• HOME
  • »
  • NEWS
  • »
  • kerala
  • »
  • RSS പരിപാടിയിൽ പങ്കെടുത്ത സംഭവം; കെ എൻ എ ഖാദറിന് മുസ്ലീംലീഗിന്റെ താക്കീത്

RSS പരിപാടിയിൽ പങ്കെടുത്ത സംഭവം; കെ എൻ എ ഖാദറിന് മുസ്ലീംലീഗിന്റെ താക്കീത്

ഖാദറിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് ഗൗരതരമായ വീഴ്ചയും ശ്രദ്ധക്കുറവുമാണെന്ന് ലീഗ് നേതൃത്വം വിലയിരുത്തി.

  • Share this:
    കോഴിക്കോട്: കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗ്‌ സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ. കെ എൻ എ ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത്‌ ചെയ്തു. ഇതു സംബന്ധിച്ച്‌ പാർട്ടി കെ എൻ എ ഖാദറിനോട്‌ നേരത്തെ വിശദീകരണം തേടിയിരുന്നു. ഖാദർ പാർട്ടിക്കു നൽകിയ ദീർഘമായ വിശദീകരണക്കുറിപ്പ്‌ നേതൃയോഗം ചർച്ച ചെയ്തു.‌‌

    ഒരു സാംസ്കാരിക പരിപാടി എന്ന നിലയിൽ മാത്രം കണ്ട്‌ പങ്കെടുത്തതിൽ തനിക്ക്‌ ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഖാദർ വിശദീകരിച്ചു. ഖാദറിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് ഗൗരതരമായ വീഴ്ചയും ശ്രദ്ധക്കുറവുമാണെന്ന് ലീഗ് നേതൃത്വം വിലയിരുത്തി. ലീഗിന്റെ നയ സമീപങ്ങൾക്കും സംഘടന മര്യാദകൾക്കും വിരുദ്ധമാകാതിരിക്കാൻ ജാഗ്രതയും കണിശതയും പുലർത്തണമെന്നും ആവശ്യപ്പെട്ടു.

    പാർട്ടി അംഗങ്ങൾ ഏത്‌ വേദിയിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങൾ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയസമീപനങ്ങൾക്കും സംഘടനാ മര്യാദകൾക്കും ‌ വിരുദ്ധമാകാതിരിക്കാൻ‌ കൂടുതൽ ജാഗ്രതയും കണിശതയും പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

    Also Read-'കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്ലീമാണ് കെ.എന്‍.എ ഖാദര്‍'; എപി അബ്ദുല്ലക്കുട്ടി

    നിലവില്‍ മുസ്ലീം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് കെ എന്‍ എ ഖാദര്‍. പ്രവാചക നിന്ദയ്ക്കും ബുള്‍ഡോസര്‍ രാജിനുമെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ച ദിവസം തന്നെയാണ് കെ എന്‍ എ ഖാദര്‍ ആര്‍ എസ് എസ് വേദിയില്‍ എത്തിയത്.
    Also Read-കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നവരെ പിടിക്കുന്ന സമീപനം പാടില്ല; എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്ന് കോടിയേരി

    കേസരി മന്ദിരത്തില്‍ നടന്ന സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമാണ് കെ എന്‍ എ ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാവരണം ചെയ്ത കെ എന്‍ എ ഖാദറിനെ ആര്‍ എസ് എസ് നേതാവ് ജെ നന്ദകുമാര്‍ പൊന്നാട അണിയിച്ചു സ്വീകരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഗുരുവായൂരില്‍ കാണിക്ക അര്‍പ്പിച്ചതിനെത്തുടര്‍ന്ന് പലരും തനിക്ക് സംഘിപട്ടം ചാര്‍ത്തി തന്നെന്ന് ചടങ്ങില്‍ സംസാരിച്ച കെ എന്‍ എ ഖാദര്‍ പറഞ്ഞു. ആഗ്രഹിച്ചിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനാവാത്തവര്‍ തന്നെ പോലെ നിരവധി പേരുണ്ടെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു. പരിപാടിയില്‍ രണ്ജി പണിക്കര്‍, ആര്‍ട്ടിസ്റ്റ് മദനന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

    ആര്‍ എസ് എസ് പരിപാടിയിലല്ല, മറിച്ച് സാംസ്കാരിക പരിപാടിയിലാണ് പങ്കെടുത്തതെന്നായിരുന്നു വിവാദത്തില്‍ കെ എന്‍ എ ഖാദറിന്‍റെ വിശദീകരണം. സാംസ്കാരിക പരിപാടിയെന്ന നിലയിലാണ് കേസരിയിലെ ചടങ്ങില്‍ പങ്കെടുത്തതെന്നും ആര്‍എസ്എസിനെക്കുറിച്ച് മുസ്ലിം ലീഗില്‍ നിന്ന് വ്യത്യസ്തമായി ഒരു നിലപാടും തനിക്കില്ലെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞിരുന്നു.
    Published by:Naseeba TC
    First published: