കോഴിക്കോട്: ഇന്ത്യയിൽ മുസ്ലിം സമുദായം വെല്ലുവിളി നേരിടുന്നില്ലെന്ന് കാന്തപുരം എ പി വിഭാഗം. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തനം നടക്കുന്ന മറ്റൊരു രാജ്യവും ഇല്ലെന്ന് സമസ്‌ത എ പി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ല്യാർ പറഞ്ഞു. കോഴിക്കോട്ട് എസ് എസ് എഫ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി ഉൾപ്പടെയുള്ള ഇസ്‌ലാമിക രാജ്യങ്ങളിൽ പോലും ഈ സ്വാതന്ത്ര്യമില്ല. യുഎഇയിൽ പത്ത് വർഷം മുൻപ് തന്നെ തടഞ്ഞിരുന്നുവെന്നും അബ്ദുൽ ഖാദർ മുസ്‌ല്യാർ പറഞ്ഞു.
ഇതേ നിലപാടുമായി ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും രംഗത്തുവന്നു. മുസ്ലിംകൾക്കെതിരെ ഇന്ത്യക്കകത്തും പുറത്തും തെറ്റിദ്ധാരണയുണ്ട്. സമുദായം വിവേക പൂർവ്വം പ്രവർത്തിക്കാത്തതാണ് തെറ്റിദ്ധാരണക്ക് കാരണം. സർക്കാറിനെയോ മറ്റ് സംഘടനകളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മുഹമ്മദ് ഫൈസി പറഞ്ഞു. സമുദായം തിരുത്തേണ്ടത് തിരുത്തണം. മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തുകയും വേണം. ഈ നിലവാരത്തിലേക്ക് യുവാക്കളും പണ്ഡിതൻമാരും ഉയരണം
എങ്കിൽ മാത്രമേ തെറ്റിദ്ധാരണ അവസാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പോപ്പുലർ ഫ്രണ്ടിനെതിരെ പരോക്ഷ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസലിയാർ രംഗത്തെത്തി. രാജ്യത്തിന്റെ സംസ്കാരം മാറ്റിമറിക്കാൻ ആരെയും അനുവദിക്കരുത്. ഭീകരവാദം വിജയിക്കരുതെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.