കാക്കനാട്: വീട്ടിലേക്ക് പച്ചക്കറി വാങ്ങി മടങ്ങവേ ഗതാഗതക്കുരുക്ക് മറികടക്കാന്‍ സൈറണിട്ട് ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ കുടുങ്ങി. മറ്റൊരു റോഡില്‍ നിന്ന് വന്ന മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഗതാഗതകുരുക്കില്‍ കഷ്ടപ്പെടുന്ന ആംബുലന്‍സിന് വഴിയൊരുക്കിയെങ്കിലും ഡ്രൈവറുടെ നാടകം ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടി.
എം.സി. റോഡില്‍ കാലടി മറ്റൂര്‍ കവലയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സ് ഡ്രൈവര്‍ സൈറണ്‍ മുഴക്കി നടത്തിയ നാടകമാണ് പൊളിഞ്ഞത്. നിയമവിരുദ്ധമായി സൈറണ്‍ മുഴക്കി ആംബുലന്‍സ് ഓടിച്ചതിന് ഡ്രൈവര്‍ തൊടുപുഴ സ്വദേശി യേശുദാസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.
തമിഴ്നാട്ടിലേക്ക് മൃതദേഹവുമായി പോയതായിരുന്നു യേശുദാസ്. മടക്കയാത്രയ്ക്കിടെയാണ് പച്ചക്കറി വാങ്ങിയത്. മറ്റൂര്‍ ജങ്ഷനിലെത്തിയപ്പോള്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതിനെ മറികടക്കനായാണ് സൈറണിട്ട് മുന്നോട്ടുനീങ്ങിയത്. സൈറണ്‍ കേട്ട് മറ്റു യാത്രക്കാര്‍ വഴിയൊരുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നതിനാല് പൂര്‍ണമായും ഫലിച്ചില്ല.
ഉദ്യോഗസ്ഥരുടെ വരവോടെ പണി പാളുമെന്നു തോന്നിയ ഡ്രൈവര്‍ ഉടനടി സൈറണ്‍ നിര്‍ത്തി. ഇതില്‍ സംശയംതോന്നിയ ഉദ്യോഗസ്ഥര്‍ ആംബുലന്‍സിനെ പിന്തുടര്ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ യേശുദാസിന്റെ നാടകം മനസ്സിലായത്. ഡ്രൈവറെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ബോധവത്കരണ ക്ലാസിലേക്കും വിട്ടു. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശയും ആര്.ടി.ഒ.യ്ക്ക് നല്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.