Muttil Tree Felling |മുട്ടിൽ കേസ് അട്ടിമറിക്കാൻ മറ്റൊരു വനംവകുപ്പ് ഉദ്യോഗസ്ഥനും കൂട്ടുനിന്നു; റേഞ്ച് ഓഫീസർ പത്മനാഭനെതിരെ അന്വേഷണ റിപ്പോർട്ട്
Muttil Tree Felling |മുട്ടിൽ കേസ് അട്ടിമറിക്കാൻ മറ്റൊരു വനംവകുപ്പ് ഉദ്യോഗസ്ഥനും കൂട്ടുനിന്നു; റേഞ്ച് ഓഫീസർ പത്മനാഭനെതിരെ അന്വേഷണ റിപ്പോർട്ട്
പ്രതികള്‍ക്ക് വേണ്ടി പത്മനാഭൻ ഒത്തുകളിച്ചെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റർ റിപ്പോർട്ട് നൽകി. പത്മനാഭന് മെയ് 31 വിരമിക്കുമെന്നിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കോഴിക്കോട്: മുട്ടിൽ ഈട്ടികൊള്ള കേസില്‍ കല്പറ്റ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസറായിരുന്ന പത്മാനഭനെതിരെ അന്വേഷണ റിപ്പോർട്ട്. പ്രതികള്‍ക്ക് വേണ്ടി പത്മനാഭൻ ഒത്തുകളിച്ചെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റർ റിപ്പോർട്ട് നൽകി. ഈ മാസം വിരമിക്കുമെന്നിരിക്കെയാണ് നിർണായക തെളിവുകൾ ലഭിച്ചത്. മുട്ടില്‍ കേസിലെ പ്രതികളുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് കണ്ടെത്തൽ.
മുട്ടില്‍ കേസിലും വൃക്ഷത്തൈ നടല്‍ ക്രമക്കേടിലും ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് റേഞ്ച് ഓഫീസര്‍ എം പത്മനാഭന്. സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ മരംകൊള്ളയ്ക്ക് കല്പറ്റ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ ആയിരിക്കെ ഒത്താശ ചെയ്തെന്നാണ് ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാറിന്റെ റിപ്പോര്‍ട്ടിലുള്ളത്. എം പത്മനാഭന് മെയ് 31 വിരമിക്കുമെന്നിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
പത്മനാഭനെതിരെ മുമ്പ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വിശദമായ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥന് നല്‍കുന്നത്. കല്പറ്റ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസറായിരിക്കെ 2016-2021 കാലയളവിലാണ് സംഭവം. 2021 ജനുവരി ആറിനും മെയ് 30നും ഇടയില്‍ പത്മനാഭന് 130 തവണ മുട്ടില്‍ കേസിലെ പ്രതി റോജി അഗസ്റ്റിനെ വിളിച്ചെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. റോജി 101 തവണ പത്മനാഭനെ തിരിച്ചുവിളിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. പ്രതികളുമായി പത്മനാഭന് വഴിവിട്ട ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈട്ടിത്തടികള്‍ വയനാട്ടില്‍ നിന്ന് കടത്തികൊണ്ടുപോയിട്ടും നടപടിയെടുത്തില്ല. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതിന് പകരം അവര്‍ക്കൊപ്പം നിലകൊണ്ടുവെന്നും ഡി കെ വിനോദ് കുമാറിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇത് സംബന്ധിച്ച കുറ്റപത്രം വനംവകുപ്പ് പത്മനാഭന് കൈമാറി.
മുട്ടില്‍ ഈട്ടിക്കൊള്ളയില്‍ അഗസ്റ്റിന് സഹോദരങ്ങളുടെ പങ്ക് പുറത്തുകൊണ്ടുവന്ന അന്വേഷണ ഉദ്യോഗസ്ഥനെ കുടുക്കാന്‍ വ്യാജ റിപ്പോര്‍ട്ടുണ്ടാക്കിയെന്ന ആരോപണം നേരിടുന്നഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന് ഐഎഫ്എസിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോർട്ട് ഫയല്‍ സഹിതം മുഖ്യമന്ത്രി മടക്കിയിരുന്നു.
മുട്ടില്‍ ഈട്ടിക്കൊള്ള അട്ടിമറിക്കാന്‍ മണിക്കുന്ന് മലയിലെ ജന്മം പട്ടയഭൂമിയിലെ മരംമുറിയില്‍ മേപ്പാടി റെയ്ഞ്ച് ഓഫീസറെ കേസില്‍ കുടുക്കാന്‍ നീക്കം നടത്തിയെന്ന പരാതിയില്‍ സാജനെതിരെ വകുപ്പുതല അന്വേഷണം നടന്നിരുന്നു. സാജനെതിരെ വകുപ്പുതല നടപടി ശുപാര്‍ശ ചെയ്യുന്ന ഫയലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മടക്കിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ മാത്രം ഗൗരവം അന്വേഷണ റിപ്പോര്‍ട്ടിനില്ലന്ന് കാണിച്ചാണ് ഫയല്‍ വനംമന്ത്രിയുടെ ഓഫീസിലേക്ക് തിരിച്ചയച്ചതെന്നാണ് വിവരം.
വനംവകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച വനമഹോത്സവത്തില്‍ മന്ത്രി എ കെ ശശീന്ദ്രനും മുട്ടില്‍ മരംമുറിയില്‍ ആരോപണവിധേയനായ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനും വേദി പങ്കിട്ടത് വിവാദമായിരുന്നു. മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി മേപ്പാടി റെയ്ഞ്ച് ഓഫീസറെ സാജന് കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം നടത്തിയെന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
മാത്രമല്ല മുഖ്യപ്രതികളെ സാജന് 56 തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകളും പുറത്തുവന്നിരുന്നു. വകുപ്പുതല അന്വേഷണം നേരിടുന്നതിനിടെയാണ് സാജന് മന്ത്രിയ്ക്കൊപ്പം ഒരേ വേദിയിലെത്തുന്നത്. വൃക്ഷത്തൈ ക്രമക്കേടിലും എൻ ടി സാജനും പത്മനാഭനുമെതിരെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.