• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിരമിച്ച IAS ഉദ്യോഗസ്ഥരുടെ പുനർനിയമനം തുടരുന്നു; വീണ്ടും ടി. ബാലകൃഷ്ണൻ

വിരമിച്ച IAS ഉദ്യോഗസ്ഥരുടെ പുനർനിയമനം തുടരുന്നു; വീണ്ടും ടി. ബാലകൃഷ്ണൻ

പുതിയ തസ്തിക സൃഷ്ടിച്ചാണ് നിയമനം

news18

news18

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത്, 2011ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം വിവിധ പദവികളിൽ തുടർന്നുവരികയായിരുന്ന മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണനായി പുതിയ തസ്തിക സൃഷ്ടിച്ച് സംസ്ഥാന സർക്കാർ. തലസ്ഥാന നഗര വികസന പദ്ധതി - രണ്ടിൽ സ്പെഷ്യൽ ഓഫീസർ തസ്തിക സൃഷ്ടിച്ചാണ് നിലവിൽ പദ്ധതിയുടെ എംപവേർഡ് കമ്മിറ്റി കൺവീനറായി പ്രവർത്തിച്ചുവരുന്ന ബാലകൃഷ്ണനെ നിയമിച്ചത്. എംപവേ‌ർഡ് കമ്മിറ്റി കൺവീനർസ്ഥാനം ഔദ്യോഗികപദവിയല്ല. ഈ സാഹചര്യത്തിലാണ് ധനവകുപ്പിന്റെ അനുമതിയോടെ ഇപ്പോഴത്തെ തീരുമാനം.

    വിഴിഞ്ഞം മുതൽ പാരിപ്പള്ളി വരെയുള്ള 80 കിലോമീറ്ററിൽ ടെക്നോസിറ്റിയും വിഴിഞ്ഞം തുറമുഖവും ഉൾപ്പെടുത്തി ഔട്ടർ റിംഗ് റോഡും സ്ഥാപിക്കലാണ് തലസ്ഥാന നഗരവികസന പദ്ധതി - രണ്ടിലെ പ്രധാന ഇനം. നഗരത്തിലെ റിംഗ് റോ‌ഡ് പദ്ധതിയും ഉൾപ്പെടുന്നുണ്ട്. ഔട്ടർ റിംഗ് റോഡ് പദ്ധതി കേന്ദ്രം തത്വത്തിൽ അംഗീകരിച്ചെങ്കിലും സംസ്ഥാനത്തെ എംപവേർഡ് കമ്മിറ്റി വിശദമായ പദ്ധതിറിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ ഇഴഞ്ഞുനീങ്ങുകയായിരുന്നു.

    വിരമിക്കുമ്പോൾ കൈപ്പറ്റിയിരുന്ന ശമ്പളത്തുകയിൽ കുറവ് വരുത്താതെയാണ് ഐഎഎസുകാരുടെ പുനർനിയമനം എന്നതിനാൽ ബാലകൃഷ്ണന് ചീഫ്സെക്രട്ടറി റാങ്കിലുള്ള രണ്ടര ലക്ഷത്തോളം രൂപ ലഭിക്കും. ഇതിൽ പെൻഷൻതുക കഴിച്ച് വരുന്ന തുകയാവും അദ്ദേഹത്തിന് ശമ്പളമായി സ്വീകരിക്കാനാവുക. പുറമേ കാർ, ടെലഫോൺ, വീട്ടുവാടക അലവൻസുകളുമുണ്ടാവും.

    സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചെലവ് പരിഗണിക്കാതെ വിരമിച്ച മിക്ക ഐഎഎസ് ഉദ്യോഗസ്ഥർക്കും സർക്കാർ എവിടെയെങ്കിലുമൊക്കെയായി പുനർനിയമനം നൽകിവരുന്നുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് വിരമിച്ച ബാലകൃഷ്ണനെ അന്നുതന്നെ വ്യവസായവകുപ്പിന് കീഴിലെ ഇൻകെലിന്റെ ചെയർമാനാക്കിയിരുന്നു. ഇടതുസർക്കാർ വന്ന ശേഷം അവിടെ നിന്ന് കേരള ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ സിഎംഡി ആക്കി. ഈ പദ്ധതി കിഫ്ബിയിൽ ലയിപ്പിച്ചപ്പോൾ കോർപറേഷൻ നിർത്തലാക്കി. ഇതിന് ശേഷം തലസ്ഥാന വികസനപദ്ധതിയുടെ എംപവേർഡ് കമ്മിറ്റി കൺവീനർ സ്ഥാനത്ത് തുടരുകയായിരുന്നു ടി ബാലകൃഷ്ണൻ.

    First published: