കോഴിക്കോട്: മുസ്‌ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തില്‍ മുസ്‌ലിം തീവ്രവാദം വളരാത്തതെന്ന് നടന്‍ ജോയ് മാത്യു. കോണ്‍ഗ്രസ്, ലീഗ് പാര്‍ട്ടികള്‍ തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ നടത്തുന്ന പന്ത്രണ്ട് മണിക്കൂർ ഉപവാസത്തില്‍ കോഴിക്കോട് കടപ്പുറത്ത് സംസാരിക്കുകയായിരുന്നു ജോയ് മാത്യു.
'എന്തുകൊണ്ടാണ് ഈ മുസ്ലിം ലീഗ് എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഈ മുസ്ലിം എന്ന പേരില്ലായിരുന്നെങ്കിൽ ഇത് അതിമനോഹരമായ ഒരു പാർട്ടിയാകുമായിരുന്നു. പക്ഷെ നിങ്ങൾ സമ്മതിക്കില്ലല്ലോ. ഈ ലീഗുള്ളതുകൊണ്ടാണ് ഇവിടെ മുസ്ലിം തീവ്രവാദ സംഘടനകൾ വളരാത്തത്. ഇതുകൂടി ഇല്ലായിരുന്നെങ്കിൽ കേരളം ഈ കാണുന്നതായിരിക്കില്ല. അതി പൈശാചികമായിട്ടുള്ള ഭരണക്രമത്തിലേക്ക് ജനങ്ങളെ തള്ളിവിടുന്ന, ഫാസിസത്തേക്ക് അപ്പുറം പോകുന്ന നരഹത്യയിലേക്ക് കൊണ്ടുപോകുന്ന ഒരു തീവ്രവാദത്തെ നാം ആശ്ലേഷിച്ചേനെ. ബാഫഖി തങ്ങളും സി എച്ചും ഒക്കെ പടുത്തുയർത്തിയ ഈ ഒരു പ്രസ്ഥാനമുള്ളതുകൊണ്ട് മാത്രമാണ്, മുസ്ലിം തീവ്രവാദ ഗ്രൂപ്പുകൾക്ക് കേരളത്തിൽ വേരുറപ്പിക്കാൻ കഴിയാതെ പോയത്. അവരുടെ നുഴഞ്ഞുകയറ്റമായിരിക്കും നമ്മൾ നേരിടുന്ന മറ്റൊരു വെല്ലുവിളി. അതിനെ നിങ്ങൾ ചെറുക്കും എന്നെനിക്കറിയാം. '- ജോയ് മാത്യു പറഞ്ഞു.
Also Read- ലഫ്. ഗവർണർ ആയിരുന്നപ്പോൾ കെജ്രിവാളിന്‍റെ മുഖ്യശത്രു; ഇപ്പോൾ കട്ടഫാൻ''ചെറിയ ചെറിയ പ്രതിരോധങ്ങളാണ് നമുക്ക് ആവശ്യം. പറയുന്നതൊന്നും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ആഭ്യന്തരമന്ത്രിയുള്ള ഈ നാടാണിത്. യുഎപിഎ നടപ്പിൽ വരുത്തില്ല. എന്ന് അധികാരമേറ്റ ഉടനെ പറഞ്ഞത് നാം കണ്ടിരുന്നു. ഇതേ ആളുതന്നെ സ്വന്തം പാർട്ടിയിലെ ചെറുപ്പക്കാരെ യുഎപിഎ ചുമത്തി കുടുക്കുക മാത്രമല്ല, എൻഐഎക്ക് ഏൽപിച്ചുകൊടുക്കുകയും ചെയ്തു. ഇത് എന്തിനാണെന്ന് സാധാരണ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കും. സ്വന്തം പാർട്ടിക്കാരായ മക്കൾ ചോദ്യം ചോദിച്ചാൽ യുഎപിഎ. അതുകൊണ്ടാണ് ജെ എൻ യുവിലും അലിഗഡിലും വലിയ സമരമുണ്ടായപ്പോൾ ഇവിടത്തെ ചോര തിളക്കുന്ന ചെഗുവേര കുട്ടികൾ ഇതൊന്നും കാണാതെ പോയത്. സ്വന്തം പാർട്ടിയിലെ സഖാവിനെ കുത്താൻ യാതൊരു മടിയുമില്ല.അങ്ങനെയായി മാറിയിട്ടുണ്ട് ഈ പാര്‍ട്ടി. അതുകൊണ്ടാണ് അലൻ -താഹ വിഷയത്തിൽ ഏറ്റവും ശക്തമായി പ്രതിഷേധിക്കേണ്ടത് ആരാണോ അവർ മിണ്ടാതിരിക്കുന്നത്. ഇത് ഭയന്നിട്ടാണ്''- ജോയ് മാത്യു വ്യക്തമാക്കി.
''എന്റെ ഫീൽഡിൽ ഉള്ളവർ ചോദിക്കുന്നു. പ്രസംഗിക്കാനൊക്കെ പോയി നിങ്ങൾ ഉള്ള അവസരം കളയണോ എന്ന്. സത്യത്തിൽ ചാൻസ് നഷ്ടപ്പെടുന്നു.... പ്രതികരിക്കാൻ ബാക്കിയുള്ളവർക്ക് പേടിയാണ്. അവസരം നഷ്ടപ്പെടുമെന്നോ അല്ലെങ്കിൽ ഭരിക്കുന്ന പാർട്ടിയുടെ അപ്രീതിക്ക് കാരണമാകുമെന്നോ അവർ ഭയപ്പെടുന്നു. 50 വയസുകഴിഞ്ഞാൽ കിട്ടുന്ന ഓരോ ദിവസവും ബോണസായാണ് ഞാൻ വിചാരിക്കുന്നത്. ശരിയെന്ന് തോന്നുന്നത് ആരുടെ മുഖത്തും നോക്കി പറഞ്ഞ് പുലിപോലെ മരിക്കുക. പറയാനുള്ള സ്വാതന്ത്ര്യമാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 19കാരനായ കുട്ടിയെ നാലുവർഷമായി നിരീക്ഷിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇതൊന്നുമതി രാജ്യദ്രോഹത്തിന് പൊലീസിനെതിരെ കേസെടുക്കാൻ. സ്വകാര്യതയിലേക്ക് കടന്നുകയറി ഒരാളെ ഫോളോ ചെയ്യുന്നു. പുസ്തകം വായിക്കുന്നു, യോഗങ്ങളിൽ പങ്കെടുക്കുന്നു. എന്നൊക്കെ പറഞ്ഞാണ് അറസ്റ്റ്''- അദ്ദേഹം കൂട്ടിച്ചേർത്തു.
''പാർട്ടിയാണ് എല്ലാമെന്ന് വിശ്വസിക്കുന്നവരാണ് അലന്റെയും താഹയുടെയും മാതാപിതാക്കൾ. അതൊരു ഇരുമ്പ് കൂടാണ്. തുറന്ന പുസ്തകങ്ങളാണ് നമുക്കാവശ്യം. മുസ്ലിംലീഗ് തുറന്നപുസ്തകമാണ്. കോൺഗ്രസും അങ്ങനെ തന്നെ. ഇവർ യോജിക്കാത്തതിന്റെ പേരിൽ യുഎപിഎ ചുമത്തുമെന്ന് എനിക്ക് തോന്നുന്നില്ല''- ജോയ് മാത്യു പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.