കോഴിക്കോട്: രാജ്യസഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന പി വി അബ്ദുൾ വഹാബിനെതിരെ മുസ്ലിം ലീഗിനുള്ളില്‍ പടയൊരുക്കം. വഹാബിനോട് പാര്‍ട്ടി വിശദീകരണം തേടുമെന്ന് ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേഠ് പ്രതികരിച്ചു. വഹാബ് എം പി സ്ഥാനം രാജിവെക്കണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
രാജ്യസഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് പി വി അബ്ദുൾ വഹാബ് വിട്ടുനിന്നതിനെ ചൊല്ലി മുസ്ലിം ലീഗിനുള്ളില്‍ പ്രതിഷേധം കടുക്കുകയാണ്. യൂത്ത് ലീഗ് നേതാവ് മുഈനലി ശിഹാബ് തങ്ങളുടെ പരസ്യപ്രതികരണത്തിന് പിന്നാലെയാണ് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹീം സേഠ് നിലപാട് വ്യക്തമാക്കിയത്. വഹാബിനോട് പാര്‍ട്ടി വിശദീകരണം തേടും. പാര്‍ട്ടി എം പിമാരുടെ പാര്‍ലമെന്റിലെ പ്രകടനം പ്രവര്‍ത്തകരും പൊതുജനങ്ങളും കാണുന്നുണ്ടെന്നും സിറാജ് സേഠ് പറഞ്ഞു.
പാര്‍ലമെന്റില്‍ സുപ്രധാന വിഷയങ്ങളില്‍ വോട്ടെടുപ്പും ചര്‍ച്ചയും നടക്കുന്ന സമയങ്ങളില്‍ പാര്‍ട്ടി എം.പിമാര്‍ തുടര്‍ച്ചയായി അപ്രത്യക്ഷരാവുന്നതിനെച്ചൊല്ലി യൂത്ത് ലീഗിലും അതൃപ്തി പുകയുന്നുണ്ട്. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയ അബ്ദുൾ വഹാബ് സ്ഥാനം രാജിവെക്കണമെന്ന് ഇന്നലെ ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാക്കളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വഹാബ് വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാര്‍ലിമെന്റിന് പുറത്ത് മുസ്ലിം ലീഗ് ഏറെ ചര്‍ച്ചയാക്കുന്ന വിഷയങ്ങള്‍ സഭക്കകത്ത് ഉന്നയിക്കുന്നതില്‍ നേതാക്കള്‍ തുടര്‍ച്ചയായി വീഴ്ചവരുത്തുന്നതിലെ എന്തുകൊണ്ടാണെന്നാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതോടെ മുസ്ലിം ലീഗ് എം പിമാരുടെ പാര്‍ലിമെന്റിലെ ഇടപെടല്‍ വീണ്ടും വിചാരണ ചെയ്യപ്പെടുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.