• HOME
 • »
 • NEWS
 • »
 • kerala
 • »
 • കാടിന്റെ വിളി കേൾക്കാൻ...പക്ഷിക്കുഞ്ഞുങ്ങൾക്ക് രക്ഷിതാവാകാൻ ഇനി ബൈജുവില്ല

കാടിന്റെ വിളി കേൾക്കാൻ...പക്ഷിക്കുഞ്ഞുങ്ങൾക്ക് രക്ഷിതാവാകാൻ ഇനി ബൈജുവില്ല

പരിസ്ഥിതി സംരക്ഷണ കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു‌ ബൈജു കെ വാസുദേവൻ

ബൈജു കെ വാസുദേവൻ

ബൈജു കെ വാസുദേവൻ

 • News18
 • Last Updated :
 • Share this:
  ചാലക്കുടി: പരിസ്ഥിതി സംരക്ഷകരെയാകെ നിരാശപ്പെടുത്തുന്ന വാർത്തയായിരുന്നു ബൈജു കെ വാസുദേവന്റെ അകാലത്തിലുള്ള വിയോഗം. അതിരപ്പിള്ളിയിലെ മഴക്കാടുകൾക്കും ജീവജാലങ്ങൾക്കും നഷ്ടപ്പെട്ടത് തങ്ങളുടെ കാവലാളിനെയാണ്. ചെറിയൊരു വീഴ്ചയാണ് ഈ പരിസ്ഥിതി സംരക്ഷകന്റെ ജീവനെടുത്തത്. പരിസ്ഥിതി സംരക്ഷണ കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു‌ ഈ 46കാരൻ.

  പച്ചപ്പിനെയും പുഴകളെയും പക്ഷിമൃഗാദികളെയും അത്രമേൽ സ്നേഹിച്ചിരുന്നു ബൈജു കെ വാസുദേവൻ. ഇരതേടി പോകുന്നതിനിടെ അതിരപ്പള്ളിയിൽ വെച്ച് അ‍ജ്ഞാത വാഹനമിടിച്ച്, കൊക്കിൽ കുറച്ച് പഴങ്ങളുമായി ചത്ത ആൺ വേഴാമ്പലിന്റെ ബൈജു എടുത്ത ചിത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇണയ്ക്കും കുഞ്ഞുങ്ങൾക്കും നൽകാനായിരിക്കും ആൺ വേഴാമ്പൽ സാധാരണയായി കൊക്കിൽ ആഹാരവുമായി പോവുക. ഇത് മനസിലാക്കിയ ബൈജു ഏറെ പണിപ്പെട്ട് ആ വേഴാമ്പലിന്റെ ഇണയെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. 25 അടിയോളം ഉയരത്തിലുള്ള വലിയ മരത്തിൽ മുളയണികൊണ്ടുവന്ന് കൂടിനടുത്തെത്തി ആഞ്ഞലിപ്പഴങ്ങളും അത്തിപ്പഴങ്ങളും ബൈജു അമ്മക്കിളിക്ക് കൈമാറുകയായിരുന്നു. ദിവസങ്ങളോളം ഇതു തുടർന്നു. ബൈജു പകർന്ന സ്നേഹത്തിന്റെ ഈ പ്രകൃതിപാഠം സോഷ്യൽമീഡിയ ഒന്നാകെ ഏറ്റെടുത്തു.

  കണ്ണൂർകാരനായ വാസുദേവന്റെയും നബീസയുടെ മൂത്തമകനാണു ബൈജു. വാസുദേവൻ ബാംബൂ കോർപറേഷനിലെ ദിവസ വേതന ജോലിക്കാരനായിരുന്നു. നബീസയുമായുള്ള വിവാഹത്തിനുശേഷം അതിരപ്പിള്ളിയിൽ താമസമാക്കുകയായിരുന്നു. കാടിനോടു ചേർന്നുള്ള ചെറിയ കുടിലിലാണ് ബൈജു പിറന്നുവീണത്. പക്ഷികളായിരുന്നു കളിക്കൂട്ടുകാർ. പത്താം വയസ്സിൽ ആദിവാസികളുടെ കൂടെ ബൈജുവും ആദ്യമായി കാടുകയറി. കാടിന്റെയും പക്ഷിമൃഗാദികളുടെയും ഭാഷ ബൈജുപോലും അറിയാതെ പഠിച്ചെടുക്കുകയായിരുന്നു.

  കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ കാവൽ എന്ന സിനിമയിൽ‌ പ്രധാനകഥാപാത്രമായും ബൈജു രംഗത്ത് വന്നിരുന്നു. കാടിനെ കുറിച്ച് ഒരു സിനിമ ചെയ്യണമെന്നതായിരുന്നു ആഗ്രഹം. അടുത്ത സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പറയുകയും ചെയ്തിരുന്നു. 2016ൽ കാവൽ സിനിമ ചിത്രീകരിക്കുമ്പോൾ അതിൽ ലൊക്കേഷൻ ഗൈഡായിട്ടായിരുന്നു തുടക്കം. പിന്നീട് അതിലെ പ്രധാന കഥാപാത്രമായി ബൈജു മാറി. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ തേടിപ്പിടിച്ചുവായിച്ചു. ഫോട്ടോഗ്രാഫിയിലേക്കും ശ്രദ്ധ തിരിച്ചു. തന്റെ കാടനുഭവങ്ങൾ, പ്രകൃതിയുടെ സംരക്ഷണത്തിന് ഉപയോഗിച്ചു. ഫോറസ്റ്റ് ഓഫിസർമാർ കാട്ടിലെ പ്രശ്നപരിഹാരങ്ങൾക്കു ബൈജുവിനെ ആശ്രയിച്ചു. കാടിനെക്കുറിച്ചുള്ള തന്റെ അറിവുകൾ ഏവരോടും പങ്കുവച്ചു. കാടനുഭവം തേടിയെത്തുന്നവർക്കു ജീവിതത്തിലെ മറക്കാനാകാത്ത വിസ്മയങ്ങൾ കാട്ടിക്കൊടുത്തു. ഫേസ്ബുക്കിലും ഒട്ടേറെപേർ ബൈജുവിനെ പിൻതുടർന്നിരുന്നു.

  കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കോളജ് ഓഫ് ഫോറസ്ട്രിയിൽ വിസിറ്റിങ് ഫാക്കൽറ്റിയായും പ്രവർത്തിച്ചു. വനം വകുപ്പിന്റെ പരിസ്ഥിതി സാക്ഷരതായജ്ഞത്തിലും സജീവമായിരുന്നു. ഇതിനകം പത്തോളം സിനിമകളിലും ടിവി പരിപാടികളിലും പങ്കെടുത്തു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ നിലകൊണ്ട ബൈജു അവസാനമായി പങ്കെടുത്ത സമരം ശാന്തിവനത്തിലായിരുന്നു. ഭാര്യ: അനീഷ. മക്കൾ: അഭിചന്ദ്രദേവ്, ശങ്കർ ദേവ്, ജാനകീ ദേവി.

  First published: