കൊച്ചി:
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നുണ പരിശോധന ആരംഭിച്ചു. ഇടുക്കി മുൻ എസ്.പി കെ.ബി വേണുഗോപാൽ, കട്ടപ്പന മുൻ ഡിവൈഎസ്പി പിപി ഷംസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ് പിയായിരുന്ന അബ്ദുൾ സലാം എന്നിവരോടാണ് കൊച്ചിയിലെ സി ബിഐ ഓഫീസിൽ പരിശോധനയ്ക്കു എത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിവൈഎസ്പി, പിപി ഷംസിന്റെയും അബ്ദുൾ സലാമിന്റെയും പരിശോധന പൂർത്തിയായി. പരിശോധനയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പി പി ഷംസിനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട രാജ്കുമാറിനെപ്പറ്റി ഈ ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നോയെന്നാണ് സിബിഐ പരിശോധിക്കുന്നത്.
You may also like:വയനാട് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിൻ്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
ഇടുക്കി മുൻ എസ്.പി കെ.ബി വേണുഗോപാലിന്റെ നുണ പരിശോധന ഉടൻ നടക്കും. രാജ്കുമാർ കസ്റ്റഡിയിലുളള കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് എസ്.പി അടക്കമുളള ഉദ്യോഗസ്ഥർ നേരത്തെ സിബഐയോട് പറഞ്ഞിരുന്നത്.
പീരുമേട് സബ് ജയിലിൽ റിമാൻഡിൽ ഇരിക്കെയാണ് ജൂൺ 21 ന് രാജ് കുമാർ മരിച്ചത്. സിഐ ആവശ്യപ്പെട്ടിട്ടും എസ്ഐയും മറ്റു പ്രതികളും ഇയാളെ കോടതിയിൽ ഹാജരാക്കിയില്ലെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാൾ സ്റ്റേഷനിൽ വച്ച് ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് വ്യക്തമാണ്. ന്യൂമോണിയ ബാധിച്ചായിരുന്നു മരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ദിവസങ്ങൾ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചതിന്റെ ഫലമായി ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമായത് എന്നായിരുന്നു ക്രൈംബ്രാഞ്ച് നിഗമനം.
രാജ് കുമാറിന്റെ അമ്മയും ഭാര്യയും മക്കളും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് നൽകിയത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് സിബിഐക്ക് വിട്ടിരുന്നെങ്കിലും അന്വേഷണം ആരംഭിച്ചില്ലെന്ന് കാണിച്ച് ബന്ധുക്കൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കോടതി നിർദേശത്തെ തുടർന്നാണ് സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. കേസിൽ പ്രതികളായ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എറണാകുളം സിജെഎം കോടതിയിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.