• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സർക്കാർ ജീവനക്കാരൻ കൂലിപ്പണി ചെയ്യുന്നു'; പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് എം വി ജയരാജൻ

'സർക്കാർ ജീവനക്കാരൻ കൂലിപ്പണി ചെയ്യുന്നു'; പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് എം വി ജയരാജൻ

മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ജീവനക്കാരൻ ശമ്പളം കിട്ടാത്തതിനാൽ കൂലിപ്പണി ചെയ്യുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സത്യവിരുദ്ധവും പ്രതിഷേധാർഹവും ആണെന്ന് സി പി എം ജില്ലാ സെക്രട്ടറി എം പി ജയരാജൻ

  • Share this:
    കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ജീവനക്കാരൻ ശമ്പളം കിട്ടാത്തതിനാൽ കൂലിപ്പണി ചെയ്യുന്നു എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സത്യവിരുദ്ധവും പ്രതിഷേധാർഹവും ആണെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ.

    "അവധി ദിവസം ബാബു സഹോദരന്‍റെ വീട് നിര്‍മാണത്തിന് സഹായിച്ചതാണെന്നതാണ് സത്യം.  ആ ചിത്രം ആരോ ഒരാള്‍ വീഡിയോവില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധപ്പെടുത്തി. അത് പ്രതിപക്ഷ നേതാവ് ഏറ്റുപിടിച്ചു.  സത്യം പിന്നീട് ബാബു തന്നെ സോഷ്യല്‍ മീഡിയയിലൂടെയും ചില ചാനലുകളിലൂടെയും ജനങ്ങളിലെത്തിച്ചു.  ബാബുവിനും ഭാര്യയ്ക്കും ജോലിയുണ്ട്. രണ്ട് പേര്‍ക്കും സര്‍ക്കാര്‍ ജോലിയാണ്. സ്വന്തമായി വീടുമുണ്ട്. അല്ലലില്ലാതെ ഒരു വിധം ജീവിക്കുന്നതാണ് ബാബുവും കുടുംബവും. ബാബുവിനെ അപമാനിക്കുന്ന പ്രസ്താവന കൂടിയാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. "- എം വി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

    Also Read- ബോയ്സ്, ഗേൾസ് സ്കൂളുകൾ നിർത്തലാക്കണം; അടുത്ത വർഷം മുതൽ മിക്സഡ് സ്കൂളുകൾ മാത്രം; ബാലാവകാശ കമ്മീഷൻ ഉത്തരവ്

    മലപ്പട്ടം ഉള്‍പ്പെടെ 33 പഞ്ചായത്തുകളും നിലമ്പൂര്‍ പോലുള്ള ചില മുനിസിപ്പാലിറ്റികളും തനത് വരുമാനം കുറഞ്ഞതിനാല്‍ ശമ്പളം കൃത്യമായി കൊടുക്കാന്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് സ്വന്തമായി പിരിച്ചെടുക്കുന്ന നികുതിപ്പണവും സര്‍ക്കാര്‍ നല്‍കുന്ന ജനറല്‍ പര്‍പ്പസ് ഫണ്ടും ഉപയോഗിച്ചാണ്.  സര്‍ക്കാറിന്‍റെ ജനറല്‍ പര്‍പ്പസ് ഫണ്ട് ലഭിച്ചാല്‍ പോലും ശമ്പളം കൊടുക്കാന്‍ പ്രത്യേക ധനസഹായം സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. 33 പഞ്ചായത്തുകളില്‍ 12 പഞ്ചായത്തുകള്‍ യുഡിഎഫ് ഭരിക്കുന്നവയാണ് - എം വി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു

    "യുഡിഎഫ് ഭരിക്കുമ്പോഴും ഇത്തരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് പ്രത്യേക സഹായം ലഭിച്ചാല്‍ മാത്രമേ ശമ്പളം കൃത്യസമയത്ത് കൊടുക്കാന്‍ കഴിയാറുള്ളൂ. അതിനാണ് ബജറ്റില്‍ ഗ്യാപ് ഫണ്ട് എന്ന ഹെഡ്ഡില്‍ പ്രത്യേകം പണം വകയിരുത്തുന്നത്. മലപ്പട്ടം പഞ്ചായത്തിന്‍റെ കാര്യമെടുത്താല്‍ 2021-22 സാമ്പത്തിക വര്‍ഷം ശമ്പളയിനത്തില്‍ ഏകദേശം 96 ലക്ഷം രൂപ ചെലവ് വന്നിരുന്നു. അത് ശമ്പളപരിഷ്കരണം കുടിശ്ശിക സഹിതം കൊടുത്തത് കൊണ്ടാണ്. പഞ്ചായത്തിന്‍റെ കൈവശമുണ്ടായത് സര്‍ക്കാറില്‍ നിന്ന് ലഭിച്ച ജനറല്‍ പര്‍പ്പസ് ഫണ്ട് ഉള്‍പ്പെടെ 70 ലക്ഷം മാത്രമാണ്. മാര്‍ച്ച് ഒടുവില്‍ ഗ്യാപ് ഫണ്ട് നല്‍കിക്കൊണ്ട് എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കി.  2022 മെയ് വരെ ശമ്പളം ലഭിച്ചു എന്നും ജൂണ്‍ മാസത്തെ ശമ്പള ബില്‍ സമര്‍പ്പിച്ചു എന്നും മാസങ്ങളായി ശമ്പളം മുടങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ബാബു തന്നെ പറഞ്ഞിട്ടുണ്ട്. " എം വി ജയരാജൻ വ്യക്തമാക്കി.

    Also Read- സർക്കാരിനെ 'മാധ്യമം' പ്രതിക്കൂട്ടിലാക്കി, നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് കത്തെഴുതിയത്: കെ ടി ജലീൽ

    നിയമസഭയില്‍ പ്രതിപക്ഷനേതാവ് നടത്തിയ മലപ്പട്ടത്തെ ജനങ്ങളെ അപമാനിക്കുന്ന പ്രതികരണം പൊറുക്കാവുന്നതല്ല.  ആദ്യം ബാബുവിനെയും കുടുംബത്തെയും അപമാനിച്ച പ്രതിപക്ഷനേതാവ് പിന്നീട് നാടിനെ അപമാനിക്കുകയാണ് ചെയ്തത്. കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുംവിധത്തിലാണ് പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

    മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ജനങ്ങളെയാകെ അപമാനിച്ച പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരണമെന്ന് പാര്‍ട്ടി ഘടകങ്ങളോടും ജനാധിപത്യവിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നതായും എം വി ജയരാജൻ പറഞ്ഞു.
    Published by:Rajesh V
    First published: