• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഈ കൈകളിലാണ് നിങ്ങൾ അന്ന് വിലങ്ങ് അണിയിച്ചത്

ഈ കൈകളിലാണ് നിങ്ങൾ അന്ന് വിലങ്ങ് അണിയിച്ചത്

സ്വന്തമായി ലെയ്ത്ത് ഇല്ലാത്ത, വർക് ഷോപ്പില്ലാത്ത, പുറത്തുപോയി വരാൻ വാഹനസൗകര്യം ഇല്ലാത്ത ആ കാലത്ത് വേളി കടപ്പുറത്തു കൂടി നടന്ന് ബസ് കയറി അന്നത്തെ ലെയ്ത്ത് പണികൾ ചെയ്യുന്ന പാപ്പനംകോട്ടെ സിസ എന്ന് വർക് ഷോപ്പിലേക്ക് പോയി.

നമ്പി നാരായണൻ

നമ്പി നാരായണൻ

 • Last Updated :
 • Share this:
  "1966 സെപ്റ്റംബർ 12,

  എന്‍റെ സ്വപ്നങ്ങൾക്ക് ജീവനുള്ള ചിറകുകൾ മുളച്ചുവന്ന ദിവസമായിരുന്നു. തിരുവനന്തപുരത്തെ തുമ്പക്കടുത്ത് കടപ്പുറത്തെ വിശാലഭൂമിയിൽ കെട്ടിയുയർത്തിയ പഴയ ചർച്ചും അവിടുത്തെ പഴയ ബിഷപ് ഹൗസുമായിരുന്നു അന്നത്തെ TERLS.അമ്മയെയും ഗുരുക്കൻമാരെയും മനസിൽ ധ്യാനിച്ച് ഞാൻ ആ വലിയ വാതിൽ തുറന്നുകയറി. ചെറിയൊരു മതിൽക്കെട്ടിനുള്ളിലെ വാതിലായിരുന്നെങ്കിലും അതെന്‍റെ മുന്നിലേക്ക് തുറന്നപ്പോൾ ഞാനൊരു വിസ്മയലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു. സ്വന്തം രാജ്യത്തിന്‍റെ സ്വപ്നത്തിന്‍റെ തുടിപ്പുകൾ കാണാമറയത്തെ വിസ്മയലോകത്തേക്ക് ഉയർത്തിവിടാൻ കൊതിക്കുന്ന ഒരു സംഘം ശാസ്ത്രജ്ഞർ, അവർക്കിടയിലേക്ക് ഞാനെന്‍റെ ജീവിതത്തെ പറിച്ചുനട്ടു."

  ഐ എസ് ആർ ഒയിലെ ശാസ്ത്രജ്ഞൻ ആയിരുന്ന നമ്പി നാരായണന്‍റെ ആത്മകഥയായ ഓർമകളുടെ ഭ്രമണപഥത്തിലെ ഒമ്പതാം അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്. ഇന്നത്തെപ്പോലെയുള്ള ഒരു സംവിധാനവും ഇല്ലാതിരുന്ന ആ കാലത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ, 'കാടുപിടിച്ച പള്ളിപ്പറമ്പും വലിയ രണ്ട് കെട്ടിടങ്ങളും മാത്രമായിരുന്നു തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍റെ സമ്പത്ത്.' രാവിലെ എത്തിയാൽ വൈകുന്നേരം വരെ നീളുന്ന ജോലിത്തിരക്കുകൾ. മുൻ രാഷ്ട്രപതി കൂടിയായിരുന്ന ഡോ എ പി ജെ അബ്ദുൾ കലാമിന്‍റെ സ്നേഹത്തണലിൽ ആയിരുന്നു നമ്പിയുടെ അന്നത്തെ പ്രവർത്തനങ്ങൾ. പൈറോ ടെക്നിക് ഡിവൈസ്, ചെറിയ ടെസ്റ്റ് റോക്കറ്റിൽ ഉപയോഗിക്കുന്ന ഇഗ്നൈറ്റർ, പാരച്യൂട്ടിൽ ഉപയോഗിക്കുന്ന പ്രത്യേകതരം കേബിൾ കട്ടർ, എക്സ്പ്ലോസിവ് ബോർട്ട് അങ്ങനെ പലതും നമ്പിയുടെ കരവിരുതിൽ ഉടലെടുത്തു.  സ്വന്തമായി ലെയ്ത്ത് ഇല്ലാത്ത, വർക് ഷോപ്പില്ലാത്ത കാലത്താണ് പരീക്ഷണങ്ങൾ നടത്തി ഇന്ത്യയുടെ സാങ്കേതികവിദ്യയ്ക്ക് മികച്ച സംഭാവനകൾ ആ കാലഘട്ടത്തിൽ നമ്പി നാരായണൻ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ നൽകിയത്. വികാസ് എഞ്ചിന്‍റെയും പി എസ് എൽ വി റോക്കറ്റുകളുടെയും വിജയക്കുതിപ്പിന് പിന്നീട് പ്രേരകമായതും ഇതായിരുന്നു.  അന്തരീക്ഷമർദ്ദവും മറ്റും നോക്കുന്ന കാലാവസ്ഥാ നിരീക്ഷണ റോക്കറ്റായ ജൂഡി ഡാർട്ടിന്‍റെ ഡിസൈൻ തയ്യാറാക്കിയ കഥ ആത്മസമർപ്പണത്തിന്‍റെയും അത്യദ്ധ്വാനത്തിന്‍റെയും ആയിരുന്നു. ഡാർട്ടിന്‍റെ ഡിസൈൻ ആയിരുന്നു അന്ന് നമ്പി പൂർത്തിയാക്കിയത്. ജൂഡി വഹിച്ചു കൊണ്ടുപോകുന്ന ഡാർട്ടിനെ ആകാശത്ത് അൻപതോ -അറുപതോ കിലോമീറ്റർ അകലെ എത്തുമ്പോൾ ജൂഡിയിൽ നിന്ന് വേർപെടുത്തും. പിന്നെ മുടിനാര് പോലെയുള്ള ഡാർട്ട് അന്തരീക്ഷത്തിൽ പറന്നുകളിക്കും. അതിൽ നിന്നെത്തുന്ന സിഗ്നലുകൾ കാറ്റിന്‍റെ ഗതിയും ശക്തിയും പിടിച്ചെടുക്കും. അങ്ങനെ കാലാവസ്ഥപ്രവചനം നടത്താനാകും. അന്ന് ഡാർട്ടിന്‍റെ നിർമാണത്തിന്‍റെ ചുമതല അബ്ദുൾ കലാം ഏൽപിച്ചത് നമ്പിയെ ആയിരുന്നു.  സ്വന്തമായി ലെയ്ത്ത് ഇല്ലാത്ത, വർക് ഷോപ്പില്ലാത്ത, പുറത്തുപോയി വരാൻ വാഹനസൗകര്യം ഇല്ലാത്ത ആ കാലത്ത് വേളി കടപ്പുറത്തു കൂടി നടന്ന് ബസ് കയറി അന്നത്തെ ലെയ്ത്ത് പണികൾ ചെയ്യുന്ന പാപ്പനംകോട്ടെ സിസ എന്ന് വർക് ഷോപ്പിലേക്ക് പോയി. അവിടെ കോപ്പറിൽ സുന്ദരമായൊരു ഡാർട്ട് നിർമിച്ചു. കാഴ്ചയിൽ ഒരു ചെറു മിസൈൽ പോലെ ഇരിക്കും. ബസിൽ കയറിയാണ് കിഴക്കേകോട്ടയിലേക്ക് പോയത്. കിഴക്കേകോട്ടയിൽ ഇറങ്ങി അടുത്ത ബസ് കയറി കുളത്തൂർ ഇറങ്ങി കനാൽ ഗേറ്റ് വഴി ബിഷപ്പ് ഹൗസിലേക്ക് നടന്നു. താമസിയാതെ തന്നെ ജൂഡി റോക്കറ്റിൽ ഘടിപ്പിച്ച് പരീക്ഷണം നടത്തി. അതൊരു വലിയ വിജയമായിരുന്നെന്നും ആത്മകഥയിൽ നമ്പി ഓർക്കുന്നു.  പലപ്പോഴായി വിദേശ സർവകലാശാലകളിൽ പോകാൻ അവസരം ലഭിച്ചിട്ടും ഒടുവിൽ വിക്രം സാരാഭായി നേരിട്ട് ഇടപെടുന്നതോടെയാണ് നമ്പി നാരായണൻ സ്വപ്നസാഫല്യമായ പ്രിൻസ്റ്റണിൽ എത്തിയത്. ആഗ്രഹിച്ചതു പോലെ പ്രൊഫസർ ക്രോക്കോയുടെ ശിഷ്യനായി ലിക്വിഡ് പ്രൊപ്പൽഷൻ പഠിച്ചെടുത്ത് ഇന്ത്യയിലേക്ക്. 1970കളിൽ റോക്കറ്റുകൾക്കായി ദ്രാവക ഇന്ധന സാങ്കേതികവിദ്യയും ഖര ഇന്ധന സാങ്കേതികവിദ്യയും ISRO വികസിപ്പിച്ചു. ഇതിൽ ദ്രാവക ഇന്ധന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തവരിൽ പ്രധാനിയായിരുന്നു നമ്പി നാരായണൻ.

  കൂടാതെ, അതി ശീതീകൃത ദ്രവ ഇന്ധനങ്ങളും അവയ്ക്ക് വേണ്ട എഞ്ചിനുകളും വികസിപ്പിക്കുന്നതിലും ISRO ചെയർമാനായിരുന്ന സതീഷ് ധവാന്‍റെയും പിൻഗാമിയായ യു ആർ റാവുവിന്‍റെയും നേതൃത്വത്തിൽ നടന്നു പോന്നിരുന്ന ഗവേഷണപ്രവർത്തനങ്ങളിൽ സജീവ പങ്കാളി ആയിരുന്നു. 1994ൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് അന്ന് ISRO വികസിപ്പിച്ചു കൊണ്ടിരുന്ന ക്രയോജനിക സാങ്കേതികവിദ്യയെക്കുറിച്ച് ബന്ധപ്പെടുത്തി ചാരവൃത്തി ആരോപിച്ചായിരുന്നു. 50 ദിവസം ജയിലിൽ ക്രൂരമായ മർദ്ദനങ്ങൾക്ക് അദ്ദേഹം ഇരയായി.

  നമ്പി നാരായണൻ നിരപരാധിയാണന്ന് മനസ്സിലാക്കി 1998ൽ സുപ്രീംകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 2018ൽ ജസ്റ്റിസ് ദിപക് മിശ്ര ബെഞ്ച് സുപ്രീംകോടതി വിധിയിൽ നമ്പി നാരായണന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. സംസ്ഥാന സർക്കാർ ഓഗസ്റ്റിൽ പരസ്യമായി നഷ്ടപരിഹാര തുക നൽകി വിധി നടപ്പിലാക്കുകയും ചെയ്തു.
  First published: