പാലായിലെ പരാജയം എൽഡിഎഫ് നേതൃത്വത്തിന്റെ നിലപാടിനേറ്റ തിരിച്ചടിയെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ. എൻസിപിക്ക് മാത്രമല്ല, എൽഡിഎഫിന് കൂടിയാണ് ഒരു സീറ്റ് നഷ്ടമായതെന്നും ടി പി പീതാംബരൻ മാസ്റ്റർ ന്യൂസ് 18നോട് പറഞ്ഞു. എൻസിപിയുടെ മന്ത്രി ആരാണെന്ന് പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. എൻസിപിക്ക് ഒന്നിലധികം മന്ത്രിമാർ ഉണ്ടാകില്ലെന്നും ടി പി പീതാംബരൻ പറഞ്ഞു. പാലായിയെ ജോസ് കെ മാണിയുടെ പരാജയത്തിന് ശേഷം ആദ്യമായാണ് ഇടതുമുന്നണിയിലെ ഒരു ഘടകകക്ഷി നേതൃത്വത്തിനെതിരെ പരസ്യ വിമർശനം ഉന്നയിക്കുന്നത്.
Also Read- 'ഹീനശക്തികൾ വിജയം തടസ്സപ്പെടുത്താൻ പ്രവർത്തിച്ചു, കള്ളക്കേസ് ഉണ്ടാക്കി': ജി സുധാകരന്‍
സീറ്റ് കേരള കോണ്‍ഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ച് മുന്നണി വിട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായ മാണി സി കാപ്പൻ മിന്നും വിജയമാണ് സ്വന്തമാക്കിയത്. 11,246 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പന്റെ വിജയം. 72.56 ശതമാനം പോളിങ്ങാണ് ഈ വര്‍ഷം നടന്നത്. 1965 മുതൽ മണ്ഡലം നിലവിൽ വന്നത് മുതൽ പാലാ കെ എം മാണിക്കൊപ്പമായിരുന്നു നിലകൊണ്ടിരുന്നത്. അരനൂറ്റാണ്ടിന് ശേഷം 2019ൽ മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ തന്നെയാണ് ജയിച്ചത്. എന്നാൽ ജോസ് കെ മാണി ഇടതുപാളയത്തിലെത്തിയത് കാര്യങ്ങളെല്ലാം മാറ്റിമറിച്ചു.
Also Read- പിണറായി 2.0: കെ.ടി.ജലീൽ വീണ്ടും മന്ത്രിയാകുമോ? മലപ്പുറത്ത് നിന്നും എത്ര മന്ത്രിമാർ ?
പാലാ നിയമസഭാ സീറ്റ് ജോസ് കെ മാണിക്ക് നൽകാനുള്ള തീരുമാനം എൽഡിഎഫ് നേതൃത്വം എടുത്തതോടെ എൽഡിഎഫ് പാളയം വിട്ട മാണി സി കാപ്പൻ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പൻ വിജയിച്ചത്. ഇതാണ് ഇപ്പോൾ നാലിരട്ടിയോളം വർധിപ്പിച്ചത്.
Also Read- കുഞ്ഞാപ്പ ഇനി മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കട്ടെ; രൂക്ഷ വിമര്‍ശനവുമായി അണികള്‍
കാലങ്ങളായി എൻസിപി മത്സരിച്ചിരുന്ന പാലാ സീറ്റ് ഇത്തവണ മുന്നണിയിലേക്ക് പുതിയതായി വന്ന ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എമ്മിന് നൽകുകയായിരുന്നു എൽഡിഎഫ് നേതൃത്വം. പാലാ സീറ്റ് കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് മാണി സി കാപ്പൻ യുഡിഎഫിലെത്തിയത്. ആദ്യം മാണി സി കാപ്പന് ഒപ്പം നിന്ന ടി പി പീതാംബരൻ, പാർട്ടി എൽഡിഎഫിൽ തുടരണമെന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാർ അറിയിച്ചതോടെ നിലപാട് മാറ്റി. പിന്നാലെ മാണി സി കാപ്പൻ എൻസിപി വിട്ട്, എൻസികെ എന്ന പാർട്ടി രൂപീകരിക്കുകയും യുഡിഎഫിലെത്തുകയുമായിരുന്നു. എൽഡിഎഫിന്റെ ഭാഗമായി മത്സരിച്ച എൻസിപി തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ വിജയിച്ചു. കുട്ടനാട്ടിൽ തോമസ് കെ തോമസും എലത്തൂരിൽ എ കെ ശശീന്ദ്രനും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jose K Mani, Kerala Assembly Election Result 2021, Ldf, Ncp, Pala