാമത്തെ ദിവസം നിങ്ങള്‍ മറക്കുന്ന പോലെ അവനും മറക്കും, ശരീരത്തിലെ മുറിവുണങ്ങുന്നതിന് മുമ്പേ മനസ്സിന്റെ മുറിവുണങ്ങും.

ഇനി പിതാവിന്റെ പ്രതികരണം ' ഇതിനാണോടാ നിന്നെ സ്‌കൂളില്‍ വിടുന്നത്, നിന്റെ കൈ ഇങ്ങനെ മുറിഞ്ഞാല്‍ പോരായിരുന്നു, സംസ്‌കാരമില്ലാത്തവന്‍, ചന്തപ്പിള്ളാരെ പ്പോലെ അടിയുയുണ്ടാക്കി നടക്കുന്നു, എന്റെ കണ്ണിന് മുമ്പില്‍ കണ്ടു പോകരുത്' എന്നാണെങ്കില്‍ ശരീരത്തിലെ മുറിവ് മാറിയാലും മനസ്സിന്റെ മുറിവ് ഉണങ്ങാതെ കിടക്കും, ആ അടിക്കേസില്‍ കുട്ടി പൂർണമായും നിരപരാധിയാണെങ്കില്‍ രക്ഷിതാവിനോട് കടുത്ത അമര്‍ഷമുണ്ടാകും ബോധമനസ്സില്‍ നിന്ന് ആ സംഭവം മാഞ്ഞുപോയാലും അബോധമനസ്സില്‍ അത് മരണം വരെ അവശേഷിക്കും. ആ സന്ദര്‍ഭത്തില്‍ 'സാരമില്ലെടാ... നിനക്ക് ഞാനില്ലേ..' എന്നൊരു വാക്ക് പറഞ്ഞ് ആ കുട്ടിയുടെ തോളില്‍ ആരെങ്കിലും കൈവെച്ചാല്‍ ജീവിതകാലം മുഴുവന്‍ അവന്‍ ആ കൈയുടെ ഉടമയോട് കടപ്പെട്ടിരിക്കും.

വ്യക്തിക്ക് മാത്രമല്ല സമൂഹത്തിനുമുണ്ടാവും ഇതുപോലെ മാനസികാഘാതം. അതിനെ അഡ്രസ്സ് ചെയ്യാന്‍ പ്രാപ്തിയുള്ള നേതാക്കള്‍ ഇല്ലാതെ പോയാല്‍ അതിന്റെ പ്രതിഫലനം സമൂഹത്തിലുണ്ടാവും. ബാബരി മസ്ജിദ് പൊളിക്കപ്പെട്ടപ്പോള്‍ നിസ്സഹായരായിപ്പോകുകയും രാജ്യത്തുടനീളം ആക്രമണത്തിന് വിധേയരാവുകയും ചെയ്ത മുസ്ലിം സമുദായത്തിന്റെ പരിഹരിക്കപ്പെടാതെ പോയ ആഘാതമാണ് പിന്നീട് മുംബൈ സ്‌ഫോടനത്തിന്റെ രൂപത്തിലും തീവ്രവാദ പ്രസ്ഥാനങ്ങളുടെ രൂപത്തിലും പുറത്ത് വന്നത്. കേരളം പോലും വിഭിന്നമായിരുന്നില്ല, പിന്നീട് ഗതികേടുകൊണ്ട് പാണക്കാട് തങ്ങളുടെ ആത്മസമയന ആഹ്വാനമായി വിലയിരുത്തപ്പെട്ട ലീഗിലെ അധികാര ഭ്രമം ബാധിച്ച നേതാക്കളുടെ ഇടപെടല്‍ ഇവിടത്തെ മുസ്ലിം സമുദായത്തിലുണ്ടാക്കിയ അമര്‍ഷത്തിന്റെ വ്യാപ്തി നമുക്കൊക്കെ അറിയാവുന്നതാണ്. അന്ന് കോണ്‍ഗ്രസുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട ഇന്ത്യന്‍ മുസ്ലിംകളുടെ ചങ്കിലെ ചോരയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ അധികാര പ്രമത്തരായ ലീഗ് നേതൃത്വം ചവിട്ടിമെതിച്ചത് നമ്മുടെ കണ്‍മുമ്പിലാണ്, പിന്നീട് വിധി ആ നേതാക്കളെ മുഖം കെടുത്തിക്കളഞ്ഞുവെങ്കിലും അന്നത്തെ ആഘാതം എത്ര വലുതായിരുന്നു എന്ന് അന്നത്തെ യൂത്ത് ലീഗുകാരായ ഇന്നത്തെ മൂത്ത ലീഗുകാര്‍ക്ക് അറിയാതിരിക്കില്ല.

ലീഗ് മുന്നണി വിട്ട് അക്രമം ഉണ്ടാക്കേണ്ടിയിരുന്നു എന്നല്ല പറയുന്നത്, ആ പ്രതികരണം സര്‍ഗാത്മകമാക്കാമായിരുന്നു.
മുന്നണി വിടണം എന്ന സേട്ടു സാഹിബിന്റെ ആഹ്വാനം ഏറ്റെടുത്ത് കൊണ്ട് ഈ നിമിഷം ഭരണം വിടാന്‍ തയ്യാറാണെന്ന് മന്ത്രിമാരും ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയും പ്രഖ്യാപിച്ചു എന്ന് കരുതുക. ഈ സമുദായത്തിന്റെ അന്തസ്സിനെക്കാള്‍ വലുതല്ല ഭരണം ഇതുപേക്ഷിക്കാന്‍ ഞങ്ങള്‍ക്കൊരു നിമിഷം പോലും വേണ്ടെന്ന് നേതാക്കള്‍ വിളിച്ചു പറയുന്നു എന്ന് കരുതുക. കരുണാകരനാണ് മുഖ്യമന്ത്രി അദ്ദേഹം പാണക്കാട്ട് ഓടിയെത്തും, ഒരാഴ്ചത്തെ അനിശ്ചിതാവസ്ഥക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ നാട്ടില്‍ മത സൗഹാര്‍ദ്ധം നില നിര്‍ത്തണം ഈ സന്നിഗ്ധ ഘട്ടത്തില്‍ ലീഗ് ഉത്തരവാദിത്തം നിര്‍വ്വഹിക്കാതെ പറ്റില്ല എന്ന് പാണക്കാട് തങ്ങള്‍ ആവശ്യപ്പെടുകയും 'മനസ്സില്ലാ മനസ്സോടെ' മന്ത്രിമാര്‍ അത് സമ്മതിക്കുകയും സേട്ടു സാഹിബിനെ കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ ലീഗിന്റെയും കേരള മുസ്ലിംകളുടേയും ചരിത്രം മറ്റൊന്നാകുമായിരുന്നില്ലേ...

ഇതിനു പകരം അന്ന് നടന്നത് എന്താണെന്ന് നമുക്കറിയാം, ലീഗ് ഭരണം വിടണമെന്ന് സേട്ട് സാഹിബ് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം ഭരണം വിടേണ്ട സാഹചര്യമില്ല, അക്കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ് തുടങ്ങിയ പ്രസ്താവനകള്‍ കുഞ്ഞാലിക്കുട്ടി നടത്തി. പിന്നീടങ്ങോട്ട് ഭരണം വിടേണ്ടതില്ലെന്ന് പാണക്കാട്ട് തങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനും സേട്ടുവിനെ പുറത്താക്കാനും പിന്നാമ്പുറത്തും മുന്നാമ്പുറത്തും നടന്ന ചവിട്ടു നാടകങ്ങള്‍ നമ്മള്‍ കണ്ടതാണ്, പുറത്ത് പറയാന്‍ വിഷമമുണ്ടെങ്കിലും ലീഗ് പ്രവര്‍ത്തകര്‍ അന്നനുഭവിച്ച മാനസിക സമ്മര്‍ദ്ധം എത്രയായിരുന്നുവെന്ന് ഏത് ലീഗ് പ്രവര്‍ത്തകനും സമ്മതിക്കും.

ഇന്ന് വീണ്ടും ലീഗ് അതേ തെറ്റ് ആവര്‍ത്തിക്കുകയാണ്, സമുദായം കടുത്ത മാനസിക സമ്മര്‍ദ്ധത്തില്‍ അകപ്പെട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണ്, കോഴിക്കോട്ടേക്ക് എത്തുന്ന അമിത്ഷായുടെ മുമ്പില്‍ കറുത്ത മതില്‍ കെട്ടാന്‍ യൂത്ത് ലീഗ് തീരുമാനിക്കുന്നത്, മണിക്കൂറുകള്‍ക്കകം അത് വേണ്ടെന്ന് ലീഗിന്‍റെ, നഷ്ടപ്പെടാന്‍ പലതുമുള്ള, നേതാക്കള്‍ പ്രസ്താവിച്ചു.

ഒരു പക്ഷേ അവരുടെ തീരുമാനമാകാം ശരി. പക്ഷേ അത് പ്രഖ്യാപിക്കേണ്ടത് ഇങ്ങനെയാണോ? ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ നല്ല സ്വാധീനവും വ്യക്തിത്വവുമുള്ള മുനവ്വറലി തങ്ങളുടേയും പി കെ ഫിറോസിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി ഒരു പ്രസ്താവന നടത്തിയാല്‍ ആ സമരവുമായി മുന്നോട്ട് പോകും എന്നാണ് ഇന്നത്തെ ദിവസം ലീഗ് നേതാക്കള്‍ പറയേണ്ടത്, ജനുവരി 15ന് ഇനിയും 9 ദിവസങ്ങളുണ്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ ശേഷം പൊലീസും ഗവണ്‍മെന്‍റുമായുള്ള ചര്‍ച്ചകളൊക്കെ കഴിഞ്ഞ് വേണമെങ്കില്‍ സംഘര്‍ഷമൊഴിവാക്കാന്‍ ആ പരിപാടി മാറ്റി സംസ്ഥാനത്തുട നീളം കരിദിനം ആചരിക്കാം എന്നൊരു തീരുമാനം ലീഗ് നേതൃത്വം യൂത്ത് ലീഗിനെക്കൊണ്ട് സമ്മതിപ്പിച്ചിരുന്നെങ്കിൽ എന്തൊരു അന്തസ്സ് ഉണ്ടാകുമായിരുന്നു.

സമരം മാറ്റിയ വിവരം അറിഞ്ഞത് വാര്‍ത്തയില്‍ നിന്നാണെന്ന് പറയുമ്പോള്‍ ഫിറോസ് അനുഭവിച്ച ആത്മനിന്ദ എത്രത്തോളമുണ്ടാകുമെന്ന് ലീഗ് നേതാക്കള്‍ ഊഹിച്ചിട്ടുണ്ടോ? ഒന്നു ഫോണില്‍ വിളിച്ച് ഞങ്ങള്‍ പുതിയൊരു തീരുമാനമെടുത്തിട്ടുണ്ട്, എന്ന് പറയാന്‍ മാത്രം വില, കുഞ്ഞാലിക്കുട്ടിയുടെ കാര്‍ ഡ്രൈവര്‍ക്ക് കൊടുക്കുന്ന പരിഗണനയെങ്കിലും ഫിറോസ് അര്‍ഹിക്കുന്നില്ലേ കൂട്ടരേ...?

ഇന്ന് നാസര്‍ ഫൈസി കൂടത്തായിക്കെതിരെ സമസ്ത നടപടിയെടുത്തത് നിങ്ങള്‍ കണ്ടുവോ. സാധാരണ സാഹചര്യങ്ങളില്‍ ഉണ്ടാവേണ്ട ഒരു നടപടിയല്ലത്. സാഹചര്യത്തിന്റെ പ്രാധാന്യവും പ്രവര്‍ത്തകരുടെ വികാരവും പരിഗണിച്ചാണ് അവരാ തീരുമാനമെടുത്തത്, പോസ്റ്ററൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും നടക്കുന്ന സാധാരണ അനുയായി സമൂഹത്തിന് മുമ്പില്‍ മാനം കെടാതിരിക്കാനായിരുന്നു ആ അടിയന്തിര തീരുമാനം. മടിശ്ശീലയില്‍ കനമുള്ളവര്‍ക്ക് മനുഷ്യരുടെ അന്തസ്സിന്റെ വില മനസ്സിലാവില്ല സാഹിബേ...

മുനവ്വറലിയും ഫിറോസും അടിയന്തിരമായി അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണമുണ്ടായിരുന്നു, ഒന്നാമതായി അമിത്ഷാ വരാനുള്ള സാധ്യത കുറവാണ്, ഇടതുപക്ഷ യുവജന സംഘടനകളോ, സംയുക്തസമരസമിതിയോ മറ്റോ അമിത്ഷായോട് പ്രതിഷേധം പ്രകടിപ്പിക്കാന്‍ തീരുമാനമെടുക്കുമെന്ന കാര്യവും ഉറപ്പാണ്, ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞ അവരുടെ തീരുമാനമായിരുന്നു രാഷ്ട്രീയമായി ശരി എന്ന് അടുത്ത ദിവസങ്ങളില്‍ ബോധ്യപ്പെടും.

പണ്ട് സേട്ടുവിനോട് കാണിച്ചപോലെ ഞങ്ങള്‍ക്കിഷ്ടമുള്ള രാഷ്ട്രീയം നിങ്ങള്‍ പറഞ്ഞാല്‍ മതി, ഞങ്ങളുടെ വരക്കപ്പുറം കടക്കരുതെന്ന ആജ്ഞ നല്‍കി മുനവ്വറലി തങ്ങളെയും ഫിറോസിനെയും അപമാനിക്കേണ്ടിയിരുന്നില്ല. അധികാര രാഷ്ട്രീയത്തിന്‍റെ ലാഭക്കണക്കുകളെക്കാള്‍ പരിഗണിക്കപ്പെടേണ്ടതാണ് മനുഷ്യരുടെ വികാര വിചാരങ്ങളും അന്തസ്സും എന്ന വസ്തുത ലീഗ് നേതാക്കളോട് ആരെങ്കിലും പറഞ്ഞ് കൊടുക്കണം, അവര്‍ പോലും പ്രതീക്ഷിക്കുന്നതിനപ്പുറം പ്രതീക്ഷകളുമായാണ് നിസ്സഹായരായ ഒരു ജനത ആ പാര്‍ട്ടിയെ നോക്കിക്കാണുന്നതെന്ന് അവരെ അറിയിക്കണം.
Published by:Joys Joy
First published: