• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'വ്യക്തിപരമായി വധശിക്ഷയോട് യോജിക്കുന്നില്ലെങ്കിലും ഉത്രയുടെ അമ്മയ്ക്കൊപ്പമാണ് എന്‍റെ മനസ്': പ്രതിപക്ഷനേതാവ് വി ഡി സതീശൻ

'വ്യക്തിപരമായി വധശിക്ഷയോട് യോജിക്കുന്നില്ലെങ്കിലും ഉത്രയുടെ അമ്മയ്ക്കൊപ്പമാണ് എന്‍റെ മനസ്': പ്രതിപക്ഷനേതാവ് വി ഡി സതീശൻ

'ആ മാതാവിന്റെ വികാരം മാനിക്കണം. കരുതലോടെ ചേര്‍ത്തു പിടിച്ച് വളര്‍ത്തി വലുതാക്കിയ മകളെ കൊന്നവനോട് ഒരമ്മയും പൊറുക്കില്ല'

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

 • Share this:
  തിരുവനന്തപുരം: സൂരജിനെതിരായ വിധിയിൽ ഉത്രയുടെ അമ്മ നിയമപോരാട്ടം തുടരുമ്പോൾ അതിനെ പിന്തുണയ്ക്കേണ്ടത് സമൂഹമെന്ന നിലയിൽ എല്ലാവരുടെയും കടമയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വ്യക്തിപരമായും നിയമവിദ്യാര്‍ഥി എന്ന നിലയിലും ഞാന്‍ വധശിക്ഷയോട് യോജിക്കുന്നില്ലെങ്കിലും ഉത്രയുടെ അമ്മയുടെ കൂടെയാണ് തന്റെ മനസ് എന്ന് വി ഡി സതീശൻ പറഞ്ഞു.

  '17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവുമാണ് പ്രതിക്ക് വിധിച്ചിരിക്കുന്നത്. ഉത്രയുടെ കുടുംബം പ്രത്യേകിച്ച് അമ്മ ഈ ശിക്ഷാ വിധിയെ സ്വാഗതം ചെയ്തിട്ടില്ല. ആ മാതാവിന്റെ വികാരം മാനിക്കണം. കരുതലോടെ ചേര്‍ത്തു പിടിച്ച് വളര്‍ത്തി വലുതാക്കിയ മകളെ കൊന്നവനോട് ഒരമ്മയും പൊറുക്കില്ല'- പത്രകുറിപ്പിൽ പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

  മനുഷ്യരായവരെയാകെ രോഷം കൊള്ളിച്ച, സങ്കടപ്പെടുത്തിയ, ഭയപ്പെടുത്തിയ കൊലപാതകമായിരുന്നു അഞ്ചല്‍ സ്വദേശിനി ഉത്രയുടേത എന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ഒരു വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരന് എത്ര ക്രൂരനാകാം എന്നു തുടങ്ങി, വിവാഹങ്ങള്‍ എത്ര വലിയ അപകടകെണിയാകാം എന്നു വരെ ഈ സംഭവം കാട്ടിത്തന്നുവെന്നും അദ്ദേഹം പറഞ്ഞു.

  Also Read- Uthra Case verdict | അപൂർവങ്ങളിൽ അപൂർവമായ കേസായിട്ടും പ്രതി സൂരജിന് വധശിക്ഷ ലഭിക്കാത്തത് എന്തുകൊണ്ട്?

  ഈ കേസ് തെളിയിച്ച കേരള പൊലീസിലെ ഓരോ ഉദ്യോഗസ്ഥനെയും അഭിനന്ദിക്കുന്നതായി പ്രതിപക്ഷനേതാവ് പറഞ്ഞു. വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്ധര്‍, മെഡിക്കല്‍ വിദഗ്ധര്‍ എന്നിവരും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. നിങ്ങളോരുത്തരും കടമകള്‍ സത്യസന്ധമായി നിര്‍വഹിച്ചെന്നു മാത്രമല്ല, പെണ്‍കുട്ടികള്‍ക്ക് ഒപ്പം നിയമത്തിന്റെ കവചമുണ്ടെന്ന് തെളിയിക്കുക കൂടിയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

  പരാജയമായ വിവാഹങ്ങളില്‍, പങ്കാളിയുടെ ക്രൂരതകളില്‍, ഭര്‍തൃവീട്ടുകാരുടെ പണക്കൊതിയില്‍ എരിഞ്ഞടങ്ങുന്ന എത്ര പെണ്‍കുട്ടികളാണ് നമുക്ക് ചുറ്റുമുള്ളതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സ്വന്തം കുടുബത്തിന്റെ പ്രാരബ്ധങ്ങളും വിഷമങ്ങളും കാണുന്ന പെണ്‍കുട്ടികള്‍ എത്ര വിദ്യാസമ്പന്നരായാലും ജോലിയുള്ളവരായാലും മിക്കപ്പോഴും സ്വന്തം വിഷമം ഉള്ളിലൊതുക്കും. ജീവിതം തീര്‍ത്തും വഴിമുട്ടുമ്പോഴും എനിക്ക് നീതി വേണ്ടെന്നു പറയുന്ന, സ്വയം ഹോമിക്കുന്ന, മക്കളെ കരുതി നിശ്ശബ്ദം കണ്ണീരിലാഴുന്ന എത്ര സഹോദരിമാരാണ് നമുക്ക് ചുറ്റും. അടിച്ചും തൊഴിച്ചും പെട്രോള്‍ ഒഴിച്ച് കത്തിച്ചും കഴുത്തറുത്ത് കൊന്നും ലൈംഗികമായി ആക്രമിച്ചും അപമാനിച്ചും അവഹേളിച്ചും സാമൂഹിക മാധ്യമങ്ങളില്‍ വലിച്ചു കീറിയും നമ്മള്‍ മനുഷ്യത്വമില്ലായ്മയുടെ ക്രൂരതയുടെ പഴഞ്ചന്‍ കാഴ്ചപ്പാടുകളുടെ പുതിയ പാഠങ്ങള്‍ രചിച്ചു കൊണ്ടേയിരിക്കുകയാണല്ലോ. നീതി നിഷേധിക്കപ്പെടുന്ന, സുരക്ഷിതത്വം നഷ്ടപ്പെടുന്ന, സമത്വം ഇല്ലാതെ പോകുന്ന, സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഓരോ മകള്‍ക്കും നീതി കിട്ടാനുള്ള പോരാട്ടത്തില്‍ ഈ കേസും നിയമവഴികളും ഉത്രയുടെ ഓര്‍മകളും ഒപ്പമുണ്ടാകട്ടെയെന്ന് വി ഡി സതീശൻ പറഞ്ഞു.
  Published by:Anuraj GR
  First published: