കൊച്ചി: വയനാട് മുട്ടില്‍ മരംമുറി വിവാദത്തില്‍ ആരോപണ വിധേയനായ വനം മന്ത്രി എ.കെ.ശശീന്ദ്രന് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാരിവട്ടത്തെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, റവന്യൂ-വനംവകുപ്പ് മന്ത്രിമാര്‍ രാജിവെയ്ക്കുക, കേസില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പങ്കുകള്‍ അന്വേഷിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ചടങ്ങില്‍ സംസ്ഥാനത്തെ മികച്ച അഴിമതി മന്ത്രിയ്ക്കുള്ള വീരപ്പന് അവാര്‍ഡ് മന്ത്രിയ്ക്ക് നല്കി. എ.കെ.ശശീന്ദ്രന്റെ മുഖംമൂടിയണിഞ്ഞ എന്‍.സി.വൈ.കെ പ്രവര്‍ത്തകനാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് പാറപ്പുറം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മന്ത്രി സ്ഥാനം ഏറ്റെടുത്തിന് തൊട്ടുപിന്നാലെ മന്ത്രി എ.കെ.ശശീന്ദ്രന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മരമമുറി കേസിലെ പ്രതികളായ മാംഗോ ഫോണ്‍ ഉടമകളുമായി നടത്തിയ രഹസ്യ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സലിം അധ്യക്ഷത വഹിച്ചു. എ കെ ശശീന്ദ്രന്റെ എൻസിപിയിൽ നിന്ന് പുറത്തുവന്ന് മാണി സി കാപ്പന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പാർട്ടിയാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള.
Also Read-
റേഷൻ കാർഡുടമകൾക്ക് 4000 രൂപയും ഭക്ഷ്യ കിറ്റും: മനംനിറഞ്ഞ് തമിഴ് ജനത
അതേസമയം, മരംമുറി കേസില്‍ പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി നാളെ പരിഗണിയ്ക്കും. മരംമുറിയില്‍ നിലവിലെടുത്തിരിയ്ക്കുന്ന കേസുകള്‍ നിലനില്‍ക്കില്ലെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചിരുന്നു. രാഷ്ട്രീയ, മാധ്യമ വേട്ടയാടലാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. എപ്പോള്‍ വേണമെങ്കിലും തങ്ങളെ അറസ്റ്റ് ചെയ്യാം. അതിനാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് എതിരെ 39 കേസുകളാണ് നിലവില്‍ ഉള്ളതെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണം എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു.
പ്രതികളായ ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, റോജി അഗസ്റ്റിന് എന്നിവരാണ് മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി വാങ്ങിയതിന് ശേഷമാണ് മരം മുറിച്ചത്. വിവരങ്ങള്‍ റവന്യു ഉദ്യോഗസ്ഥരെയും കല്‍പ്പറ്റ കോടതിയെയും അറിയിച്ചിരുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. വില്ലേജ് ഓഫീസറുടെ അനുമതിയും ലഭിച്ചിരുന്നതായും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിപ്പാനത്തിലുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം നാളെ മരംമുറി നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കും. സി.പി.ജോണ്‍, അനൂപ് ജേക്കബ്, ജി.ദേവരാജന്‍, എന്‍.കെ.പ്രേമചന്ദ്രന് അടക്കമുള്ള നേതാക്കളും ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരും സംഘത്തിലുണ്ടാവും.
Also Read-
നടൻ സുകുമാരൻ ഓർമയായിട്ട് 24 വർഷം; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
മരംമുറിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കൊഴുക്കുന്നതിനിടെ വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. മരം മുറി വിവാദവുമായി ബന്ധപ്പെട്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ ഒരു വീഴ്ചയും ഇല്ലെന്ന് കാനം പറഞ്ഞു. 2016 ൽ തുടങ്ങിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഉത്തരവ് ഇറങ്ങിയത്. പത്ത് സര്വകക്ഷിയോഗങ്ങൾ ഇതുസംബന്ധിച്ച് നടന്നിട്ടുണ്ട്. അതിൽ ഏഴെണ്ണം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് നടന്നതും. കര്‍ഷകര്‍ അടക്കമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പ്രാധാന്യം നൽകിയത്. അതനുസരിച്ച് ഉണ്ടായ രാഷ്ട്രീയ തീരുമാനം ആണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവെന്നും കാനം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.