തിരുവനന്തപുരം: റോഡിൽ നിരീക്ഷണ ക്യാമറ ഉണ്ടോയെന്ന് നോക്കി വാഹനത്തിന്റെ വേഗത കുറയ്ക്കുകയും ഇല്ലെന്ന് കണ്ടാൽ അമിത വേഗതയിൽ വാഹനം ഓടിക്കുന്നവരുമാണോ നിങ്ങൾ. എന്നാൽ ഈ പറ്റിക്കൽ ഇനി നടക്കില്ല. കേരളത്തിലെ പ്രധാന റോഡുകളിലുള്ള നിരീക്ഷണ ക്യാമറകളെ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിച്ചുള്ള വെർച്വൽ ലൂപ് സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.
രണ്ട് നിരീക്ഷണ ക്യാമറകൾക്കിടയിൽ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കമ്പ്യൂട്ടർ സംവിധാനത്തിലൂടെ വിശകലനം ചെയ്താണ് അമിത വേഗം കണ്ടെത്തുക. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി കേരളത്തിലാണ് ആദ്യം നടപ്പാക്കിയത്. ഇവിടെയാണു ക്യാമറകളുടെ സാന്ദ്രത കൂടുതൽ എന്നതാണു കാരണം.
ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചാലും ക്യാമറ പിടിക്കും. തത്സമയം വിവരം ഡൽഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹൻ സൈറ്റിലേക്കു പോകും. വാഹന രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈൽ ഫോണിലേക്കു പിഴത്തുക എസ്എംഎസ് ആയി എത്തും. ഇതേസമയം തന്നെ കൊച്ചിയിലെ വെർച്വൽ കോടതിയിലുമെത്തും.
രണ്ടാമതും ഇതേ ക്യാമറയിൽ ഹെൽമറ്റില്ലാതെ കുടുങ്ങിയാൽ ക്യാമറ തന്നെ വിശകലനം ചെയ്തു കുറ്റം ആവർത്തിച്ചതായി കണ്ടെത്തി പിഴത്തുക 1000 രൂപയായി വർധിപ്പിച്ചു സെർവറിലേക്കും പിന്നീടു കോടതിയിലേക്കും തത്സമയം കൈമാറും. മൂന്നാം തവണയും ഇതേ നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും.
ഗതാഗത നിയമലംഘനങ്ങളെല്ലാം ഈ വിധത്തിൽ ഫോട്ടോയെടുത്ത് അപ്പോൾ തന്നെ ശിക്ഷയും വിധിക്കും. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. ഏകോപനം പൂർത്തിയാകുന്നതു വരെ ട്രയൽ പരിശോധനയാണ്.
അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചുഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച അത്യാധുനിക നിരീക്ഷണ ക്യാമറകൾ ഇന്നലെ മുതൽ കാസർഗോഡ് പ്രവർത്തിച്ചു തുടങ്ങി. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പാതകളിൽ 49 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. ഇതിൽ ആദ്യ ഘട്ടത്തിൽ സ്ഥാപിച്ച 16 ക്യാമറകളാണ് ഇന്നലെ മുതൽ പ്രവർത്തിച്ചു തുടങ്ങിയത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് ഈ ക്യാമറകൾ. ഓട്ടോമാറ്റിക്കായി നിയമലംഘനം പിടികൂടുന്ന ക്യാമറകൾ ആദ്യമായാണ് ജില്ലയിൽ ഒരുക്കിയത്. മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകൾക്കു പുറമേയാണു പുതിയവ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഇത്തരം 700 ക്യാമറകൾ സ്ഥാപിക്കുന്നത് ഏറെക്കുറെ പൂർത്തിയായി.
കെൽട്രോണാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിലുള്ള ട്രാഫിക് നിയമലംഘനങ്ങളും പാർക്കിങ് നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി ഈ ക്യാമറകൾ ക്രമീകരിക്കും. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി മുടക്കം തടസ്സമാകില്ല.
ഹെൽമറ്റ് ധരിക്കാത്തതും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നതുമായ ഇരുചക്രവാഹനങ്ങളുടെ ദൃശ്യം ക്യാമറയിൽ പതിയും. ക്യാമറകൾ വാഹനങ്ങളുടെ നമ്പർ തിരിച്ചറിയും. കൺട്രോൾ റൂമിലെ കംപ്യൂട്ടറുകളിൽ നിന്ന് നിയമലംഘകർക്കുള്ള പിഴത്തുക അടങ്ങുന്ന ചലാൻ ഓട്ടമാറ്റിക്കായി തയാറാകും. 800 മീറ്റർ പരിധിയിലുള്ള നിയമ ലംഘനങ്ങൾ വരെ ക്യാമറയിൽ ഒപ്പിയെടുക്കാൻ സാധിക്കും.
4 മീറ്റർ ഉയരത്തിലുള്ള തൂണിലാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങൾ മുൻ ഗ്ലാസിലൂടെ ക്യാമറ പകർത്തും. ഡ്രൈവറും സഹയാത്രികനും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോയെന്ന ദൃശ്യം ക്യാമറ നൽകും. യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ക്യാമറയിലൂടെ പിടികൂടാനാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.