നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ട് സ്ഫോടനങ്ങളും പൊളിഞ്ഞു; നാഗമ്പടം പാലം പൊളിക്കാനുള്ള നീക്കം ഉപേക്ഷിച്ചു

  രണ്ട് സ്ഫോടനങ്ങളും പൊളിഞ്ഞു; നാഗമ്പടം പാലം പൊളിക്കാനുള്ള നീക്കം ഉപേക്ഷിച്ചു

  മറ്റുമാർഗങ്ങളിലൂടെ പാലം പൊളിക്കാനുള്ള ശ്രമം തുടരും

  നാഗമ്പടം പാലം

  നാഗമ്പടം പാലം

  • News18
  • Last Updated :
  • Share this:
   കോട്ടയം: നാഗമ്പടത്തെ പഴയമേൽപ്പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. രണ്ട് തവണ സ്ഫോടനം നടത്തിയിട്ടും പാലം പൊളിയാതെ വന്നതോടെയാണ് ഉപേക്ഷിക്കാനുള്ള തീരുമാനം. മറ്റു മാർഗങ്ങളിലൂടെ പാലം പൊളിക്കാനുള്ള നടപടി തുടരും. പാലം പൊളിച്ചു നീക്കാനുള്ള ശ്രമം പരാജയപ്പെട്ടതിൽ കളക്ടർ റിപ്പോർട്ട് തേടി. രാവിലെ 11ന് പൊളിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് ആദ്യനീക്കം പരാജയപ്പെട്ടു. പിന്നീട് 2.45ന് പൊളിക്കുമെന്ന് അറിയിച്ചു. അഞ്ചു മണിയോടെ രണ്ടാംശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം പുനഃരാരംഭിച്ചു. ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു.

   പാലത്തിന്റെ ബലം മൂലമാണ് സ്ഫോടനം നടത്തിയിട്ടും പൊട്ടാതിരുന്നത്. ആദ്യ സ്ഫോടനത്തിൽ ഒരു ഭാഗം ചെറുതായി പൊട്ടി. പക്ഷേ തുടർ സ്ഫോടനം പരാജയപ്പെട്ടു. അത്ര ശക്തിയുള്ള കോൺക്രീറ്റ് ബീമാണിതെന്നു റെയിൽവേ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. സ്ഫോടനത്തിന്റെ പൊടി പുറത്തു വരാതിരിക്കാനായി പാലം മുഴുവൻ പ്ലാസ്റ്റിക് വല കൊണ്ടു മൂടിയിരുന്നു. തിരക്കുള്ള എംസി റോഡിലാണ് പാലം. സ്ഫോടനം കാണാൻ ജനങ്ങൾക്കു നെഹ്റു സ്റ്റേഡിയത്തിൽ സൗകര്യമൊരുക്കിയിരുന്നു. വലിയ ജനക്കൂട്ടമാണു പാലം തകർക്കുന്നതു നേരിൽ‌ കാണാനെത്തിയത്. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ ഭരണകൂടം, പൊലീസ്, അഗ്നിശമനസേന, നഗരസഭ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പൊളിക്കൽശ്രമം.

   അംബരചുംബികളായ കെട്ടിടങ്ങൾ നിമിഷനേരം കൊണ്ടു പൊളിക്കുന്ന നിയന്ത്രിത സ്ഫോടന സാങ്കേതിക വിദ്യയാണ് ഇവിടെയും പ്രയോഗിച്ചത്. തിരുപ്പൂർ കേന്ദ്രമായ മാഗ് ലിങ്ക് ഇൻഫ്രാ പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു കരാർ ഏറ്റെടുത്തത്. വൻ കെട്ടിട സമുച്ചയങ്ങൾ പൊളിക്കാൻ ഉപയോഗിക്കുന്ന സുരക്ഷിതമായ ‘ഇംപ്ലോസീവ്’ മാർഗമാണ് തെരഞ്ഞെടുത്തത്. കോൺക്രീറ്റ് തൂണുകൾക്കും ബീമുകൾക്കും ബലക്ഷയമുണ്ടാക്കുകയായിരുന്നു ആദ്യപടി. എളുപ്പത്തിൽ പൊളിയാനാണിത്. കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ ഇത് ചെയ്തു. പാലത്തിന്റെ ബീം, കോൺക്രീറ്റ് അടിത്തറ എന്നിവിടങ്ങളിൽ നൈട്രോഗ്ലിസറിൻ, ഡൈനമിറ്റ് തുടങ്ങിയ സ്ഫോടകവസ്തുക്കൾ ഘടിപ്പിക്കും. ഈ ജോലിക്ക് ചാർജ് എന്നാണ് പറയുന്നത്. പാലത്തിന്റെ വിവിധ സ്ഥലങ്ങളിൽ സുഷിരങ്ങൾ ഇട്ട് സ്ഫോടകവസ്തുക്കൾ നിറയ്ക്കുകയാണ് അടുത്തഘട്ടം. കോൺക്രീറ്റ് അവശിഷ്ടങ്ങൾ അൽപം പോലും പുറത്തേക്ക് തെറിച്ചുവീഴാത്തവിധം പാലം പൂർണമായും സുരക്ഷിതമായി പൊതിഞ്ഞു. റിമോട്ട് സംവിധാനത്തിലൂടെയാണ് സ്ഫോടനം നടത്തിയത്.

   First published:
   )}