• HOME
 • »
 • NEWS
 • »
 • kerala
 • »
 • Non Resident Indians | പ്രവാസികൾക്കായി പാര്‍ട്ടി; കേരളാ പ്രവാസി അസോസിയേഷന് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകാരം

Non Resident Indians | പ്രവാസികൾക്കായി പാര്‍ട്ടി; കേരളാ പ്രവാസി അസോസിയേഷന് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകാരം

പ്രവാസികൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ നിന്നും, സ്വയംപര്യാപ്ത നവകേരളം പ്രവാസികളിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കേരളാ പ്രവാസി അസോസിയേഷന്റെ രാഷ്ട്രീയ രംഗപ്രവേശം

 • Share this:
  തിരുവനന്തപുരം: പ്രവാസികളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കേരളാ പ്രവാസി അസോസിയേഷന് (കെ പി എ) കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകാരം നൽകി. രാജ്യത്തെ മുന്നണികളുടെ ജനാധിപത്യവിരുദ്ധ - അവസരവാദ രാഷ്ട്രീയത്തിന് ബദലായാണ് പുത്തൻ ആശയങ്ങളുമായി രാഷ്ട്രീയ പാർട്ടിയ്ക്ക് രൂപം നൽകിയതെന്ന് കെ.പി.എ ഭാരവാഹികൾ പറഞ്ഞു. പ്രവാസികൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ നിന്നും, സ്വയംപര്യാപ്ത നവകേരളം പ്രവാസികളിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കേരളാ പ്രവാസി അസോസിയേഷന്റെ രാഷ്ട്രീയ രംഗപ്രവേശം.

  കേരളത്തിലെ പൊതുജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രവാസി ക്ഷേമം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കാര്‍ഷികം, ക്ഷീരവികസനം, തൊഴിലില്ലായ്മ നിർമ്മാർജനം, അടിസ്ഥാന സൗകര്യ വികസനം (കുടിവെള്ളം, പാർപ്പിടം, ആരോഗ്യ പരിരക്ഷ തുടങ്ങിയവ), പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ 36 മേഖലകളിൽ പ്രവാസികളുടെ കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷൻ ലക്‌ഷ്യം വക്കുന്നത്.

  പരമ്പരാഗത സമരരീതികളായ ബന്ദ് , ഹർത്താൽ തുടങ്ങി പൊതുമുതൽ നശിപ്പിക്കലും, പൊതു ജീവിതം സ്തംഭനാവസ്ഥയിൽ എത്തിക്കുന്നതുമായ യാതൊരുവിധ പ്രവർത്തികളിലും ഈ സംഘടന ഏർപെടുന്നതല്ല.

  36 അംഗ നാഷണൽ കൗണ്സിലിന്റെ കീഴിൽ പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ, ജില്ലാ, സംസ്ഥാന കമ്മറ്റികൾ രൂപീകരിച്ചു കൊണ്ടാണ് കേരള പ്രവാസി അസോസിയേഷന്റെ പ്രവർത്തനം.

  കേരളാ പ്രവാസി അസോസിയേഷന്റെ വെബ്സൈറ്റ് (www.keralapravasiassociation.com) വഴി ജൂൺ ഒന്ന് മുതൽ ഓര്‍ഡിനറി അംഗത്വവും ആക്ടീവ് മെമ്പര്‍ഷിപ്പും നേടി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനുള്ള അവസരമാണ് രാജ്യത്തെ ജനങ്ങൾക്കും പ്രവാസികൾക്കും മുന്നിലുള്ളത്.

  പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഭരണകൂടങ്ങള്‍ക്ക് മുന്നില്‍ സമ്മര്‍ദ്ദ ശക്തിയായി ഇനി കേരളാ പ്രവാസി അസോസിയേഷൻ സജീവ രാഷ്ട്രീയത്തിലുണ്ടാവും. പ്രവാസലോകത്തു നിന്നും ആര്‍ജ്ജിച്ചെടുക്കുന്ന അറിവും കഴിവും, ഉയര്‍ന്ന തൊഴില്‍ സംസ്‌കാരവും, മികച്ച സാങ്കേതിക പരിജ്ഞാനവും , നൂതന തൊഴില്‍ പരിശീലനവും, ലക്ഷ്യബോധവും തൊഴിലിനോടുള്ള ആത്മ സമര്‍പ്പണവും നാടിന്റെ പുരോഗതിക്ക് മുതൽകൂട്ടാക്കുവാനും KPA സന്നദ്ധമാണ്. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്താൻ KPA പ്രതിജ്ഞാബദ്ധമാണ്.

  ഇതിന്റെ ആദ്യപടിയായി ഇന്ത്യൻ പൗരത്വമുണ്ടായിട്ടും പ്രവാസ ജീവിതം നയിക്കുന്നു എന്ന കാരണത്താൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ആവാതെ, പ്രവാസികൾക്ക് സ്വന്തം നാട്ടിലെ ജനാധിപധ്യ പ്രക്രിയയിൽ പങ്കാളികളാവാതെ മാറി നിൽക്കാൻ ഇനിയുമാവില്ല എന്ന് കേരളാ പ്രവാസി അസോസിയേഷൻ അറിയിച്ചു. പ്രവാസികൾക്ക് വോട്ടവകാശം നേടിയെടുക്കുക എന്ന ഉദ്ദേശത്തോടെ കേരളാ പ്രവാസി അസോസിയേഷൻ ബഹു: സുപ്രീം കോടതിയെ സമീപിച്ചു കഴിഞ്ഞു.

  അതോടൊപ്പം സംസ്ഥാന സർക്കാരിന്റെ പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനുള്ള പ്രായപരിധി ഉയർത്തണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി ഓഗസ്ററ് 2020 നു നിർദേശിച്ചിട്ടും ഈകാര്യത്തിൽ അനുകൂല സമീപനം കൈകൊള്ളാത്ത സർക്കാരിന്റെ അനാസ്ഥക്കും അവഗണനക്കുമെതിരെ കേരളാ പ്രവാസി അസോസിയേഷൻ ഹൈക്കോടതിയെ വീണ്ടും സമീപിക്കാൻ തീരുമാനിച്ചു.

  Also Read- തൃക്കാക്കര പിടിക്കാൻ അരയും തലയും മുറുക്കി CPM; ലോക്കൽ കമ്മിറ്റികളിൽ നേരിട്ട് പങ്കെടുത്ത് മുഖ്യമന്ത്രി; 60 എംഎൽഎമാർക്ക് ചുമതല

  പ്രവാസലോകത്തെയും ജന്മ നാട്ടിലെയും തൊഴിലില്ലായ്മ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യമിട്ട് പ്രവാസിജോബ്സ്.കോം എന്ന റിക്രൂട്ടിംഗ് കമ്പനി പ്രവർത്തനം തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോബ് ഫെസ്റ്റ് ഉൾപ്പടെ സംഘടിപ്പിക്കാനും കേരള പ്രവാസി അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
  സ്റ്റാർട്ടപ്പുകളെ തുടക്കം മുതൽ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന കേരളസ്റ്റാർട്പ്പ് തുടങ്ങിയ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേരളശ്രീ പദ്ധതിക്ക് രൂപം നൽകും. സ്ത്രീകളെ സ്വയം പര്യാപ്തമാക്കാൻ ആവശ്യമായ പദ്ധതികളാണ് ഇത് വഴി നടപ്പിലാക്കുക.

  ദേശീയ കൗൺസിൽ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്, ദേശീയ കൗൺസിൽ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത്, ദേശീയ കൗൺസിൽ ജനറൽ സെക്രട്ടറി ജെറി രാജു, ദേശീയ കൗൺസിൽ വൈസ് പ്രസിഡന്റ് ഹഫ്സത്ത് അബൂബക്കർ, ദേശീയ കൗൺസിൽ പ്രൊജക്റ്റ് കോ- ഓർഡിനേറ്റർമാരായ അരുൺ പ്രകാശൻ, പ്രഭു ദിവാകരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
  Published by:Anuraj GR
  First published: