• HOME
 • »
 • NEWS
 • »
 • kerala
 • »
 • NEW KERALA WITH MODI NDA RELEASED ITS ELECTION CAMPAIGN HASHTAG

Assembly Election 2021 | 'പുതിയ കേരളം മോദിക്കൊപ്പം'; എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത സമാപന സമ്മേളനം കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമായി.

News18

News18

 • Share this:

  തിരുവന്തപുരം: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പുറത്തിറക്കി. 'പുതിയ കേരളം മോദിക്കൊപ്പം' എന്നതാണ് പ്രചാരണവാചകം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിജയ യാത്രയുടെ സമാപന വേദിയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കിയത്. പുതിയകേരളത്തിനായി അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്രവികസനം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കെ.സുരേന്ദ്രന്‍ വിജയയാത്ര നയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത സമാപന സമ്മേളനം കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമായി.

  ഫെബ്രുവരി 21ന് കാസര്‍കോട്ടു നിന്നാണ് വിജയയാത്ര ആരംഭിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത യാത്ര 1960 കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരത്ത് നടന്ന സമാപന സമ്മേളനം ആഭ്യന്ത്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.

  Also Read പൊന്നാട അണിയിക്കാൻ എത്തിയ ഇ ശ്രീധരന് തിരിച്ച് പൊന്നാടയണിയിച്ച് അമിത് ഷാ

  കേരളത്തിൽ നടന്ന പല അഴിമതികളുടെയും തെളിവു തന്റെ കയ്യിലുണ്ടെന്നും അതെല്ലാം ഉന്നയിച്ചു മുഖ്യമന്ത്രിയെ ഇപ്പോൾ ആശയക്കുഴപ്പത്തിലാക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനിയായിരുന്നില്ലേ. പ്രതിയായ വനിതയ്ക്കു മാസം 3 ലക്ഷം രൂപ ശമ്പളം കൊടുത്തില്ലേ. ആ സ്ത്രീക്കു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വ്യാജ ബിരുദത്തിന്റെ അടിസ്ഥാനത്തിൽ ഉന്നതപദവി നൽകിയില്ലേ. നിങ്ങളും പ്രിൻസിപ്പൽ സെക്രട്ടറിയും സർക്കാർ ചെലവിൽ ഈ സ്ത്രീയെ വിദേശത്തു കൊണ്ടുപോയില്ലേ. അവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിത്യസന്ദർശകയല്ലേ. വിമാനത്താവളത്തിലെ കള്ളക്കടത്തു പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് കസ്റ്റംസിനു മേൽ സമ്മർദം ചെലുത്തിയില്ലേയെന്നും അമിത് ഷാ ചോദിച്ചു.

  Also Read മുന്നണികളിൽ പോസ്റ്റർ യുദ്ധം; കെട്ടിയിറക്ക് സ്ഥാനാർഥികൾ വേണ്ടെന്ന നിലപാടിൽ അണികൾ
   സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടുണ്ടായ സംശയാസ്പദമായ ഒരു മരണത്തെക്കുറിച്ച് നിങ്ങൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. ഈ ചോദ്യങ്ങൾക്കെല്ലാം പിണറായി വിജയൻ ഉത്തരം പറയണം. പ്രളയത്തിൽ കേരളത്തിൽ 500 പേർ മരിച്ചതു രാജ്യത്തെ ഞെട്ടിച്ചു. എന്നാൽ ദുരിതാശ്വാസ–പുനർനിർമാണത്തിനല്ല, സ്വർണത്തട്ടിപ്പുകാരെ സംരക്ഷിക്കാനായിരുന്നു സർക്കാരിനു തിടുക്കം.

  എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ആശങ്ക ഈ നാടിനെക്കുറിച്ചല്ല, അവരുടെ വോട്ടുബാങ്കിനെക്കുറിച്ചാണ്. ഇവിടെ സിപിഎമ്മും കോൺഗ്രസും വർഗീയ പാർട്ടികളായ എസ്ഡിപിഐയുമായി സഖ്യത്തിലാണ്. കോൺഗ്രസ് മുസ്‌ലിം ലീഗുമായി സഖ്യത്തിലാണ്. ഇവിടെ കോൺഗ്രസ് സിപിഎമ്മിനെതിരാണ്. എന്നാൽ ബംഗാളിൽ ചെന്നാൽ സഖ്യത്തിലാണ്. ബംഗാളിൽ ഷെരീഫിന്റെ പാർട്ടിയുമായി കോൺഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. മഹാരാഷ്ട്രയിൽ ചെന്നാൽ ഇവർ ശിവസേനക്കാരുമായി സഖ്യത്തിലാണ്. കോൺഗ്രസിന്റെ രാഷ്ട്രീയ നയം എന്താണെന്നു ജനങ്ങളോടു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

  തനിക്ക് 56 വയസ്സായി. രാഷ്ട്രീയം മതിയാക്കാമെന്നു പലപ്പോഴും തോന്നും. എന്നാൽ ഈ പ്രായത്തിലും മെട്രോമാൻ ഇ.ശ്രീധരന്റെ ഉത്സാഹവും നാടിനു വേണ്ടി പ്രവർത്തിക്കാനുള്ള ആവേശവും കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും അദ്ദേഹത്തെ വേദിയിലിരുത്തി അമിത് ഷാ പറഞ്ഞു.

  സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, വി.മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായൺ, പ്രഭാരി സിപി.രാധാകൃഷ്ണൻ, സഹപ്രഭാരി സുനിൽകുമാർ, ഒ.രാജഗോപാൽ, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, ശോഭ സുരേന്ദ്രൻ, പി.സി.തോമസ്, തുഷാർ വെള്ളാപ്പള്ളി, ടി.പി. സിന്ധുമോൾ തുടങ്ങിയവരും പ്രസംഗിച്ചു.

  NDA, BJP, Kerala Assembly Election 2021, Amit Sha, K Surendran
  Published by:Aneesh Anirudhan
  First published:
  )}