മലപ്പുറം: സംസ്ഥാനതല രാമായണ ക്വിസ് മത്സരത്തിൽ വിജയികളായി വളാഞ്ചേരി കെകെഎച്ച്എം ഇസ്‌ലാമിക് ആൻഡ് ആർട്‌സ് കോളജിലെ ഇസ്‌ലാമിക് സ്റ്റഡീസിലെ രണ്ട് വിദ്യാർഥികൾ. എട്ടുവർഷ വാഫി കോഴ്‌സിലെ അവസാന വർഷ വിദ്യാർത്ഥി പി കെ മുഹമ്മദ് ജാബിർ, അതേ കോഴ്‌സിലെ അഞ്ചാം വർഷ വിദ്യാർത്ഥി മുഹമ്മദ് ബാസിത്ത് എന്നിവരാണ് വിജയിച്ച അഞ്ച് പേരിൽ ഉൾപ്പെടുന്നത്. ഒരു പബ്ലിഷിംഗ് ഹൗസ് ഓൺലൈനിലാണ് മത്സരം നടത്തിയത്. എം പി അഭിരാം, നീതു കൃഷ്ണൻ, നവനീത് ഗോപൻ എന്നിവരാണ് മറ്റ് വിജയികൾ.
മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട സാഹിത്യം വായിക്കാൻ ആളുകൾ വിമുഖത കാണിക്കരുതെന്ന് ജാബിർ പറഞ്ഞു. “നമ്മൾ എല്ലാ മതങ്ങളെയും അവരുടെ മതഗ്രന്ഥങ്ങളിലൂടെ മനസ്സിലാക്കണം. എന്നാൽ നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് പിന്തുടരണം. ഞാൻ എല്ലാ മതങ്ങളുടെയും സാഹിത്യങ്ങൾ വായിക്കുകയും ഇസ്ലാമിനെ പിന്തുടരുകയും ചെയ്യുന്നു. ആയിരത്തിലധികം വിദ്യാർത്ഥികൾ പ്രശ്നോത്തരിയിൽ പങ്കെടുത്തു'' ജാബിർ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Also Read- നവോത്ഥാന സംരക്ഷണ സമിതി കൺവീനർ സ്ഥാനം പുന്നല ശ്രീകുമാർ രാജിവച്ചു; പി രാമഭദ്രന് താൽക്കാലിക ചുമതല
വാഫി കോഴ്‌സിന്റെ സിലബസിൽ ഹിന്ദുമതം, സിഖ് മതം, ജൈനമതം എന്നിവയുൾപ്പെടെ മറ്റ് മതങ്ങളുടെ പഠനം ഉൾപ്പെടുന്നുവെന്നും ജാബിർ പറഞ്ഞു. മറ്റ് മതങ്ങളുടെ സാഹിത്യങ്ങൾ വായിക്കരുതെന്ന് ആരും ഞങ്ങളോട് ആവശ്യപ്പെടുന്നില്ല. നമ്മുടെ കോഴ്‌സ് പോലും മറ്റ് മതങ്ങളെക്കുറിച്ച് പഠിക്കാനും അവയുടെ മൂല്യങ്ങൾ മനസ്സിലാക്കാനും ആവശ്യപ്പെടുന്നു. എല്ലാ മതങ്ങളും നമ്മോട് ഐക്യത്തോടെ ജീവിക്കാനാണ് ആവശ്യപ്പെടുന്നതെന്നും അവയൊന്നും വിദ്വേഷം വളർത്തുന്നില്ലെന്നും ജാബിർ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് രാമായണത്തെക്കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ടെന്ന് ജാബിർ പറഞ്ഞു.
“രാമായണത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അത് രാമൻ എന്ന ഉത്തമ വ്യക്തിയെകുറിച്ച് പറയുന്നു. സഹോദരങ്ങൾ തമ്മിലുള്ള മനോഹരമായ ബന്ധവും ഒരു രാജ്യം എങ്ങനെ മികച്ച രീതിയിൽ ഭരിക്കാൻ കഴിയുമെന്നും ഇത് കാണിക്കുന്നു, ” അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് തന്നെ രാമായണത്തിൽ താൽപര്യം വളർത്തിയെടുത്തതായി ബാസിത് പറഞ്ഞു. “എന്റെ കുട്ടിക്കാലത്ത് ബാലസാഹിത്യത്തിൽ നിന്ന് രാമായണത്തെക്കുറിച്ച് ഞാൻ ധാരാളം വായിച്ചിട്ടുണ്ട്. അടുത്തിടെ, മതഗ്രന്ഥത്തെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുടെ ലൈബ്രറിയും ഉപയോഗിച്ചു,” അദ്ദേഹം പറഞ്ഞു.
Also Read- 'മുസ്ലിം സമുദായത്തിനായി VC നിയമനം നടത്തിയെന്ന് കെ ടി ജലീൽ വെളിപ്പെടുത്തി': വെള്ളാപ്പള്ളി നടേശൻ
ഇസ്‌ലാമിക പഠനത്തോടൊപ്പം വാഫി വിദ്യാർത്ഥികൾ ഒരു ബിരുദ കോഴ്‌സും പൂർത്തിയാക്കേണ്ടതുണ്ടെന്ന് ജാബിർ വ്യക്തമാക്കി. “ഞങ്ങളുടെ എട്ട് വർഷത്തെ വാഫി കോഴ്‌സിന് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഞങ്ങൾ ഒരു യൂണിവേഴ്സിറ്റിക്ക് കീഴിൽ ഒരു ബാച്ചിലേഴ്സ് ഡിഗ്രി കോഴ്‌സ് ചെയ്യേണ്ടതുണ്ട്. വിദൂര വിദ്യാഭ്യാസത്തിലൂടെയാണ് നമ്മളിൽ ഭൂരിഭാഗം പേരും ഡിഗ്രി കോഴ്‌സ് പൂർത്തിയാക്കുന്നത്. ചില ഇസ്ലാമിക് സ്റ്റഡീസ് കോളേജുകൾ ഒരേ കാമ്പസിൽ റഗുലർ കോഴ്‌സുകളും ഇസ്ലാമിക് സ്റ്റഡീസും ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നു,” അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രശ്നോത്തിരിയിലെ വിജയികളെ പ്രഖ്യാപിച്ചതിന് ശേഷം, മുസ്ലീം വിദ്യാർത്ഥികൾ മറ്റ് മതങ്ങളെക്കുറിച്ച് പഠിക്കുന്നത് മറ്റ് മതങ്ങളുടെ അനുയായികളെ പരിഹസിക്കാനാണെന്ന് പറഞ്ഞ് ചിലർ ഇരുവരേയും വിമർശിച്ചു. “അത്തരം അഭിപ്രായങ്ങൾ വളരെ നിരാശാജനകമാണ്. മറ്റ് മതങ്ങളിലെ ആളുകളുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നതിനാൽ ഞങ്ങൾ മറ്റ് മതങ്ങളെക്കുറിച്ച് പഠിക്കുന്നു, ”- വിമർശനങ്ങളോട് ജാബിർ പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malappuram, Quiz competetion, Ramayana, Ramayanam, Valanchery