നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ജയിലിലും ഭീഷണി മുഴക്കി മുട്ടിൽ കേസ് പ്രതികൾ; റോജി അഗസ്റ്റിനെ കണ്ണൂർ ജയിലിലേക്ക് മാറ്റി

    ജയിലിലും ഭീഷണി മുഴക്കി മുട്ടിൽ കേസ് പ്രതികൾ; റോജി അഗസ്റ്റിനെ കണ്ണൂർ ജയിലിലേക്ക് മാറ്റി

    ആന്റോ അഗസ്റ്റിൻ മാനന്തവാടി ജയിലിൽത്തന്നെ കഴിയുകയാണ്. മുമ്പ് മൊഴിയെടുക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെയും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.

    News18

    News18

    • Share this:
    കോഴിക്കോട്: മുട്ടിൽ മരം മുറിക്കേസിലെ മുഖ്യപ്രതികൾ ജയിലിലും ഭീഷണി ഉയർത്തുന്നതായി പരാതി. മാനന്തവാടി ജയിൽ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് റോജി അഗസ്റ്റിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ആന്റോ അഗസ്റ്റിൻ മാനന്തവാടി ജയിലിൽത്തന്നെ കഴിയുകയാണ്. മുട്ടിൽ കേസ് പ്രതികളുടെ ഭീഷണിയെക്കുറിച്ച് ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മുമ്പ് മൊഴിയെടുക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെയും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. കേസിലെ മറ്റ് പ്രതികളായ ജോസൂട്ടി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

    മുട്ടിൽ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. പുറത്തിറങ്ങിയാൽ വെറുതെ വിടില്ലെന്ന് പ്രതികൾ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ ധനേഷ് കുമാർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അരുൺ ഐഎഫ്എസ്സിന് പരാതി നൽകി. അരുൺ പരാതി എഡിജിപി ശ്രീജിത്തിന് കൈമാറി.

    വനം വകുപ്പ് ഉദ്യോഗസ്ഥർ മാനന്തവാടി സബ് ജയിലിലെത്തി ചോദ്യം ചെയ്യുന്നതിനിടെയും പ്രതി ആൻ്റോ അഗസ്റ്റിൻ ഭീഷണിപ്പെടുത്തിയിരുന്നു. മാറാട് എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് പി ധനേഷ് കുമാറിൻ്റെ ഓഫീസിലെത്തി മൊഴിയെടുത്തു. മേപ്പാടി റെയ്ഞ്ച് ഓഫീസർ എം കെ സമീറിനെതിരെ പ്രതി ആൻ്റോ അഗസ്റ്റിൻ ഭീഷണി മുഴക്കിയിരുന്നു. എം കെ സമീറും പരാതി നൽകി.

    പ്രതികള്‍ക്കെതിരെ 42 കേസുകളാണ് മുട്ടില്‍ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട് വനംവകുപ്പ് ചുമത്തിയത്. വാഴവറ്റ സ്വദേശികളായ റോജി അഗസ്റ്റിന്‍, ആന്റോ  അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരാണ് മുഖ്യപ്രതികള്‍.  ചുമത്തിയ കേസുകളുടെ എല്ലാ വകുപ്പുകളും  ജൈവവൈവിധ്യ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ അറസ്റ്റിന് തടസ്സമുണ്ടാകില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.

    മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യുമന്ത്രി വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
    മേപ്പാടി റെയ്ഞ്ചിന് കീഴിലെ മരംമുറിയുമായി ബന്ധപ്പെട്ട് അഞ്ച്  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായ വനപാലകര്‍ക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകര്‍ക്ക് മരംമുറിയ്ക്കാമെന്ന ഉത്തരവിന്റെ മറവിലാണ് വയനാട്ടില്‍ 15 കോടിയുടെ ഈട്ടിക്കൊള്ള അരങ്ങേറിയത്.

    ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥൻ സർക്കാറിന് നൽകിയ റിപ്പോർട്ടിൽ ഗൂഢാലോചന നടന്നതായി വ്യക്തമാക്കുന്നുണ്ട്. എൻ  ടി സാജൻ ഐ എഫ് എസ്, മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടം എന്നിവരുടെ ഇടപെടൽ വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ട്. എന്നാൽ ഗൂഢാലോചനയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യാൻ പോലും പ്രത്യേക അന്വേഷണസംഘം തയ്യാറായിട്ടില്ല. പ്രതികളും ദീപക് ധർമ്മടവും എൻ  ടി സാജനും തമ്മിലുള്ള ഫോൺ രേഖകൾ പുറത്തുവന്നതോടെ ഗൂഢാലോചന പുറത്തു വന്നിരുന്നു.
    Published by:Sarath Mohanan
    First published:
    )}