മുഖ്യമന്ത്രിയെ പുകഴ്ത്തിയ ലീഗ് പ്രാദേശികനേതാവിന് സസ്പെൻഷൻ; പ്രകടിപ്പിച്ചത് സാധാരണക്കാരന്റെ വികാരമെന്ന് KM ബഷീർ
മുഖ്യമന്ത്രിയെ പുകഴ്ത്തിയ ലീഗ് പ്രാദേശികനേതാവിന് സസ്പെൻഷൻ; പ്രകടിപ്പിച്ചത് സാധാരണക്കാരന്റെ വികാരമെന്ന് KM ബഷീർ
മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തത് ആവേശപുറത്തായിരിക്കും എന്നാണ് കരുതിയത്. എന്നാൽ അതിനുശേഷം യുഡിഎഫിനെയും കോൺഗ്രസിനെയും പരസ്യമായി വെല്ലിവിളിക്കുകയായിരുന്നുവെന്നും ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല
കോഴിക്കോട്: മുസ്ലിം ലീഗ് ബേപ്പൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ സസ്പെൻഡ് ചെയ്തു. മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്തതിനാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി പുകഴ്ത്തി കെ.എം ബഷീർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതും അച്ചടക്ക നടപടിക്ക് കാരണമായതായാണ് റിപ്പോർട്ട്.
അതേസമയം താൻ പ്രകടിപ്പിച്ചത് സാധാരണക്കാരന്റെ വികാരമാണെന്ന് കെ. എം ബഷീർ പറഞ്ഞു. അച്ചടക്ക നടപടിയെ കുറിച്ച് അറിയില്ലെന്നും കെ. എം ബഷീർ ന്യൂസ്18 നോട് പറഞ്ഞു. കെ. എം ബഷീർ നടപടി ചോദിച്ചു വാങ്ങിയതാണെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല പ്രതികരിച്ചു. മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തത് ആവേശപുറത്തായിരിക്കും എന്നാണ് കരുതിയത്. എന്നാൽ അതിനുശേഷം യുഡിഎഫിനെയും കോൺഗ്രസിനെയും പരസ്യമായി വെല്ലിവിളിക്കുകയായിരുന്നുവെന്നും ഉമ്മർ പാണ്ടികശാല ന്യൂസ്18 നോട് പറഞ്ഞു.
മുഖ്യമന്ത്രി നടത്തിയ ശക്തമായ പ്രതിരോധം മുസ്ലിം സമുഹത്തിന് വലിയ പ്രതീക്ഷയും, ആശ്വാസവുമാണ് നൽകിയതെന്നാണ് കെ.എം.ബഷീർ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു മുഖ്യമന്ത്രിയുടെ കടമ കൃത്യമായി പിണറായി നിർവ്വഹിച്ചു. ആണത്തത്തോടെയാണ് മുഖ്യമന്ത്രി വിഷയത്തെ സമീപിച്ചത്. സമരത്തിന് നേതൃത്വപരമായി പങ്ക് വഹിക്കേണ്ടത് കോൺഗ്രസായിരുന്നു. എന്നാൽ അത് കൃത്യമായി കോൺഗ്രസ് നടത്തിയില്ല. മുല്ലപ്പള്ളിയുടെ നിലപാട് ഈ ക്യാമ്പയിന്റെ ഐക്യത്തിന് തിരിച്ചടിയായെന്നും ബഷീർ വ്യക്തമാക്കിയിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.