തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിച്ചായിരുന്നു ചടങ്ങ് നടന്നത്. ആദ്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മന്ത്രിമാരിൽ ആദ്യ ഊഴം സിപിഐയിലെ കെ രാജനായിരുന്നു. പിന്നാലെ കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ, ജനതാദൾ എസിലെ കെ കൃഷ്ണൻകുട്ടി, എൻസിപിയിലെ എകെ ശശീന്ദ്രൻ, ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും പ്രതിപക്ഷം ടിവിയിലൂടെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിച്ചു.
അള്ളാഹുവിന്റെ നാമത്തിലാണ് അഹമ്മദ് ദേവർ കോവിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവും ഇടതു സ്വതന്ത്രനായി മത്സരിച്ച വി അബ്ദുറഹിമാനും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സിപിഐയുടെ ജി ആർ അനിലും സിപിഎമ്മിലെ കെ എൻ ബാലഗോപാലും ഡോ ആർ ബിന്ദുവും സിപിഐയിലെ ജെ ചിഞ്ചുറാണിയും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് എം എൻ ഗോവിന്ദൻ, മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണ ജോർജ് എന്നിവരും ഗവർണർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിയും ഗവർണറുടെ ചായസൽക്കാരത്തിൽ പങ്കെടുത്തു. 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്നു. മന്ത്രിമാർക്ക് സെക്രട്ടേറിയറ്റിൽ പുതിയ ഓഫീസ് അനുവദിച്ചു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകൾമുഖ്യമന്ത്രി പിണറായി വിജയൻ- നോർത്ത് ബ്ലോക്ക്, മൂന്നാം നില
കെ.രാജൻ- നോർത്ത് ബ്ലോക്ക്, രണ്ടാം നില
കെ.കൃഷ്ണൻകുട്ടി- നോർത്ത് സാൻവിച്ച് ബ്ലോക്ക്, രണ്ടാം നില
എ.കെ.ശശീന്ദ്രൻ- മെയിൻ ബ്ലോക്ക്, ആദ്യനില
ആൻറണി രാജു- സൗത്ത് ബ്ലോക്ക്, മൂന്നാം നില
കെ.രാധാകൃഷ്ണൻ- നോർത്ത് ബ്ലോക്ക്, ആദ്യനില
മുഹമ്മദ് റിയാസ്- അനക്സ് 2, ആറാം നില
റോഷി അഗസ്റ്റിൻ- നോർത്ത് ബ്ലോക്ക്, ആദ്യനില
വീണാ ജോർജ്- അനക്സ് 2, ഏഴാംനില
വി.അബ്ദുറഹ്മാൻ- സൗത്ത് സാൻവിച്ച് ബ്ലോക്ക്, മൂന്നാം നില
വി.എൻ.വാസവൻ- മെയിൻ ബ്ലോക്ക്, ആദ്യനില
പി.പ്രസാദ്- അനക്സ് 2, ആദ്യനില
കെ.എൻ.ബാലഗോപാൽ- നോർത്ത് ബ്ലോക്ക്, രണ്ടാം നില
ജി.ആർ.അനിൽ- സൗത്ത് ബ്ലോക്ക്, രണ്ടാം നില
വി.ശിവന്‍കുട്ടി- അനക്സ് 2, രണ്ടാം നില
എം.വി.ഗോവിന്ദൻ -അനക്സ് 1, അഞ്ചാം നില
പി.രാജീവ് - നോർത്ത് സാൻവിച്ച് ബ്ലോക്ക്, മൂന്നാം നില
ആർ.ബിന്ദു- അനക്സ്2, മൂന്നാം നില
ജെ.ചിഞ്ചുറാണി - അനക്സ് 2, അഞ്ചാം നില
സജി ചെറിയാൻ- അനക്സ് 1, നാലാം നില
അഹമ്മദ് ദേവർകോവിൽ- അനക്സ്1, ആറാം നില
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.