കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ഉത്സവപ്പറമ്പുകളിലും പെരുന്നാള്‍ ആഘോഷങ്ങളിലും നിരവധി കലാവേദികളിലും ഒരു കാലത്ത് അവരായിരുന്നു താരങ്ങള്‍.. ഏയ്ഞ്ചല്‍ വോയ്സ് മുവാറ്റുപുഴ (Angel Voice Muvattupuzha) . ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ സദസ്സുകള്‍ കാണികളാല്‍ തിങ്ങി നിറഞ്ഞിരുന്നു. എത്രയെത്ര വേദികളില്‍ അവര്‍ സംഗീതവിരുന്നൊരുക്കി. മൂന്ന് പതിറ്റാണ്ടിലേറെ കേരളത്തിലെ കലാരംഗത്ത് ജൈത്രയാത്ര നടത്തിയ മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയിസ് ഗാനമേള ട്രൂപ്പിന്റെ ഡയറക്ടറും ഗായകനുമായ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു((Fr. Kuriakose Kachiramattam Passed away). വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.
'കരകവിഞ്ഞൊഴുകും കരുണയിന്‍ കരങ്ങള്‍' എന്ന ഗാനം ആലപിച്ചുകൊണ്ട് ഫാ. കുര്യാക്കോസ് കച്ചിറമറ്റം തന്നെയാണ് ഗാനമേളയ്ക്ക് തുടക്കമിട്ടിരുന്നത്. അദ്ദേഹം പാടുന്നത് കേള്‍ക്കാന്‍ കൊതിച്ച നിരവധി ആരാധകര്‍ അന്ന് കേരളത്തിലുണ്ടായിരുന്നു. കുര്യാക്കോസ് കച്ചിറമറ്റത്തിന്റെ കുര്‍ബാന അര്‍പ്പണവും വിശ്വാസികള്‍ക്ക് ഏറെ പ്രിയങ്കരമായിരുന്നു.
1967ല്‍ പൗരോഹിത്വം സ്വീകരിച്ച് വൈദികനായ ശേഷം കോതമംഗലം കത്തീഡ്രലില്‍ അസി. വികാരിയായി സേവനം അനുഷ്ഠിക്കുമ്പോഴാണ് അദ്ദേഹം കലരംഗത്തേക്ക് കടന്നുവരുന്നത്. നാടുകാണി ഇടവകയില്‍ പ്രവര്‍ത്തിക്കുമ്പോളാണ് ഏയ്ഞ്ചല്‍ വോയ്സ് എന്ന പേരില്‍ പള്ളിയിലെ ഗായകസംഘം ആരംഭിക്കുന്നത്. പെരുന്നാളുകള്‍ക്കും മറ്റും സംഗീത പരിപാടി അവതരിപ്പിക്കലായിരുന്നു ലക്ഷ്യമെങ്കിലും കേരളം ട്രൂപ്പിനെ ഒന്നടങ്കം ഏറ്റെടുത്തതോടെ ഏയ്ഞ്ചല്‍ വോയ്സ് മൂവാറ്റുപുഴ ഇന്നത്തെ നിലയിലേക്ക് വളരുകയായിരുന്നു.
ഏയ്ഞ്ചല്‍ വോയ്സിനൊപ്പം അദ്ദേഹം ആരംഭിച്ച സംഗീത വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ കലാരംഗത്ത് മികച്ച നിരവധി പ്രതിഭകളെ സംഭവാന ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അയ്യായ്യിരത്തിലധികം വേദികളില്‍ ഫാദര്‍ കുര്യാക്കോസ് പാടിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.