• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആ കമന്റ് ആർഎസ്എസിന് എതിരല്ല; ആചാരസംരക്ഷണത്തിന് ഇറങ്ങിയവരെ അവഹേളിച്ചവർക്കെതിരെ' : പത്മ പിള്ള

'ആ കമന്റ് ആർഎസ്എസിന് എതിരല്ല; ആചാരസംരക്ഷണത്തിന് ഇറങ്ങിയവരെ അവഹേളിച്ചവർക്കെതിരെ' : പത്മ പിള്ള

ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിനും വിമർശനം

  • News18
  • Last Updated :
  • Share this:
    ശബരിമല വിഷയത്തിൽ താൻ നടത്തിയ വിമർശനം ആർഎസ്എസിന് എതിരല്ലെന്ന് റെഡ‍ി ടു വെയിറ്റ് ക്യാംപയിൻ വക്താവ് പത്മ പിള്ള. ശബരിമലയിൽ ഏതുവിധേനയും യുവതികൾക്ക് പ്രവേശനം നൽകണമെന്നും ആചാരങ്ങളെ തകർ‌ക്കണമെന്നും വാദിക്കുന്നവർക്കും അതിനായി ഗൂഢാലോചന നടത്തിയവർക്കുമെതിരെയായിരുന്നു തന്റെ കമന്റ്. അത് കമ്മ്യൂണിസ്റ്റുകാരും മാധ്യമപ്രവർത്തകരും പലരീതിയിൽ ഉപയോഗിക്കുന്നുണ്ട്. ഈ ആഘോഷങ്ങളെ അല്ല ശ്രദ്ധിക്കേണ്ടതെന്നും ഹൈന്ദവസമൂഹത്തിനുള്ളിൽ ഇത്തരം ചർച്ചകൾ‌ തുടരണമെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പത്മപിള്ള പറയുന്നു.

    'ഇന്നലെ ഭാസ്കറിന്റെ പോസ്റ്റിൽ ഒരു പ്രത്യേക വിഭാഗം ആചാരപുരോഗമനവാദികളെക്കുറിച്ചു ഞാൻ പറഞ്ഞതിനെ അടർത്തിയെടുത്തു, സംഘടനയെ ആകെയാണ് ആ പരാമർശിച്ചത് എന്ന് ദുരുദ്ദേശപരമായി പരത്തിയത്, ഈ ചർച്ചയുടെ കാതലായ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു നീചമായ അടവാണ്. ശബരിമല ആചാരസംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്നവർക്ക്, അവർക്കു മാത്രം, ഇക്കാര്യത്തിൽ കുറച്ചു വ്യക്തത വരുത്തണമെന്ന് തോന്നിയത് കൊണ്ടാണ് ഈ വിഡിയോ ഇടുന്നത്- പത്മപിള്ള വിശദമാക്കുന്നു.



    ശബരിമല യുവതി പ്രവേശനം എന്ന അജണ്ടക്ക് കെ പി യോഹന്നാന്റെ ചെറുവള്ളി എസ്‌റ്റേറ്റിലെ വിമാനത്താവളവുമായി ബന്ധമുണ്ടെന്ന സംശയം പത്മ പിള്ള ആവര്‍ത്തിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയവര്‍ക്കു നേരെ അധിക്ഷേപ വര്‍ഷം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്റില്‍ താന്‍ നടത്തിയ കമന്റ് സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുകയാണെന്നും പത്മ പിള്ള പറയുന്നു.

    ശബരിമലയില്‍ സ്ത്രീപ്രവേശനം അടക്കം ഏതു ആചാരമാറ്റവും ആവാമെന്നും എന്നാല്‍ ആചാര്യന്മാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമുള്ള ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിന്റെ നിലപാടിനെയും അവർ വിമർശിക്കുന്നു. തന്ത്രിയും മറ്റ് ആചാര്യന്മാരുമെല്ലാം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇനി ഏത് ആചാര്യന്മാരുടെ കാര്യമാണ് ആർ വി ബാബു പറയുന്നതെന്നും പത്മ പിള്ള ചോദിച്ചു.

    രഹ്ന ഫാത്തിമ സന്നിധാനത്തേക്കു കയറിക്കൊണ്ടിരുന്ന സമയത്ത് തന്ത്രി വ്യക്തമായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലെ ആചാര്യന്‍ തന്ത്രിയാണ്. അതിനു ശേഷം തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതിയുടെ യോഗത്തില്‍ പങ്കെടുത്ത് കേരളത്തിലെ വിവിധ മഠങ്ങളില്‍നിന്നുള്ള ആചാര്യന്മാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും ഏത് ആചാര്യരാണ് ശബരിമലയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് പദ്മ പിള്ള ഫേസ്ബുക്ക് ലൈവില്‍ ചോദിച്ചു.

    സംഘനേതാക്കളായ മാധവ്ജിയും പരമേശ്വര്‍ജിയും ശബരിമല ആചാരങ്ങള്‍ അതേപടി തുടരേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവരെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ഇനി ഒരു ആചാര്യസഭ എന്തിനെന്ന് പത്മ പിള്ള ചോദിച്ചു. യുവതി പ്രവേശനം നടപ്പാക്കണമെന്ന ദുര്‍വാശിയാണ് ഇതിനു പിന്നില്‍. ഇക്കാര്യങ്ങളില്‍ ഹൈന്ദവ സമൂഹം ചര്‍ച്ച തുടരണമെന്ന് പത്മ പിള്ള പറഞ്ഞു.

    ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടക്കുന്ന ചര്‍ച്ചയ്ക്കിടെ ഒരു കമന്റായാണ്, ആർ വി ബാബു നിലപാട് ആവര്‍ത്തിച്ചത്. സ്ത്രീപ്രവേശനം അടക്കം ആചാരമാറ്റമാവാമെന്നും എന്നാല്‍ ആചാര്യന്മാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നുമായിരുന്നു ബാബുവിന്റെ കമന്റ്. സര്‍ക്കാര്‍ തെറ്റായ രീതിയില്‍ വിധി നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ് സമരവുമായി രംഗത്തെത്തിയതും ആർ വി ബാബു കമന്റില്‍ പറഞ്ഞിരുന്നു.

    Published by:Rajesh V
    First published: