നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹരികുമാര്‍ മരിച്ചതിന്റെ ഉത്തരവാദിത്തം സംരക്ഷണമൊരുക്കിയവര്‍ക്ക്: സമരസമിതി

  ഹരികുമാര്‍ മരിച്ചതിന്റെ ഉത്തരവാദിത്തം സംരക്ഷണമൊരുക്കിയവര്‍ക്ക്: സമരസമിതി

  • Last Updated :
  • Share this:
   നെയ്യാറ്റിന്‍കര: സനല്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിന്റെ മരണത്തിന് പിന്നില്‍ ദുരൂഹതയെന്ന് ജനകീയ സമരസമിതി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ആരോപിച്ചു. ഡിവൈ.എസ്.പിയെ സംരക്ഷിച്ചവര്‍ക്കു തന്നെയാണ് മരണത്തിന്റെ ഉത്തരവാദിത്തവും. ഹരികുമാറിനെ സംരക്ഷിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

   ഹരികുമാറിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സനലിന്റെ ഭാര്യ വിജിയും കുടുംബാംഗങ്ങളും നിരാഹാര സമരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകമാണ് ഡിവൈ.എസ്.പി മരിച്ചെന്ന വാര്‍ത്ത പുറത്തു വന്നത്. ഹരികുമാറിനു വേണ്ടി തമിഴ്‌നാട്ടിലുള്‍പ്പെടെ പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് കല്ലമ്പലത്തെ വീട്ടില്‍ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

   ഈ മാസം അഞ്ചിനാണ് ഹരികുമാറുമായുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നെയ്യാറ്റികര സ്വദേശി സനല്‍കുമാര്‍ കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് ഡിവൈ.എസ്.പിയും സനലും തമ്മില്‍ വാഗ്വാദമുണ്ടായത്. കാര്‍ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. കാര്‍ മാറ്റിയിട്ടശേഷം തിരിച്ചെത്തിയ സനലിനെ ഡിവൈ.എസ്.പി മര്‍ദ്ദിച്ച് റോഡിലേക്കു തള്ളി. ഇതിനെ പാഞ്ഞെത്തിയ കാറിനടിയില്‍പ്പെട്ടാണ് സനല്‍ മരിച്ചത്. ഇതിനു ശേഷം സംഭവസ്ഥലത്തുനിന്നും സുഹൃത്ത് ബിനുവിനൊപ്പം മുങ്ങിയ ഹരികുമാറിനെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

   ഹരികുമാറിന്റെ കാര്‍ കല്ലറിയിലെ കുടുംബവീട്ടില്‍ എത്തിച്ച സുഹൃത്ത് ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയെയും തൃപ്പരപ്പില്‍ താമസ സൗകര്യമൊരുക്കിയ സതീഷിനെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടന്ന് ഓരാഴ്ച കഴിഞ്ഞിട്ടും കൊലക്കേസ് പ്രതിയായ ഡിവൈ.എസ്.പിയെ കണ്ടെത്താനാകാത്തത് സര്‍ക്കാരിനെയും പൊലീസിനെയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. അതേസമയം ഡിവൈ.എസ്.പിക്കൊപ്പം ഒളിവില്‍ പോയ സുഹൃത്ത് ബിനുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

   First published:
   )}