തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് മുസ്ലിം യൂത്ത് ലീഗ്. ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് ജില്ലാ പൊലീസ് ആസ്ഥാനങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് പതിക്കുമെന്ന് പി കെ ഫിറോസ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ മൂന്നാം ദിവസവും പ്രതിഷേധിക്കുകയാണ്. സെക്രട്ടേറിയറ്റിലേക്കും കളക്ട്രേറ്റുകളിലേക്കും കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ദേശീയപാത ഉപരോധിക്കാന്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. തുടര്‍ന്ന് കളക്ട്രേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കണ്ണൂരിലും കൊച്ചിയിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസര്‍കോട്ട് പ്രതിഷേധക്കാര്‍ ബിരിയാണി ചെമ്പ് കളക്ട്രേറ്റിലേക്ക് വലിച്ചെറിഞ്ഞു. സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങളിലേക്കാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.
കൊല്ലത്ത് കോണ്‍ഗ്രസ് ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ സംയുക്തമായി കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലേക്ക് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനും ആര്‍വൈഎഫ് പ്രവര്‍ത്തകനും പരിക്കേറ്റു. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പത്തനംതിട്ടയിലും ആലപ്പുഴയിലും മാര്‍ച്ച് പൊലീസ് തടഞ്ഞു.
അതേസമയം ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും തടവറയിലാക്കുമെന്നും മകനെ കാണാന്‍ കഴിയാതെയാകുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് ആരോപിച്ചു. പാലക്കാട് എച്ച്ആര്‍ഡിഎസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിട്ടത്.
യാത്രാവിലക്ക് മാറ്റാന്‍ സഹായിക്കാമെന്ന് ഷാജ് കിരണ്‍ സ്വപ്നയോട് പറയുന്നത് ശബ്ദരേഖയിലുണ്ട്. എഡിജിപി വിളിച്ചിരുന്നതായും ഷാജ് പറയുന്നുണ്ട്. നികേഷ് വൈകുന്നേരത്തിനുള്ളില്‍ വന്ന് കാണും. കേസില്‍ നിങ്ങളുടെ വക്കിലൂം പ്രതിയാകുമെന്ന് ഷാജ് കിരണ്‍ സ്വപ്ന സുരേഷിനോട് പറയുന്നുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.