Indian Railways | ട്രെയിൻ യാത്രയിൽ പുതു ചരിത്രം; കേരളം പൂർണമായി വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള സംസ്ഥാനം
Indian Railways | ട്രെയിൻ യാത്രയിൽ പുതു ചരിത്രം; കേരളം പൂർണമായി വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള സംസ്ഥാനം
21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചിങ്ങവനം - ഏറ്റുമാനൂര്‍ രണ്ടാം പാത ഇന്ന് ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെയാണ് കേരളത്തിലെ ട്രെയിൻ യാത്ര സമയലാഭമുള്ളതായി മാറുന്നത്
തിരുവനന്തപുരം: ട്രെയിനുകൾ പിടിച്ചിടുമെന്ന യാത്രക്കാരുടെ ആശങ്കയെ ട്രാക്കിന് പുറത്താക്കി കേരളത്തിലെ ട്രെയിൻ യാത്രയ്ക്ക് പുതു ചരിത്രം. പൂർണമായി വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളവും എത്തുന്നു. 21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 16.7 കിലോമീറ്റര്‍ നീളം വരുന്ന ചിങ്ങവനം - ഏറ്റുമാനൂര്‍ രണ്ടാം പാത ഇന്ന് ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെയാണ് കേരളത്തിലെ ട്രെയിൻ യാത്ര സമയലാഭമുള്ളതായി മാറുന്നത്. പാലക്കാട് ജങ്ഷന്‍ - തിരുനല്‍വേലി പാലരുവി എക്സ്പ്രസ് ആയിരിക്കും പുതിയ പാതയിലൂടെ ആദ്യ സര്‍വീസ് നടത്തുന്നത്.
കായംകുളം - കോട്ടയം - എറണാകുളം പാത ഇരട്ടലൈനാക്കുന്നതിന് നിര്‍മാണാനുമതി ലഭിച്ച് 21 വര്‍ഷത്തിനു ശേഷമാണ് യാത്രാദുരിതങ്ങൾക്ക് അറുതി വരുത്തി ഇത് പൂര്‍ത്തിയാകുന്നത്. 2001 ലാണ് പാതയിലെ എറണാകുളം - മുളന്തുരുത്തി റീച്ചിന് നിര്‍മാണാനുമതി ലഭിച്ചത്. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പാറോലിക്കല്‍ ഗേറ്റിന് സമീപത്തായി പഴയ പാളവും പുതിയതും കൂട്ടിച്ചേര്‍ക്കുന്ന ജോലി ഇന്ന് വൈകിട്ടോടെ അവസാനിക്കും. ഇതോടെ ദക്ഷിണ റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ (സിഎഒ) അവസാനവട്ട സുരക്ഷാ പരിശോധന നടത്തും. അതിനു ശേഷം ട്രെയിന്‍ പുതിയ പാതയിലൂടെ കടന്നുപോകാൻ അനുമതി നല്‍കും. ഇപ്പോൾ 50 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടുന്നതിനാണ് അനുമതി.
തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്ര പുതിയതായി നിർമ്മിച്ച പാതയിലൂടെയാവും. കോട്ടയം റെയില്‍വേ സ്റ്റേഷന്‍ മുതല്‍ മുട്ടമ്പലം റെയില്‍വേ ഗേറ്റ് വരെ തുരങ്കങ്ങളിലൂടെയുള്ള ട്രാക്കുകള്‍ക്കു പകരമായും പുതിയ രണ്ട് ലൈനുകൾ നിർമ്മിച്ചിട്ടുണ്ട്. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഇന്നു കൂടി നിയന്ത്രണമുണ്ട്. പകല്‍ 10 മണിക്കൂര്‍ ഇതുവഴി ട്രെയിൻ സര്‍വീസ് ഉണ്ടാകില്ല.
കഴിഞ്ഞ പതിനെട്ട് ദിവസമായി നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നത്. ഏറ്റുമാനൂര്‍-ചിങ്ങവനം (16.70 കിലോമീറ്റര്‍) റൂട്ടിലും പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ, മംഗലാപുരം മുതല്‍ തിരുവനന്തപുരം(കോട്ടയം വഴി) വരെയുള്ള 632 കി. മീറ്റര്‍ പൂര്‍ണമായും ഇരട്ടപ്പാതയായി മാറി. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാത വരുന്നത് പ്രതീക്ഷയോടെയാണ് യാത്രക്കാർ നോക്കിക്കാണുന്നത്. കൂടുതൽ ട്രെയിനുകൾ കേരളത്തിന് അനുവദിച്ചേക്കുമെന്നും പ്രതീക്ഷയുണ്ട്. കൂടാതെ കോട്ടയത്ത് നിന്ന് പുറപ്പെടുന്ന കൂടുതൽ ട്രെയിനുകൾ ലഭിച്ചേക്കാം.
കോട്ടയം വഴിയുള്ള റെയിൽവേ പാത ഒറ്റവരി മാത്രമായതിനാല്‍ 20 മുതല്‍ 30 മിനിറ്റ് വരെ ചില ട്രെയിനുകള്‍ ക്രോസിങ്ങിന് വേണ്ടി പിടിച്ചിടുന്ന അവസ്ഥയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ദീർഘദൂര ട്രെയിനുകൾ കടത്തിവിടുന്നതിനായി പാസഞ്ചർ ട്രെയിനുകൾ ഏറെ നേരം പിടിച്ചിടുന്നത് പതിവായിരുന്നു. ജോലി സ്ഥലത്തേക്കും വൈകിട്ട് തിരികെ വീട്ടിലേക്കുമുള്ള യാത്ര സ്ഥിരയാത്രക്കാരെ ഇത് കുറച്ചൊന്നുമല്ല വലച്ചിരുന്നത്. പൂർണമായും ഇരട്ടപ്പാതയാകുന്നതോടെ യാത്രാദുരിതങ്ങൾക്ക് അവസാനമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.