മലപ്പുറം: ആർഎസ്എസുമായുള്ള കൂടിക്കാഴ്ച്ചാ വിവാദത്തിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയം കുറുക്കന്റെ കയ്യിലേക്ക് കോഴിയെ പോറ്റാൻ കൊടുത്ത അവസ്ഥ ആയി മാറിയെന്ന് മലപ്പുറത്ത് സിപിഎം ജനകീയ പ്രതിരോധ ജാഥയിൽ എംവി ഗോവിന്ദൻ പറഞ്ഞു.
ആർഎസ്എസുമായുള്ള ചർച്ച തീർന്നിട്ടില്ലെന്ന് ജമാഅത്ത് നേതാക്കൾ തന്നെയാണ് പറയുന്നത്. ചർച്ച തുടരുകയാണത്രേ. വർഗീയശക്തികൾ ഏറ്റുമുട്ടിയാൽ അത് വർഗപ്രസ്ഥാനങ്ങളെ ബാധിക്കും.
കൂടിക്കാഴ്ച്ചക്കെതിരെ യു ഡി എഫോ, മുസ്‌ലിം ലീഗോ കോൺഗ്രസോ ഇതുവരെ മിണ്ടിയിട്ടില്ല.
ആർ എസ് എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയുടെ ആളായി കെപിസിസി പ്രസിഡന്റ് മാറി എന്നു പറഞ്ഞാൽ തെറ്റാവില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, എംവി ഗോവിന്ദൻ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്ര മലപ്പുറം ജില്ലയിൽ പര്യടനം തുടരുകയാണ്. നാളെ രാവിലെ 8ന് മലപ്പുറത്ത് പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടക്കും. തുടർന്ന് എം വി ഗോവിന്ദൻ മാധ്യമപ്രവർത്തകരെ കാണും. വേങ്ങര, അത്താണിക്കൽ, ചെമ്മാട്, താനൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം തിരൂരിൽ ആണ് യാത്രയുടെ സമാപനം.
ആർഎസ്എസുമായുള്ള ചർച്ചാ വിവാദത്തിന് പിന്നിൽ സിപിഎമ്മിന്റെ തിരക്കഥയാണെന്ന് ജമാഅത്തെ ഇസ്ലാമി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ജമാ അത്തെ ഇസ്ലാമി വിമർശനം ഇസ്ലാമോഫോബിയ ആണെന്നും വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്ന് എംവി ഗോവിന്ദൻ നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.