• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഹാത്റാസ് സംഭവം: സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം വേണം'; മുസ്ലിം ലീഗ് ദേശീയ പ്രക്ഷോഭത്തിന്

'ഹാത്റാസ് സംഭവം: സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം വേണം'; മുസ്ലിം ലീഗ് ദേശീയ പ്രക്ഷോഭത്തിന്

'നിയമവാഴ്ചയും പ്രതിപക്ഷവുമില്ലാത്ത യോഗി രാജ് ആണ് യു പി യിൽ നടപ്പാക്കുന്നത്. ഹത്റസിലെ പെൺകുട്ടിയുടെ കുടുംബത്തെ നേരിൽ കാണാനെത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യു പി പോലീസ് തടയാൻ ശ്രമിച്ചത് പച്ചയായ ഏകാധിപത്യമാണ്'

പി.കെ.കുഞ്ഞാലിക്കുട്ടിയും  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും

പി.കെ.കുഞ്ഞാലിക്കുട്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും

  • Share this:
കോഴിക്കോട്: ഹത്റസിൽ ദളിത് പെൺകുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രിം കോടതി മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഒക്ടോബർ 10, 11,12 തീയ്യതികളിൽ വിവിധ സംസ്ഥാങ്ങളിലായി 100 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രക്ഷോഭ ദിനം സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് പ്രൊഫസ്സർ കെ എം കാദർ മൊയ്‌ദീൻ, ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി ,ഓർഗനസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി എന്നിവർ അറിയിച്ചു .

ബി ജെ പി നയിക്കുന്ന കേന്ദ്ര സർക്കാറിന്‍റെയും ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാന സർക്കാറുകളുടെയും ജനവിരുദ്ധ നയങ്ങൾക്കെതിരെ മതേതര ശക്തികളുടെ നേതൃത്വത്തിൽ രാജ്യം ദർശിക്കുന്ന ശക്തമായ സമര പോരാട്ടങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് ശുഭകരമായ സൂചനകൾ നൽകുന്നു എന്നും മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഉത്തർപ്രദേശിലെ ഹത് റാസിൽ ദളിത് പെൺകുട്ടി ക്രൂര പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം ലോകത്തിനു മുന്നിൽ രാജ്യത്തെ നാണം കെടുത്തി. ലോകം മുഴുവൻ ആ പെൺകുട്ടിക്ക് നീതി ലഭിക്കണം എന്നാഗ്രഹിക്കുമ്പോൾ പ്രതികളെ സംരക്ഷിക്കാൻ പരസ്യമായ നീക്കമാണ് യു പി യിലെ യോഗി സർക്കാർ നടത്തുന്നത്. പെൺകുട്ടിയുടെ മൃതശരീരം ബലം പ്രയോഗിച്ച് കത്തിച്ചത് ആധുനിക സമൂഹത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത വിധമാണ്. ബേഠി ബച്ചാ വോ എന്ന മുദ്രാവാക്യം മുഴക്കി അധികാരത്തിൽ വന്നവരിൽ നിന്നാണ് രാജ്യത്തെ പെൺകുട്ടികൾക്ക് രക്ഷ വേണ്ടത്.

നിയമവാഴ്ചയും പ്രതിപക്ഷവുമില്ലാത്ത യോഗി രാജ് ആണ് യു പി യിൽ നടപ്പാക്കുന്നത്. ഹത്റസിലെ പെൺകുട്ടിയുടെ കുടുംബത്തെ നേരിൽ കാണാനെത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യു പി പോലീസ് തടയാൻ ശ്രമിച്ചത് പച്ചയായ ഏകാധിപത്യമാണ്. ശക്തമായ ജനകീയ പ്രതിഷേധത്തിനൊടുവിൽ യു പി സർക്കാറിന് മുട്ട് മടക്കേണ്ടി വന്നത് ജനകീയ പ്രതിരോധത്തിനു മുന്നിൽ ഏകാധിപത്യത്തിനു പിടിച്ചു നിൽക്കാനാവില്ല എന്നതിന്‍റെ തെളിവാണ്. രാജ്യത്തിന്‍റെ കണ്ണുനീരായി മാറിയ പെൺകുട്ടിക്ക് നീതി ലഭിക്കണം.

യു പി സർക്കാർ നിയന്ത്രിക്കുന്ന ഒരു ഏജൻസിയുടെയും അന്വേഷണം നിഷ്പക്ഷമാകില്ല എന്നത് ഇതുവരെയുള്ള സംഭവ വികാസങ്ങളിൽ നിന്ന് വ്യക്തമാണ്. പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതു പോലെ സുപ്രിം കോടതിയുടെ മേൽനോട്ടത്തിലുള്ള നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം. പെൺകുട്ടിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങക്കു നേതൃത്വം കൊടുത്തവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാൻ യു പി സർക്കാർ ഒരുങ്ങുന്നതായ വാർത്ത ഞെട്ടിക്കുന്നതാണ്. പൗരത്വ നിയമവിരുദ്ധ സമരത്തെ കൈകാര്യം ചെയ്ത സമാന രീതിയിൽ ഹത്റസിലെ പെൺകുട്ടിക്കു വേണ്ടിയുള്ള സമരങ്ങളെയും കൈകാര്യം ചെയ്യാൻ മുതിരുന്നത് ചെറുത്തു തോൽപ്പിക്കണം. യു പി യിൽ വർദ്ധിച്ചു വരുന്ന ദളിത് മുസ്ലിം വിരുദ്ധ അതിക്രമങ്ങൾക്കെതിരായ സമരങ്ങളോടൊപ്പം മുസ്ലിം ലീഗ് ശക്തമായി നിലയുറപ്പിക്കും.

കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് ശക്തിപ്പെടുന്ന കർഷക പോരാട്ടങ്ങളെ മുസ്ലിം ലീഗ് ശക്തമായി പിന്തുണക്കും. കർഷകരെ കോർപ്പറേറ്റുകളുടെ അടിമകളാക്കുന്നതാണ് ഈ നിയമങ്ങൾ. കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം താങ്ങുവില എന്നത് സമ്പുർണമായും ഇല്ലാതാവും. കർഷകരുടെ കൂട്ട ആത്മഹത്യ ആയിരിക്കും ഫലം. കോർപ്പറേറ്റുകളുടെ പ്രതിസന്ധി പരിഹരിക്കാൻ കോടിക്കണക്കിനു കർഷകരെ കുരുതി കൊടുക്കുന്ന നിയമത്തിനെതിരെ പഞ്ചാബിലും ഹരിയാനയിലും ആരംഭിച്ച കർഷക സമരം രാജ്യമാകെ പടരുകയാണ്. ആ സമരങ്ങളെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം ജനാധിപത്യ ശക്തികൾ ഏറ്റെടുക്കണം.

ബീഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ യുടെ പരാജയം ഉറപ്പാക്കുക എന്നതാണ് മതേതര കക്ഷികളുടെ പ്രഥമ ലക്ഷ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മതേതര സർക്കാറിനുവേണ്ടി വോട്ടു കൊടുത്ത ബീഹാർ ജനതയെ ഒറ്റുകൊടുത്ത് കൊണ്ടാണ് നിതീഷ് കുമാർ എൻ ഡി എ യിൽ ചേർന്നത്.

സദ്ഭരണം എന്ന മുദ്രാവാക്യം മുഴക്കി കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകൾ വിജയിച്ച നിതീഷിന്‍റെ ദുർഭരണത്തിനെതിരെ ജനകീയ വികാരം ശക്തമാണ്. ബീഹാറിൽ ആർ ജെ ഡി യു ടെ യും കോൺഗ്രസിൻ്റയും നേതൃത്വത്തിൽ പ്രതിപക്ഷ മഹാസഖ്യം രൂപീകരിച്ച് സീറ്റ് വിഭജനം പൂർത്തിയാക്കാനായത് മതേതര ചേരിക്ക് മുൻതൂക്കം നൽകുന്നു. ഫാസിസ്റ്റ് വിരുദ്ധ വോട്ടുകൾ വിഭജിക്കുന്നത് തടയുന്നതിനാവശ്യമായ സമീപനം ബിഹാർ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്വീകരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

കോവിഡ് വ്യാപനത്തിനിടിലും കേന്ദ്ര സർക്കാർ തുടരുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ നിയമപരവും രാഷ്ട്രീയവുമായ പ്രതിഷേധമുയർത്തും. ഡൽഹി വംശഹത്യ അന്വേഷണത്തിന്‍റെ മറവിൽ ഡൽഹി പോലീസിൻ്റെ വേട്ടയാടൽ തുടരുന്നത് അനുവദിക്കാനാവില്ല. പോലീസ് വേട്ടയുടെ ഇരകൾക്ക് നിയമ പിന്തുണ ഉറപ്പാക്കും.ഇതിനായി ദേശീയ മുസ്ലിം യൂത്ത് ലീഗിൻ്റെ പ്രതിനിധി സംഘം ഡൽഹിയിലെത്തും.

പ്രസിഡൻറ് പ്രൊഫസ്സർ കെ എം കാദർ മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി സ്വഗതം ആശംസിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീർ എം പി സംഘടനാ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു.ദേശീയ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി, നവാസ് ഗനി എം പി, സെക്രട്ടറിമാരായ സിറാജ് സുലൈമാൻ സേട്ട്, ഖുർ റം അനീസ് ഉമർ, നഈം അക്തർ, മുഹമ്മദ് അതീബ്, കേരള സ്റ്റേറ്റ് ജനറൽ സെക്രെട്ടറ കെ പി എ മജീദ് ,യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിർ ഗഫാർ, ജനറൽ സെക്രട്ടറി സി കെ സുബൈർ, എം എസ് എഫ് ദേശീയ പ്രസിഡണ്ട് റ്റി പി അഷ്റഫലി, വനിതാ ലീഗ് ദേശീയ പ്രസിഡണ്ട് നൂർബിന റഷീദ്, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, അഡ്വ: വി കെ ഫൈസൽ ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
Published by:Anuraj GR
First published: