• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വാഴപ്പിണ്ടിയില്‍ തുഴയുന്ന തത്ത'യ്ക്ക് പേരിടൂ; സ്വര്‍ണനാണയം സമ്മാനം

'വാഴപ്പിണ്ടിയില്‍ തുഴയുന്ന തത്ത'യ്ക്ക് പേരിടൂ; സ്വര്‍ണനാണയം സമ്മാനം

വാട്സപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ എന്‍ട്രികള്‍ സമര്‍പ്പിക്കാം

  • Last Updated :
  • Share this:
    68-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്‍റെ ഭാഗ്യചിഹ്നത്തിന് പേരിടാൻ ക്ഷണിച്ച് ആലപ്പുഴ ജില്ലാ കളക്ടർ. വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയാണ് വള്ളംകളിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്. കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഭാഗ്യ ചിഹ്നത്തിന് പേരിടാൻ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് മുല്ലയ്ക്കല്‍ നൂര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് നല്‍കുന്ന സ്വര്‍ണ്ണനാണയമാണ് സമ്മാനം.

    വാട്സപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ എന്‍ട്രികള്‍ സമര്‍പ്പിക്കാം. വാട്സാപ്പില്‍ പേരുകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ ഭാഗ്യചിഹ്നത്തിന് നിര്‍ദ്ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര് വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഒറ്റ മെസേജ് ആയി 8943870931 എന്ന വാട്സാപ്പ് നമ്പരിലേക്ക് അയക്കണം.

    ഫേസ്ബുക്കില്‍ പേരുകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ District Information Office Alappuzha എന്ന ഫേസ്ബുക്ക് പേജിലേക്ക് ഇതേ ഫോര്‍മാറ്റില്‍ ഒറ്റ പേഴ്സണല്‍ മെസേജായി അയക്കണം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. ഫേസ്ബുക്ക്, വാട്സപ്പ് ഇവയില്‍ ഏതെങ്കിലും ഒന്നു മാത്രം ഉപയോഗിച്ചാല്‍ മതിയാകും.

    Also Read- ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ; പപ്പടത്തിനും ശർക്കരക്കും പകരം മിൽമ നെയ്യും കശുവണ്ടി പരിപ്പും

    ഓഗസ്റ്റ് 19ന് വൈകുന്നേരം അഞ്ചുവരെയാണ് പേര് നിര്‍ദ്ദേശിക്കാനുള്ള സമയം.

    കഴിഞ്ഞ ദിവസമാണ് അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തത്. കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ മന്ത്രി പി പ്രസാദ് ജില്ലാ കളക്ടര്‍ വിആര്‍ കൃഷ്ണ തേജയ്ക്ക് ഭാഗ്യചിഹ്നം നൽകി.

    തോട്ടുങ്കല്‍ പുരയിടം ബാബു ഹസനാണ് ജലച്ചായത്തില്‍ വരച്ച വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയെ വരച്ചത്. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തിലൂടെയാണ് ബാബു ഹസ്സന്റെ ചിത്രം തിരഞ്ഞെടുത്തത്. 160 എൻട്രികളാണ് ലഭിച്ചത്. ബാബു ഹസന്‍റെ രചന 2018ലും ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് സമ്മാനത്തുകയായി 5001 രൂപ ലഭിക്കും.

    ചിത്രകലാ ആധ്യപകരായ സതീഷ് വാഴുവേലില്‍, എം.കെ. മോഹന്‍കുമാര്‍, സിറിള്‍ ഡോമിനിക് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.

    പ്രകാശനച്ചടങ്ങില്‍ എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, തോമസ് കെ. തോമസ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, സബ് കളക്ടര്‍ സൂരജ് ഷാജി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, കമ്മിറ്റി അംഗങ്ങളായ നഗരസഭ കൗൺസിലർ സിമി ഷാഫി ഖാൻ, കെ. നാസർ, റോയ് പാലത്ര, എ. കബീർ, എബി തോമസ്, നസീർ പുന്നയ്ക്കൽ, ഗുരു ദയാൽ തുടങ്ങിയവര്‍ പങ്കെടുത്തു.
    Published by:Naseeba TC
    First published: