• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രകൃതിക്ഷോഭ ദുരിതാശ്വാസം; കഴിഞ്ഞ വർഷം കർഷകർക്ക് നല്‍കിയത് 115.98 കോടി രൂപയെന്ന് കൃഷി മന്ത്രി

പ്രകൃതിക്ഷോഭ ദുരിതാശ്വാസം; കഴിഞ്ഞ വർഷം കർഷകർക്ക് നല്‍കിയത് 115.98 കോടി രൂപയെന്ന് കൃഷി മന്ത്രി

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ പ്രകൃതിക്ഷോഭവും, അടിക്കടി ഉണ്ടാകുന്ന വിളനാശവും മൂലം കാർഷിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്

  • Share this:
    തിരുവനന്തപുരം : കഴിഞ്ഞ സാമ്പത്തിക വർഷം 115.98 കോടി രൂപ ദുരിതാശ്വസ ഇനത്തിലും സംസ്ഥാന വിള ഇൻഷുറൻസ് ഇനത്തിലുമായി കർഷകർക്ക് അനുവദിച്ചതായി കൃഷി മന്ത്രി പി.പ്രസാദ് (Minister of Agriculture of Kerala P. Prasad ) അറിയിച്ചു. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 31.79 കോടി രൂപയും പ്രകൃതി ക്ഷോഭ ദുരന്തത്തിൻ്റെ നഷ്ടപരിഹാരത്തിനായുള്ള പ്ലാൻ ഫണ്ടിൽ നിന്നും 67.29 കോടി രൂപയും ദുരന്ത പ്രതികരണ ഫണ്ടിൽ നിന്നും 16.92 കോടി രൂപയുമാണ് അനുവദിച്ചത്.

    1,10,677 കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. കഴിഞ്ഞ വർഷം 2,04,100 കർഷകർ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായി ചേർന്നിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ പ്രകൃതിക്ഷോഭവും, അടിക്കടി ഉണ്ടാകുന്ന വിളനാശവും മൂലം കാർഷിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്.

    Also Read- കെ സ്വിഫ്റ്റ് ബസ് അപകടം; സംഭവത്തില്‍ ദുരൂഹതയെന്ന് KSRTC, ഡിജിപിക്ക് പരാതി നല്‍കി

    സർക്കാർ പ്രത്യേക പരിഗണന നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് വിഹിതത്തിൽ കവിഞ്ഞ് മുൻ കാലങ്ങളെ അപേക്ഷിച്ച് ഇത്രയും തുക കർഷകർക്ക് അനുവദിക്കാനായതെന്ന് കൃഷിമന്ത്രി കൂട്ടിച്ചേർത്തു.

    അതേസമയം, കേന്ദ്ര കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതികള്‍ കേരളം അട്ടിമറിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. നിരണത്ത് ആത്മഹത്യ ചെയ്ത കർഷകന് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും പ്രധാൻമന്ത്രി ഫസൽ ബിമ യോജനയുടെയും (Pradhan Mantri Fasal Bima Yojana) ഗുണഫലം എന്തുകൊണ്ട് ലഭ്യമായില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

     Also Read- മഹാരാജാസ് കോളേജിൽ മൊബൈൽ വെളിച്ചത്തിൽ പരീക്ഷ എഴുതിയ സംഭവം; നടപടിയുമായി കോളേജ് അധികൃതർ

    സംസ്ഥാന വിഹിതം നൽകുന്നതിനുള്ള കാലതാമസം ആണ് കേരളത്തിൽ വിള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിന് തടസ്സമെന്ന് മാധ്യമങ്ങളടക്കം നിരന്തരമായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും സംസ്ഥാന സർക്കാർ അലംഭാവം തുടർന്നെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

    കേരളത്തിലെ കണക്കുകൾ പരിശോധിച്ചാൽ നാമമാത്രമായ കർഷകരെയാണ്  കേന്ദ്ര സർക്കാരിൻറെ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടനാട് ഉൾപ്പെടെ
    പലസ്ഥലങ്ങളിലും കൃഷി ഓഫീസർമാരെ സമയത്തിന് നിയമിക്കാൻ നടപടിയെടുത്തിട്ടില്ല എന്നുള്ള ആരോപണവും ഉയർന്നിട്ടുണ്ട്. വന്യജീവികളുടെ ആക്രമണം തടയാനുള്ള കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് സർക്കാർ നിരന്തരമായി പാഴാക്കുന്നു എന്ന ആരോപണത്തെ കുറിച്ച് സംസ്ഥാന സർക്കാരും കൃഷിമന്ത്രിയും മറുപടി പറയണം എന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

    Also Read- 'വിഷു ആഹ്ളാദപൂർവം ആഘോഷിക്കണം'; രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യാൻ സർക്കാർ

    രാജ്യവ്യാപകമായി കർഷകരുടെ പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്നത് തങ്ങളുടെ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന ആളുകൾ ആണ് കേരളം ഭരിക്കുന്നത്. കുട്ടനാട്ടിലേക്ക് ഇടതുമുന്നണി നേതാക്കൾ പോകാത്തത് എന്തെന്നും മുരളീധരൻ ആരാഞ്ഞു. ഇടതുമുന്നണിയുടെ കപട കർഷക സ്നേഹം ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    Published by:Arun krishna
    First published: