• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുസ്ലീം ലീഗിന്റെ നിർണായക പ്രവർത്തകസമിതി യോഗം ശനിയാഴ്ച; തെരഞ്ഞെടുപ്പ് അവലോകനം മുതൽ ഹരിത വരെ ചർച്ച ചെയ്‌തേക്കും

മുസ്ലീം ലീഗിന്റെ നിർണായക പ്രവർത്തകസമിതി യോഗം ശനിയാഴ്ച; തെരഞ്ഞെടുപ്പ് അവലോകനം മുതൽ ഹരിത വരെ ചർച്ച ചെയ്‌തേക്കും

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികളെ പറ്റി പഠിച്ച പത്തംഗ കമ്മിറ്റി മുന്നോട്ട് വെച്ച നിർദേശങ്ങൾ ആണ് പ്രവർത്തക സമിതിയുടെ മുഖ്യ അജണ്ട

മുസ്ലീം ലീഗ്

മുസ്ലീം ലീഗ്

  • Share this:
മുസ്ലീം ലീഗിൻ്റെ നിർണായക പ്രവർത്തക സമിതി യോഗം നാളെ മഞ്ചേരിയിൽ ചേരും. തെരഞ്ഞെടുപ്പിലെ തിരിച്ചടികളും ഹരിത ഉൾപ്പെടെ ലീഗ് രാഷ്ട്രീയത്തിൽ ഉയർന്ന സമകാലിക രാഷ്ടീയ വിവാദങ്ങളും യോഗത്തിൻ്റെ മുഖ്യ അജണ്ടയിൽ ഇല്ലെങ്കിലും ചർച്ച ആയേക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികളെ പറ്റി പഠിച്ച പത്തംഗ കമ്മിറ്റി മുന്നോട്ട് വെച്ച നിർദേശങ്ങൾ ആണ് പ്രവർത്തക സമിതിയുടെ മുഖ്യ അജണ്ട.

രാഷ്ട്രീയ സാഹചര്യങ്ങളുടെ വിലയിരുത്തൽ, പ്രവർത്തന രൂപരേഖ തുടങ്ങിയ കാര്യങ്ങൾക്ക് പുറമേ ലീഗിനെ പിടിച്ചുകുലുക്കിയ സമകാലിക സംഭവങ്ങൾ യോഗത്തിൽ ഉയർന്നേക്കും. ഇവ ഒന്നും തന്നെ അജണ്ടയിൽ ഇല്ല എന്ന് പറയുമ്പോഴും ചർച്ചയിൽ ഉയരാൻ ഉള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. ഹരിത വിഷയം കൈകാര്യം ചെയ്തതിൽ നേതൃത്വത്തിന് തെറ്റ് പറ്റി എന്ന് കരുതുന്ന വലിയൊരു വിഭാഗം നേതാക്കൾ പാർട്ടിയുടെ നേതൃ നിരയിൽ തന്നെ ഉണ്ട്.

ഹരിത വിവാദങ്ങൾക്ക് പുറമെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഡൽഹിയിൽ നിന്നുള്ള തിരിച്ച് വരവും, ചന്ദ്രിക ഫണ്ട് വിവാദവും ഇ.ഡിയുടെ ഇടപെടലും  വരെ യോഗത്തിൽ ചൂടുള്ള ചർച്ച ആകാൻ സാധ്യത ഉള്ള കാര്യങ്ങളാണ്. പി.എം.എ. സലാമിന് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല നൽകിയതും ചർച്ചയായേക്കും. ഹാഗിയ സോഫിയ വിഷയത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന, ന്യൂനപക്ഷ സ്കോളർഷിപ് വിഷയങ്ങൾ മുതൽ നാർകോടിക് ജിഹാദ് വരെ ഉള്ള വിവാദങ്ങൾ തുടങ്ങിയവ എല്ലാം മുസ്ലിം ലീഗും ക്രിസ്തീയ സഭകളും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുകൾ തീർത്തിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം നിർണായക ചർച്ചകളും തീരുമാനങ്ങളും പ്രവർത്തകസമിതി യോഗത്തിൽ ഉണ്ടാകും.

സമഗ്രമായ അഴിച്ചുപണി ഇല്ലാതെ പാർട്ടിക്ക് ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ലീഗിനുള്ളിൽ തന്നെ ഒരു വിഭാഗം വിശ്വസിക്കുന്നു. കോൺഗ്രസ്സിനെ പോലെ സർവ തലങ്ങളിലും മാറ്റം വേണമെന്നാണ് ഇവരുടെ അഭിപ്രായം. പാർട്ടിക്കുള്ളിലും പുറത്തും ഇത് പോലെ ലീഗ് പ്രതിസന്ധി നേരിട്ട ഒരു സമയം മുൻപ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രവർത്തക സമിതി യോഗവും ചർച്ചകളും തീരുമാനങ്ങളും ലീഗ് ചരിത്രത്തിൽ തന്നെ ഏറെ നിർണായകമാകും.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് മാസങ്ങൾക്കുശേഷമാണ് പ്രവർത്തക സമിതി ചേരുന്നത്. നേരത്തെ പലതവണ യോഗം നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളും മറ്റു പ്രശ്നങ്ങളും കാരണം ചേരാനായില്ല. പ്രവർത്തകസമിതി യോഗം ചെയ്തതിനെതിരെ പാർട്ടിയിൽ തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

മുസ്ലീം ലീഗിന്റെ സംസ്ഥാന ഭാരവാഹികൾ, എംഎൽഎമാർ, എംപിമാർ, ദേശീയ ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, പോഷക സംഘടനാ ഭാരവാഹികൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവരടക്കം നൂറ്റമ്പതോളം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല. ഉന്നതാധികാര സമിതി അംഗവും മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ടുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആകും അധ്യക്ഷനാവുക.
Published by:user_57
First published: