കൊച്ചി: ഇടതുമുന്നണി പ്രവേശത്തിനുള്ള ജോസ് പക്ഷത്തിന്റെ ഉപാധിയായി പാല സീറ്റെന്ന അവകാശവാദം അംഗീകരിയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്താമാക്കി എന്‍സിപി. കൊച്ചിയില്‍ നടന്ന ഭാരവാഹി യോഗത്തിനു ശേഷം സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന് മാസ്റ്ററാണ് വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
ഇടതു മുന്നണിയ്ക്ക് ഗുണകരമാകുമെന്നതിനാല്‍ ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു. കേരള കോണ്‍ഗ്രസ് മുഴുവനായല്ല വരുന്നതെങ്കിലും ഉള്ള ഭാഗത്തെ നേട്ടമായി കരുതുന്നു. ബാര്‍ കോഴയടക്കം മാണി ഗ്രൂപ്പിന്റെയും ജോസ് കെ മാണിയുടെയും പൂര്‍വ്വകാലചരിത്രം പരിശോധിയ്ക്കേണ്ടതില്ല.
പാലാ സീറ്റുമായി ബന്ധപ്പെട്ട് ജോസ് പക്ഷം അവകാശവാദമുന്നയിച്ചിട്ടില്ല. ആവശ്യം വന്നാല്‍ ആ ഘട്ടത്തില്‍ ചര്‍ച്ചകള്‍ നടത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാലു സീറ്റിലും പാര്‍ട്ടി തന്നെ മത്സരിയ്ക്കുമെന്നും പീതാംബരന് മാസ്റ്റര്‍ അറിയിച്ചു.
പാലായില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് മന്ത്രി എ.കെ.ശശീന്ദ്രനടക്കം പങ്കെടുത്ത യോഗത്തില്‍ ഭൂരിപക്ഷം ഭാരവാഹികളും മുന്നോട്ടുവച്ചത്. സിപിഎം ഈ ആവശ്യം ഉന്നയിച്ച ശേഷം മാത്രം വിഷയത്തില്‍ മറ്റുചര്‍ച്ചകള്‍ ആരംഭിച്ചാല്‍ മതിയെന്ന് ധാരണയായി. പാലയ്ക്കായുള്ള വിലപേശല്‍ സിപിഎം ആരംഭിച്ചാല്‍ ശക്തമായി എതിര്‍ക്കും. കേന്ദ്ര നേതൃത്വത്തിനും ഇതേ നിലപാടു തന്നെയെന്ന് സംസ്ഥാന നേതൃത്വം യോഗത്തെയറിയിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.