നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • എൽ ജെ ഡി പിളരില്ലെന്ന് എം വി ശ്രേയാംസ് കുമാർ എം പി, വിഭാഗീയ പ്രവർത്തനം നടത്തുന്നത് ഷെയ്ഖ് പി ഹാരിസും കൂട്ടരും 

    എൽ ജെ ഡി പിളരില്ലെന്ന് എം വി ശ്രേയാംസ് കുമാർ എം പി, വിഭാഗീയ പ്രവർത്തനം നടത്തുന്നത് ഷെയ്ഖ് പി ഹാരിസും കൂട്ടരും 

    നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ നിരാശയാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും എം വി ശ്രേയാംസ് കുമാർ എം പി കുറ്റപ്പെടുത്തി

    • Share this:
    എൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷേഖ് പി ഹാരിസിന്‍റെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ എം പി.  ഷെയ്ക്ക് പി ഹാരിസും കൂട്ടരും ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും വിമതരാണ് വിഭാഗീയ പ്രവർത്തനം നടത്തുന്നതെന്നും എം വി ശ്രേയാംസ് കുമാർ എം പി. കോഴിക്കോട് പറഞ്ഞു.

    സംസ്ഥാന കമ്മറ്റി വിളിക്കുന്നില്ല എന്ന ആരോപണം തെറ്റാണ്. അഞ്ച് മാസത്തിനിടെ രണ്ട് സംസ്ഥാന കമ്മറ്റി യോഗവും രണ്ട് തവണ ഭാരവാഹികളുടെ യോഗവും ചേർന്നിരുന്നു. കൽപ്പറ്റ സീറ്റിന് വേണ്ടി ഒരു സീറ്റ് നഷ്ടപ്പെടുത്തി എന്നതാണ് മറ്റൊരു ആരോപണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ ചർച്ചകളിൽ പങ്കെടുത്ത ആൾ തന്നെയാണ് ആരോപണം ഉന്നയിക്കുന്നത്. ഇത് യാഥാർഥ്യമല്ല എന്നത് ആ ചർച്ചയിൽ പങ്കെടുത്തവർക്ക് അറിയാവുന്നതാണ്.

    ഏഴ് സീറ്റുകൾ എൽ ഡി ഫിനോട് ആവശ്യപ്പെട്ടു. തന്നത് മൂന്ന് സീറ്റുകളാണ്. നാലു സീറ്റ് നൽകാമെന്ന് എൽ ഡി എഫ് നേതൃത്വം പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിലെ തോൽവിയിൽ അന്വേഷണം നടത്തിയിരുന്നു. ഇതനുസരിച്ച് സി പി എം നടപടിയും എടുത്തു. പാർട്ടിയുടെ പ്രസിഡന്റ് എന്ന നിലയിൽ പാർട്ടി തീരുമാനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് എം വി ശ്രേയാംസ് കുമാർ എം പി പറഞ്ഞു.

    വിഭാഗീയ പ്രവർത്തനങ്ങളെ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചിട്ടില്ല. സമാന്തര യോഗം വിളിച്ച വിമതരാണ് വിഭാഗീയ പ്രവർത്തനം നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ നിരാശ ആണ് ആരോപണങ്ങൾക്ക് പിന്നിലെന്നും എം വി ശ്രേയാംസ് കുമാർ എം പി കുറ്റപ്പെടുത്തി. ഭാരവാഹിത്വം മാറണോ വേണ്ടയോ എന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കുന്നത്. തനിക്ക് ആരുമായും ശത്രുതയില്ല. ഷെയ്ക്ക് പി ഹാരിസ് ഇപ്പോഴും തന്റെ സുഹൃത്താണ്.
    എൽ ജെ ഡിക്ക് കൂടുതൽ സ്ഥാനങ്ങൾ വേണം. ഈ ആവശ്യം മുന്നണിയിൽ ഉന്നയിച്ചിട്ടുണ്ടെന്നും എം വി ശ്രേയാംസ് കുമാർ എം പി പറഞ്ഞു.

    എൽ ജെ ഡി സംസ്ഥാന കമ്മറ്റിയും ഭാരവാഹി യോഗവും ഈ മാസം 20 ന് ചേരും. പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. എൽ ജെ ഡിയുടെ 76 അംഗ സംസ്ഥാന കമ്മിറ്റിയിൽ ഒൻപത് പേർ മാത്രമാണ് സമാന്തര യോഗത്തിൽ പങ്കെടുത്തത്. എന്ത് നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും എം വി ശ്രേയാംസ് കുമാർ എം പി പറഞ്ഞു. എൽ ജെ ഡി പിളരില്ലെന്നും ശ്രേയാംസ് കുമാർ എം പി പറഞ്ഞു.

    ഷെയ്ഖ് പി ഹാരിസിന്‍റെയും സുരേന്ദ്രന്‍ പിള്ളയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം  സ്ഥാനമൊഴിയാന്‍ ശ്രേയാംസിന് അന്ത്യശാസനം നൽകിയിരുന്നു. കെ പി മോഹനന് മന്ത്രിസ്ഥാനം കിട്ടാത്തത് മുതൽ ശ്രേയാംസിനെതിരെ എതിർചേരി നീക്കം തുടങ്ങിയിരുന്നു.  പ്രസിഡന്‍റ് സ്വന്തം കാര്യംമാത്രം നോക്കുന്നുവെന്നാണ് കുറ്റപ്പെടുത്തൽ.

    മന്ത്രിസ്ഥാനവും അർഹമായ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളും ഉറപ്പാക്കാൻ ശ്രേയാംസ് എൽ ഡി എഫിൽ സമ്മർദ്ദം ചെലുത്തുന്നില്ല. പരാതികൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും വിമര്‍ശനമുണ്ട്.  പാർട്ടിയുടെ ഏക എം എൽ എ കെ പി മോഹനന്‍റെയും ദേശീയ ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ്ജിന്‍റെയും പിന്തുണ ഉണ്ടെന്നാണ് വിമതരുടെ അവകാശവാദം. ഇടത് നേതൃത്വത്തെ കണ്ട് യഥാർത്ഥ എൽജെഡി തങ്ങളാണെന്ന് ആവശ്യപ്പെടാനാണ് ഷെയ്ഖ് പി ഹാരിസിന്‍റെയും സുരേന്ദ്രൻ പിള്ളയുടെയും നീക്കം.
    Published by:Karthika M
    First published:
    )}