വിലപേശലിന്‍റെ ഭാഗമായാണ് സിപിഐയ്ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ്കുമാര്‍. പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതില്‍ ഇടത് മുന്നണിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ലൈന്‍ അടക്കമുള്ള വിഷയങ്ങളില്‍ സിപിഐ സ്വീകരിക്കുന്ന നിലപാട് കൗതുകത്തോടെയാണ് നോക്കികാണുന്നതും അദ്ദേഹം പറഞ്ഞു. മദ്യനയം, ലോകായുക്താ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് അറിയാന്‍ കാത്തിരിക്കുകയാണെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു.
അതേസമയം, ശ്രേയാംസ്കുമാറിന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിക്ക് സീറ്റ് ലഭിച്ചതെന്നും കാനം പറഞ്ഞു.
എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥികളായ എ എ റഹീമും (AA Rahim) പി സന്തോഷ് കുമാറും (P Santhosh kumar) നിയമസഭാ സെക്രട്ടറിക്ക് നാമനിർദേശ പത്രിക ഇന്നലെ സമർപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും എൽഡിഎഫ് കൺവീനർ എ വിജരാഘവന്റെയും സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം. നിയമസഭയിൽ വരണാധികാരി കവിത ഉണ്ണിത്താന് മുൻപാകെയാണ് ഇരുവരും പത്രിക സമർപ്പിച്ചത്.
രാജ്യസഭയിലേക്കുള്ള മൂന്നു സീറ്റുകളിൽ വിജയം ഉറപ്പായ രണ്ടെണ്ണത്തിൽ സിപിഎമ്മും സിപിഐയുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിനായി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ മത്സരിക്കും. സിപിഎം സ്ഥാനാർഥിയായ എ എ റഹീം സംസ്ഥാന സമിതി അംഗവും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റുമാണ്. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി സന്തോഷ് കുമാർ. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടന മൂല്യങ്ങളും ഉയർത്തി പിടിക്കുമെന്ന് ഇരു സ്ഥാനാർഥികളും പറഞ്ഞു.
ജെബി മേത്തർ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി
ഡൽഹി: കേരളത്തിൽ നിന്ന് കോൺഗ്രസിന് (Congress) ജയസാധ്യതയുള്ള രാജ്യസഭാ (Rajya Sabha) സീറ്റിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ (Jebi Mather) മത്സരിക്കും. കേരളത്തിൽ നിന്നും പാർലമെന്റിൽ എത്തുന്ന ആദ്യത്തെ മുസ്ലിം വനിതയാകും ജെബി.42 വർഷത്തിന് ശേഷമാണ് കേരളത്തിൽ നിന്നും കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. എ കെ ആന്റണിയുടെ ഒഴിവിൽ രാജ്യസഭയിലേക്ക് പോകുന്ന ജെബി കേരളത്തിൽ നിന്നുള്ള ഒൻപത് അംഗങ്ങളിൽ കോൺഗ്രസിന്റെ ഏക പ്രതിനിധിയാകും .
കോൺഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളും മുൻ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തർ. ആലുവ നഗരസഭ വൈസ് ചെയർപേഴ്സണായ ജെബി 2010 മുതൽ ആലുവ നഗരസഭാ കൗൺസിലറാണ്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയാണ്.
പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. കെപിസിസി സമർപ്പിച്ച അന്തിമ പട്ടികയിൽ നിന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം.
കെപിസിസി അധ്യക്ഷൻ കെ സുധാകരനുൾപ്പെടെ സംസ്ഥാനത്തു നിന്നുള്ള നേതാക്കൾ നിർദേശിച്ച പലപേരുകൾ തള്ളിയാണ് തീരുമാനം.കുടുംബ പശ്ചാത്തലം, സമുദായം,പ്രായം, വനിത, കെസി വേണുഗോപാലിന്റെ പിന്തുണ എന്നിവ ജെബി മേത്തറിന് അനുകൂലമായി.എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ സുധാകരൻ ശ്രമിച്ചിരുന്നു എന്ന വാർത്തകൾക്കിടെയാണ് പട്ടികയിൽ അവസാനം ഇടംപിടിച്ച ജെബി മേത്തർ സ്ഥാനാർത്ഥിയായി വരുന്നത്. ഇത് പാർട്ടിയിലെ പുതിയ സമവാക്യങ്ങൾക്ക് വഴിതെളിച്ചേക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.