കോഴിക്കോട്: മുക്കം കാരശേരി ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ദളിത് പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പട്ടികജാതി കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി വിദ്യാർഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. മരണത്തിന് കാരണക്കാരായവർക്ക് തക്ക ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനിയുടെ മാതാവ് നൽകിയ പരാതിയിലാണ് അന്വേഷണം.
മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാൻ ഇപ്പോൾ ആവില്ലെന്നും ശാസ്ത്രീയമായി പരിശോധനകൾ നടത്തിയ ശേഷം മാത്രമേ മരണകാരണം തീരുമാനിക്കാൻ കഴിയുകയുള്ളൂ എന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു. കേസ് അന്വേഷിക്കുന്ന മുക്കം പോലീസിനെതിരെ രൂക്ഷ വിമർശനമാണ് കമ്മീഷൻ നടത്തിയത്.
വീട്ടുകാരുടെ പരാതിയിൽ ശരിയായ അന്വേഷണം നടത്തിയിട്ടില്ല എന്നാണ് മനസിലാകുന്നതെന്നും പോലീസിന്റെ കൃത്യമായ അന്വേഷണം നടന്നില്ലെങ്കിൽ മറ്റ് ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കുന്നതിന് കമ്മീഷൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ച കുട്ടിയുടെ വീട്ടുകാർക്കുള്ള ധനസഹായത്തിന് ശുപാർശചെയ്യുമെന്നും കമ്മീഷൻ ചെയർമാൻ കൂട്ടിച്ചേർത്തു.
ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുല കൃഷ്ണൻ, ജില്ലാ പട്ടിക ജാതി വികസന ഓഫീസർ കെ. രാജാഗോപാൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വിദ്യാർഥിനിയുമായി പ്രണയത്തിലായിരുന്ന കാരശ്ശേരി മുരിങ്ങംപുറായി സ്വദേശി റിനാസ് എന്ന യുവാവിനെ മുക്കം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Published by: meera
First published: December 21, 2019, 11:52 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.