കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് (Pala Bishop) മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കോട്ടയം കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ നാർകോട്ടിക് ജിഹാദ് (Narcotic jihad), ലൗ ജിഹാദ് (Love Jihad) പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിലാണ് കുറവിലങ്ങാട് പോലീസ് (Kerala Police) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ഉത്തരവ് പ്രകാരമാണ് കുറവിലങ്ങാട് പോലീസ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. മതസ്പർധ വളർത്തുന്നു എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറവലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.സംഭവത്തിൽ പാലാ ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസ് ന്യൂസ്18 നോട് സ്വീകരിച്ചു. പാലാ കോടതിയുടെ ഉത്തരവ് പരിഗണിച്ചാണ് നടപടി എന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് മൗലവി നൽകിയ ഹർജിയിലാണ് പാല മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഇട്ടത്. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച വാദം കേട്ട കോടതി ഉത്തരവ് ഇട്ടത്. കോടതി ഉത്തരവ് ഇന്നാണ് കുറവിലങ്ങാട് പോലീസിന് ലഭിച്ചത്. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ അനുമതി തേടിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഐപിസി 153 (എ),153(ബി) 295 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ന്യൂസ് 18 നോട് സ്ഥിരീകരിച്ചു.
Also Read-
Communal Hatred | മതസ്പർദ്ധ വളർത്തിയെന്ന കേസിൽ ടിവി അവതാരകയ്ക്കും ഉടമയ്ക്കും ജാമ്യം
പാലാ ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഇനി കടക്കും. ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ ആണ് പോലീസ് ആലോചിക്കുന്നത്. അതേസമയം കോടതി ഉത്തരവിനെതിരെ മേൽ കോടതികളെ സമീപിക്കാനാണ് പാലാ ബിഷപ്പ് ഹൗസ് ആലോചിക്കുന്നത്. ഉത്തരവിൽ ഹൈക്കോടതിയിൽ നിന്നും സ്റ്റേ ലഭിച്ചാൽ അത് കേസന്വേഷണത്തിൽ നിർണായകമാകും.
എഫ്ഐആർ രജിസ്റ്റർ ചെയ്ത അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് നിർദ്ദേശം ഉണ്ടാകുമോ എന്നതും നിർണായകമാണ്. കേസിൽ ധൃതിപിടിച്ച് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കാൻ സാധ്യതയില്ല. കോടതി ഉത്തരവ് ഫലത്തിൽ സർക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബിഷപ്പിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ മുസ്ലിം സംഘടനകളുടെ ഭാഗത്ത് നിന്ന് കടുത്ത എതിർപ്പ് ഉണ്ടായേക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്തു ശക്തമായ നടപടി സ്വീകരിച്ചാൽ ക്രൈസ്തവ സംഘടനകളുടെ ഭാഗത്തുനിന്നും സർക്കാറിനെതിരായ നീക്കം ശക്തമാകും. ഏതായാലും മേൽക്കോടതിയെ സമീപിച്ചാൽ അതിന്മേലുള്ള ഉത്തരവ് ലഭിക്കുന്നതുവരെ കാത്തിരിക്കാൻ ആകും പോലീസിന്റെ തീരുമാനം. അതുപോലെ പാലാ ബിഷപ്പിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളും ഇനി നിർണായകമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.