• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം; ഒന്നാം ക്ലാസിലേക്ക് 4 ലക്ഷത്തോളം കുട്ടികള്‍

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം; ഒന്നാം ക്ലാസിലേക്ക് 4 ലക്ഷത്തോളം കുട്ടികള്‍

സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 9.30ന് കഴക്കൂട്ടം ഗവ.എച്ച്.എസ്.എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

school-opening

school-opening

  • Share this:
    കോവിഡിനെ അതിജീവിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകുന്നു. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 9.30ന് കഴക്കൂട്ടം ഗവ.എച്ച്.എസ്.എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒന്നാം ക്ലാസിലേക്ക് 4 ലക്ഷത്തോളം കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്. 42.9 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇത്തവണം ഉള്ളത്. ഒന്നരലക്ഷത്തോളം അധ്യാപകരും മുപ്പതിനായിരത്തിലധികം അനധ്യാപകരുമാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നത്.

    കോവിഡ് മാനദണ്ഡങ്ങള്‍പാലിച്ചാവും ക്ലാസുകള്‍ ക്രമീകരിക്കുക. മാസ്ക്ക് നിര്‍ബന്ധമാണ്. കുട്ടികളുടെ വാക്സിനേഷന്‍ നടന്നുവരുന്നേയുള്ളൂ. സ്കൂള്‍വാഹനങ്ങളുടെ ക്രമീകരണം, സ്കൂളുകളിലെയും പരിസരങ്ങളിലെയും സുരക്ഷ എന്നിവക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്. പുതിയ സ്കൂള്‍ വര്‍ഷത്തില്‍ സ്കൂള്‍ കലോത്സവം, കായികമേള, പ്രവൃത്തിപരിചയമേള എന്നിവ നടത്തും. വിക്ടേഴ്സ് ചാനല്‍ വഴിയുളള ഓണ്‍ലൈന്‍ ക്ളാസുകളും തുടരും.  പിടിഎകള്‍ പണപിരിവ് നടത്തരുത്, സര്‍ക്കാര്‍ അംഗീകരിക്കാത്ത അമിത ഫീസ് സ്കൂളുകള്‍ ഈടാക്കരുത്  സ്വകാര്യ ബസുകള്‍ കുട്ടികളോട് വിവേചനം കാണിക്കരുത് എന്നീ നിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

    കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് വര്‍ഷത്തെയും കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിലായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുടെ വിരസതയില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും മുക്തിനേടികൊണ്ടാണ് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.

    'കുട്ടികളെ മാസ്ക്ക് ധരിപ്പിച്ച് മാത്രം സ്കൂളിലേക്ക് അയയ്ക്കുക'

    കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുകയാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച അധ്യയന വര്‍ഷം ആശംസിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

    കോവിഡിന്റെ വ്യാപനം കുറഞ്ഞെങ്കിലും സംസ്ഥാനം ഇപ്പോഴും പൂര്‍ണ തോതില്‍ കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കരുതല്‍ ആവശ്യമാണ്. കുട്ടികളെ മാസ്‌ക് ധരിപ്പിച്ച് മാത്രം സ്‌കൂളിലേയ്ക്കയ്ക്കുക. രോഗലക്ഷണങ്ങളുള്ളവര്‍ ആരും തന്നെ സ്‌കൂളില്‍ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ദിവസവും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാന്‍ ശേഷിക്കുന്ന 12 വയസിന് മുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണം. മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ ശ്രദ്ധിക്കണം.

    ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    · മാസ്‌ക് ധരിക്കാതെ ആരും തന്നെ സ്‌കൂളിലെത്തരുത്
    · നനഞ്ഞതോ കേടായതോ ആയ മാസ്‌ക് ധരിക്കരുത്
    · യാത്രകളിലും സ്‌കൂളിലും ആരും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.
    · കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.
    · പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരോ ഒരു കാരണവശാലും സ്‌കൂളില്‍ പോകരുത്.
    · അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണം
    · 12 വയസിന് മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും വാക്‌സിനെടുക്കേണ്ടതാണ്
    · മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം
    · സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക
    · സ്‌കൂള്‍ പരിസരത്ത് വെള്ളം കെട്ടില്‍ക്കാന്‍ അനുവദിക്കരുത്
    · കൊതുകിന്റെ ഉറവിടം നശിപ്പിക്കാന്‍ മുന്‍കൈയെടുക്കണം
    · വെള്ളിയാഴ്ചകളില്‍ ഡ്രൈ ഡേ ആചരിക്കണം
    · പാഴ് വസ്തുക്കളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്
    · തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ കൊടുത്തുവിടുക
    · ടോയ്‌ലറ്റില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
    · വീട്ടിലെത്തിയ ശേഷം കൈകള്‍ സോപ്പിട്ട് കഴുകണം
    · എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വീട്ടിലെ പ്രായമായവരോടും അസുഖബാധിതരോടും അടുത്തിടപഴകരുത്.
    · കുട്ടികള്‍ക്ക് പഠനത്തോടൊപ്പം മാനസിക പിന്തുണയും നല്‍കണം
    · മാതാപിതാക്കള്‍ കൂടുതല്‍ സമയം കുട്ടികളോടൊപ്പം സന്തോഷത്തോടെ കഴിയണം
    · എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണ്.
    Published by:Arun krishna
    First published: