മലപ്പുറം: സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശി നൗഫൽ മാനസിക പ്രശ്നങ്ങൾ ഉള്ള വ്യക്തിയാണ് എന്ന് പോലീസ്. ഇയാള് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണെന്ന് നൗഫലിന്റെ കുടുംബവും സ്ഥിരീകരിച്ചു. മാനസിക പ്രശ്നങ്ങൾ ഉള്ള സമയത്ത് ഇയാൾക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പ്രമുഖ വ്യക്തികളെയും എല്ലാം ഫോണിൽ വിളിച്ച് സംസാരിക്കുന്ന സ്വഭാവം ഉണ്ട്. സ്വപ്ന സുരേഷിനെയും അങ്ങനെ വിളിച്ചത് ആകുമെന്ന് ആണ് കുടുംബം പറയുന്നത്.
" കഴിഞ്ഞ ആറേഴു വർഷമായി നൗഫൽ ചികിത്സയിൽ ആണ്. എപ്പോഴും അങ്ങനെ ഒരു നിലയിൽ അല്ല. ചിലപ്പോൾ മാനസിക അസ്വാസ്ഥ്യം തുടങ്ങിയാൽ പിന്നെ ആളുടെ സ്വഭാവം തന്നെ വല്ലാതെ മാറും. ഫോണിൽ ഉള്ള നമ്പറുകളിൽ എല്ലാം വിളിക്കും. അതിന് സമയ വ്യത്യാസം ഒന്നും ഇല്ല. നൗഫലിന്റെ കയ്യിൽ എല്ലാവരുടെയും നമ്പർ ഉണ്ട്. എംഎൽഎമാരുടെയും രാഷ്ട്രീയക്കാരുടെയും എല്ലാം. അവർക്ക് എല്ലാം നൗഫലിനെ അറിയാം. അത് കൊണ്ട് വിളിച്ച് സംസാരിക്കുമ്പോൾ അങ്ങനെ മാത്രമേ എടുക്കാറുള്ളൂ " നൗഫലിന്റെ സഹോദരങ്ങളായ ഹാരിസും നിസാറും പറഞ്ഞു.
" മുൻപ് പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ ആണ് ചികിത്സ ഉണ്ടായിരുന്നത്. എന്നാല് ഇപ്പൊൾ അങ്ങോട്ട് പോകാൻ തയാറല്ല എന്ന് പറഞ്ഞ് കോഴിക്കോട് ചേതന ആശുപത്രിയിൽ ആണ് ചികിത്സ. ഡോക്റ്റർ പറഞ്ഞത് ചികിത്സ തുടങ്ങി രണ്ടാഴ്ച പിടിക്കും ഫലം കാണാൻ എന്ന് ആണ് ". ഡിജിപി അടക്കം ഉള്ളവരുടെ ഫോൺ നമ്പർ ശേഖരിച്ച് വിളിക്കുന്ന നൗഫലിന് സ്വപ്നയുടെ ഫോൺ നമ്പർ എങ്ങിനെ ലഭിച്ചു എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
മകൻ്റെ ചികിത്സാർത്ഥം ഒരു വർഷത്തോളം നൗഫൽ കൊച്ചിയിൽ ആയിരുന്നു. രണ്ടു വയസ്സുള്ള മകന് കരൾമാറ്റ ശസ്ത്രക്രിയ നടത്തിയതാണ്. കരൾ നൽകിയതും നൗഫൽ തന്നെയാണ്. ഇതിനു വേണ്ടിയാണ് ഒരു വർഷത്തോളം നൗഫൽ കൊച്ചിയിൽ തങ്ങിയത്. മരട് അനീഷ് എന്ന പേര് അപ്പോള്‍ ലഭിച്ചതോ , അല്ലെങ്കിൽ അവിടെ വച്ച് പരിചയപ്പെട്ട ആരെങ്കിലുമോ ആയിരിക്കാം എന്ന് ആണ് പോലീസ് നിഗമനം. ഇക്കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
സ്വപ്ന സുരേഷിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ നൗഫലിനെ മങ്കട പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫോണിൽ വിളിച്ച് ശല്യം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും ആണ് നൗഫലിനെതിരെ കേസ് എടുത്തിട്ടുള്ളത്. മാനസിക അസ്വാസ്ഥ്യം ഉള്ള കാലത്ത്മങ്കടയിലേയും പെരിന്തൽമണ്ണയിലെയും പോലീസ് സ്റ്റേഷനിൽ ഇടയ്ക്ക് പോകാറുണ്ട് നൗഫൽ. പോലീസുകാർക്കും അത് കൊണ്ട് തന്നെ ഇയാളെ നന്നായി അറിയാം. രാത്രി എന്നോ പകൽ എന്നോ ഭേദമില്ലാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് പലതും പറയാറുള്ള വ്യക്തിയാണ് നൗഫൽ എന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.