• HOME
  • »
  • NEWS
  • »
  • kerala
  • »
  • സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയുമായി പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരം

സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയുമായി പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരം

മലബാറിലെ വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന. ക്ലാസുകൾ ജൂലൈ രണ്ടാം വാരം മുതൽ

നജീബ് കാന്തപുരം എം.എൽ.എയുടെ പത്രസമ്മേളനം

നജീബ് കാന്തപുരം എം.എൽ.എയുടെ പത്രസമ്മേളനം

  • Last Updated :
  • Share this:
സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയുമായി (free civil services training programme) പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരം (Najeeb Kanthapuram). നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന 'ക്രിയ' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ സിവില്‍ സര്‍വ്വീസസ് അക്കാദമി ഉടൻ തുടങ്ങും. ജൂലൈ രണ്ടാം വാരത്തില്‍ ക്ലാസ് തുടങ്ങുന്ന വിധത്തിൽ വിഭാവനം ചെയ്യുന്ന അക്കാദമിക്ക് ഹൈദരലി ശിഹാബ് തങ്ങളുടെ പേരു നല്‍കും. മലബാര്‍ മേഖലയിലെ  വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് റെസിഡന്‍ഷ്യല്‍ കോച്ചിംഗുമായി അക്കാദമി സജ്ജമാകുന്നത്.

സിവില്‍ സര്‍വ്വീസ് തല്‍പരരായ നൂറു വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ വര്‍ഷവും പ്രവേശനം നല്‍കുക. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ നിന്നുള്ളവരില്‍ നിന്ന് എഴുത്ത് പരീക്ഷ ഇന്റര്‍വ്യൂ എന്നിവ നടത്തി മികവ് പുലര്‍ത്തുന്നവര്‍ക്കാണ് പ്രവേശനം നല്‍കുക. എസ്.സി., എസ്.ടി., മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍, അംഗ പരിമിതര്‍, ട്രാന്‍സ് ജെന്റര്‍ വിഭാഗങ്ങള്‍ക്ക് വെയ്‌റ്റേജ് നല്‍കും.

പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍ക്കും പ്രത്യേക പരിഗണനയുണ്ടാകും. പരിശീലനം പരിപൂർണമായും സൗജന്യമാകും. "പെരിന്തല്‍മണ്ണയില്‍ അരംഭിക്കാന്‍ പോവുന്ന, തീര്‍ത്തും സൗജന്യമായി പഠിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ സിവില്‍ സര്‍വ്വീസസ് അക്കാദമിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേര് നല്‍കും," എം.എല്‍.എ. പറഞ്ഞു.

പെരിന്തല്‍മണ്ണയിലെ വിദ്യാഭ്യാസ രംഗത്ത് സേവന പാരമ്പര്യമുള്ള ഐ.എസ്.എസ്. എഡ്യുക്കേഷണല്‍ സൊസൈറ്റിയാണ് സിവില്‍ സര്‍വ്വീസസ് അക്കാദമിക്ക് വേണ്ടി സ്ഥലം വിട്ട് നല്‍കിയത്. പെരിന്തല്‍മണ്ണ പൊന്ന്യാങ്കുറിശിയിൽ ഉള്ള ഐ.എസ്.എസ്. കാമ്പസിലാണ് സിവില്‍ സര്‍വ്വീസസ് അക്കാദമി പ്രവര്‍ത്തന സജ്ജമാവുന്നത്.

അക്കാദമിക്ക് വേണ്ടി ആധുനിക രീതിയിലുള്ള വിശാലമായ ക്ലാസ് റൂമുകള്‍, ലൈബ്രറി ആന്റ് റീഡിംഗ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ഡിസ്‌കഷന്‍ റൂം, സ്റ്റുഡിയോ, എന്നിവ ഒരുക്കും. കോഴിക്കോട് നടക്കാവ് ഹൈസ്‌കൂള്‍ അടക്കം കേരളത്തിലെ വിവിധ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ഫൈസല്‍ ആന്റ് ശബാനാ ഫൗണ്ടേഷന്‍ ഈ പദ്ധതിയുടെ പ്രധാന പങ്കാളിയാണ്.

കഴിഞ്ഞ ദിവസം ദുബായില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളനും നജീബ് കാന്തപുരം എം.എല്‍.എയും ഇത് സംബന്ധമായി ചര്‍ച്ച നടത്തുകയും ധാരണയാവുകയും ചെയ്തു. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യയിലെ ആദ്യ നിയോബാങ്കിംഗ് കമ്പനിയും കേരളത്തില്‍ നിന്നുള്ള ആദ്യത്തെ യൂണികോണ്‍ സ്ഥാപനവുമായ ഓപണും അക്കാദമിയുമായി സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. അക്കാദമി പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ മുന്നോടിയായി മെയ് 14ന്
പെരിന്തല്‍മണ്ണയില്‍ ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പില്‍  അരുണ സുന്ദരരാജന്‍ ഐ.എ.എസ്., മുഹമ്മദ് ഹനീഷ് ഐ.എ.എസ്. തുടങ്ങിയവര്‍ പങ്കെടുക്കും.

പാലക്കാട് മുതൽ കാസർകോട് വരെ ഉളള ആറു ജില്ലകളില്‍ നിന്നുള്ള ബിരുദം പൂര്‍ത്തിയാക്കിയ സിവില്‍ സര്‍വ്വീസ് തല്‍പ്പരരായ വിദ്യാര്‍ത്ഥികള്‍ ഇതോടൊപ്പമുള്ള ഇ-മെയില്‍ അഡ്രസിലേക്ക് അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും അയക്കണം. നേരത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണ ഉണ്ടായിരിക്കും.

സംഗീത് കെ. ആണ് പ്രൊജക്ട് ഡയറക്ടര്‍. വളരെ പാവപ്പെട്ട കുടുംബങ്ങളിലെ പ്രതിഭാധനരായ കുട്ടികളെയാണ് അക്കാദമി പ്രധാനമായും ലക്ഷ്യം വെക്കുന്നത് എന്നും എം.എല്‍.എ. പറഞ്ഞു. ഏറെ ദീർഘവീക്ഷണത്തോടെയാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നും എംഎൽഎ അല്ലാതെ ആയാലും പദ്ധതിക്ക് ഒപ്പമുണ്ടാകുമെന്നും നജീബ് കാന്തപുരം പറഞ്ഞവസാനിപ്പിച്ചു.

വിശദ വിവരങ്ങള്‍ക്ക് 9846 653 258, 6235 577 577 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇ-മെയില്‍ വിലാസം: civilservices.krea@gmail.com. ഡല്‍ഹിയിലും തിരുവനന്തപുരത്തുമുള്ള സിവില്‍ സര്‍വ്വീസ് ഇക്കോ സിസ്റ്റം സൃഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകരുടെ സാന്നിധ്യവും പരിശീലനവും ഉറപ്പാക്കിയാണ് അക്കാദമി ആരംഭിക്കുന്നത്.
Published by:Meera Manu
First published: